പൊതുവിദ്യാഭ്യാസ രംഗത്തെ കേരളത്തിന്റെ നേട്ടങ്ങളെ അഭിനന്ദിച്ച് പ്രമുഖരും വിദ്യാര്‍ത്ഥികളും

post

മുഴുവന്‍ സ്‌കൂളുകളിലെയും എല്ലാ ക്ളാസ് മുറികളും സ്മാര്‍ട്ട് ആക്കുമെന്ന് ഫേസ്ബുക്ക് ലൈവില്‍ മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ വിദ്യാഭ്യാസ രംഗത്ത് കേരളം സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമെന്ന നേട്ടം കൈവരിച്ചതിനെ അഭിനന്ദിച്ചും നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചും സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിലുള്ളവര്‍ രംഗത്ത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാവി സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഫേസ്ബുക്ക് ലൈവിലാണ് സാഹിത്യം, സിനിമ, അധ്യാപനം, മാധ്യമപ്രവര്‍ത്തനം, കായികം, സംഗീതം തുടങ്ങി വിവിധ മേഖലകളിലെ വിദഗ്ധരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അഭിപ്രായം അറിയിച്ചത്.

സാഹിത്യകാരന്‍ ടി. പത്മനാഭന്‍, മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേസായി, ഐക്യരാഷ്ട്രസഭാ ഉദ്യോഗസ്ഥന്‍ മുരളി തുമ്മാരുകുടി, ഐ. ടി വിദഗ്ധനും ഇന്ത്യയുടെ ഔദ്യോഗിക വീഡിയോ കോണ്‍ഫറന്‍സ് ആപ്പ് തയ്യാറാക്കിയ ടെക്ജെന്‍ഷ്യ എന്ന കമ്പനിയുടെ സി. ഇ. ഒയുമായ ജോയ് സെബാസ്റ്റിയന്‍, സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍, ചലച്ചിത്ര താരങ്ങളായ സുധീര്‍ കരമന, മാല പാര്‍വതി, അധ്യാപിക സായി ശ്വേത, ഫുട്ബാള്‍ താരം സി. കെ. വിനീത്, വിദ്യാര്‍ത്ഥികളായ ആര്യ, ശങ്കരന്‍ എന്ന നിഥിന്‍, നിഹാല്‍, രക്ഷകര്‍ത്താവ് അശ്വതി തുടങ്ങിയവരാണ് ഫേസ്ബുക്ക് ലൈവില്‍ എത്തിയത്.

''എനിക്ക് മുഖ്യമന്ത്രി അപ്പൂപ്പനോട് ഒരു കാര്യം ചോദിക്കാനുണ്ട്. തിരുവനന്തപുരം വഴുതയ്ക്കാട് ശിശുവിഹാറില്‍ നാല് ബി യിലാണ് ഞാന്‍ പഠിക്കുന്നത്. ചേട്ടന്‍മാരുടെ ക്ലാസുകള്‍ ഹൈടെക് ആക്കിയതുപോലെ ഞങ്ങളുടെ ക്ളാസ്‌കള്‍ കൂടി ഹൈടെക്ക് ആക്കിത്തരുമോ മുഖ്യമന്ത്രി അപ്പൂപ്പാ?'' യൂട്യൂബിലും ഫേസ്ബുക്കിലുമൊക്കെ വീഡിയോ ചെയ്ത് മലയാളികള്‍ക്ക് സുപരിചിതനായ നിഥിന്‍ എന്ന ശങ്കരന് അറിയേണ്ടത് അതായിരുന്നു. ശങ്കരന്‍ നല്ല മിടുക്കനാണെന്ന് പറഞ്ഞു കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കേരളത്തിലെ മുഴുവന്‍ സ്‌കൂളുകളിലെയും എല്ലാ ക്ലാസ് മുറികളും സ്മാര്‍ട്ട് ക്ളാസ് റൂമുകള്‍ ആക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതേ രീതിയില്‍ മിടുക്കനായി വളര്‍ന്നു വരണമെന്ന ഉപദേശവും ശങ്കരന് നല്‍കി. കേരളത്തിലെ സ്‌കൂളുകളില്‍ ഇ റീഡര്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചായിരുന്നു മറ്റൊരു വിദ്യാര്‍ത്ഥിയായ കോഴിക്കോട്ടെ നിഹാലിന് അറിയേണ്ടിയിരുന്നത്. എത്ര ഉയര്‍ന്ന ചിന്തയാണ് കുട്ടികള്‍ക്കുള്ളതെന്ന് ഈ ചോദ്യം വ്യക്തമാക്കുന്നതായി മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഇ റീഡര്‍ സംവിധാനം ക്രമേണ വരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വിദ്യാഭ്യാസ വിഷയങ്ങളില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം എന്നും മുന്‍പന്തിയിലാണെന്ന് ടി. പത്മനാഭന്‍ പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലേക്ക് സ്‌കൂളുകളെ ഉയര്‍ത്തുന്നതിനെക്കുറിച്ചായിരുന്നു അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്. സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് പൊതിവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നഗരമേഖലയിലെ സ്‌കൂളുകളുടെ നിരവാരത്തിലേക്ക് ഗ്രാമീണ മേഖലയിലെ സ്‌കൂളുകളും ഉയര്‍ത്തുന്നതിനെക്കുറിച്ചാണ് മാധ്യമപ്രവര്‍ത്തകനായ രാജ്ദീപ് സര്‍ദേശായി ചോദിച്ചത്. ഏതു നഗരത്തിലെ സ്‌കൂളുകളോടും കിടപിടിക്കുന്നതാണ് കേരളത്തിലെ ഏതു ഗ്രാമത്തിലുമുള്ള സ്‌കൂളുകളെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. കോവിഡിന് ശേഷം രാജ്ദീപ് സര്‍ദേസായി കേരളത്തിലേക്ക് വരണമെന്നും ഗ്രാമങ്ങളിലെ സ്‌കൂളുകളുടെ മികവ് നേരിട്ട് കാണണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

