ഇടുക്കി ജില്ലയില്‍ 240 സ്‌കൂളുകള്‍ ഹൈടെക്

post

 ഇടുക്കി : പൊതുവിദ്യാഭ്യാസ രംഗത്ത് സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം മാറിയതിനൊപ്പം ഇടുക്കി ജില്ലയിലെ 240 സ്‌കൂളുകളും ഹൈടെക്കായി.

കേരളം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന ജനകീയ പങ്കാളിത്തത്തോടെയുള്ള വികസന പദ്ധതിയുടെ ഏറ്റവും മികച്ച മാതൃകയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊതുവിദ്യാഭ്യാസ രംഗത്ത് സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായതിന്റെ പ്രഖ്യാപനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

 കിഫ്ബിയില്‍ നിന്ന് 793.5 കോടി രൂപയാണ് ഇതിനായി വകയിരുത്തിയതെങ്കിലും 595 കോടി രൂപയ്ക്ക് പണി പൂര്‍ത്തിയാക്കാനായതായി മുഖ്യമന്ത്രി പറഞ്ഞു. കുറഞ്ഞ ചെലവില്‍ കുറഞ്ഞ സമയത്തില്‍ പദ്ധതി പൂര്‍ത്തീകരിക്കാനായി. ക്ലാസ് മുറികളുടെ തറയും സീലിങും നിര്‍മാണവും വൈദ്യുതീകരണവുമെല്ലാം വലിയ തോതിലുള്ള പ്രാദേശിക ഇടപെടലോടെയാണ് പൂര്‍ത്തിയാക്കിയത്. 135.5 കോടി രൂപയാണ് നാടിന്റെ വകയായി പദ്ധതിയില്‍ ചെലവഴിച്ചത്. ജനപ്രതിനിധികള്‍, തദ്ദേശസ്ഥാപനങ്ങള്‍, അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍, പൂര്‍വവിദ്യാര്‍ത്ഥികള്‍ തുടങ്ങി വിദ്യാഭ്യാസ തത്പരരായ മുഴുവന്‍ ജനങ്ങളും സഹകരിച്ചു. ഈ പദ്ധതിയുടെ ഭാഗമാവുകയും സഹകരിക്കുകയും ചെയ്ത എല്ലാവരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

 പൊതുസംവിധാനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുന്ന കാഴ്ചയാണ് ലോകമാകെയുള്ളത്. അത്തരം ഘട്ടത്തിലാണ് കേരള സര്‍ക്കാര്‍ ഇടപെട