പ്രവാസി വിദ്യാര്‍ത്ഥികള്‍ക്കും കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും സംവദിക്കാനുള്ള അവസരം സൃഷ്ടിക്കുക എന്ന മുരളി തുമ്മാരുകുടിയുടെ നിര്‍ദ്ദേശം സ്വാഗതാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ വകുപ്പുമായി ചര്‍ച്ച ചെയ്ത് ഇതിനുള്ള നടപടി സ്വീകരിക്കാം. വിവിധ മേഖലകളിലെ വിദഗ്ധരായ പ്രവാസികളുണ്ട്. അവരും കുട്ടികളുമായി സംവദിക്കുന്ന സാഹചര്യം നല്ലതായിരിക്കും. നേരിട്ടല്ലാതെ നിലവിലെ ഹൈടെക് സംവിധാനങ്ങള്‍ ഇതിനായി ഉപയോഗിക്കാനാവുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്ക് ഐ. ടി വിദ്യാഭ്യാസം നല്‍കുന്നതിന് നിലവിലെ അധ്യാപകരെ സജ്ജമാക്കി മുന്നോട്ടു പോവുകയാണെന്നും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതിനനുസരിച്ച് സ്‌കൂള്‍ തലത്തിലും അത് സംഭവിക്കുമെന്നും ജോയ് സെബാസ്റ്റിയന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. സംഗീത പഠനം ഉള്‍പ്പെടെ പരിപോഷിപ്പിക്കപ്പെടണം. ഇതിനായി ഹൈടെക് സംവിധാനങ്ങളും വിനിയോഗിക്കണമെന്ന് എം. ജയചന്ദ്രന്റെ ചോദ്യത്തോട് പ്രതികരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

കോട്ടയത്തെ കെ. ആര്‍. നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്റ് ആര്‍ട്സിനെ രാജ്യത്തെ ശ്രദ്ധിക്കപ്പെടുന്ന സ്ഥാപനമാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നതായി സുധീര്‍ കരമനയെ മുഖ്യമന്ത്രി അറിയിച്ചു. പൊതുവിദ്യാഭ്യാസ രംഗത്ത് അധ്യാപകര്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ട്. പുതിയ കാലത്തിനനുസരിച്ച് കുട്ടികളെ പഠിപ്പിക്കാനാവണം. അധ്യാപകര്‍ പൂര്‍ണ തോതില്‍ അത് സ്വാംശീകരിച്ചിട്ടുണ്ടെന്ന് സായി ശ്വേത ടീച്ചറോട് മുഖ്യമന്ത്രി പറഞ്ഞു. കുട്ടികള്‍ക്ക് പരാതി പറയാനുള്ള സംവിധാനം എന്ന നിലയില്‍ കൂടിയാണ് മെന്റര്‍ ടീച്ചര്‍ എന്ന ആശയം നടപ്പാക്കിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി മാല പാര്‍വതിയെ അറിയിച്ചു. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചും പൊതുവായും സ്റ്റേഡിയങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചുവരികയാണെന്ന് സി. കെ. വിനീതിനോട് മുഖ്യമന്ത്രി പറഞ്ഞു. കായികാധ്യാപകരുടെ നിയമനം ഗൗരവമായി സര്‍ക്കാര്‍ പരിഗണിക്കുമെന്നും പറഞ്ഞു.

ആദിവാസി മേഖലയിലെ കുട്ടികളെ സ്‌കൂളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗോത്രഭാഷയില്‍ ചെറിയ ക്ളാസുകളില്‍ പഠനം നടത്താന്‍ ആദിവാസി മേഖലയില്‍ നിന്നുള്ള യുവതീയുവാക്കളെ നിയമിച്ചത്. അതോടൊപ്പം സാമൂഹ്യ പഠനമുറികളും ഒരുക്കിയതായി വിതുരയില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയായ ആര്യയോടും വയനാട്ടില്‍ നി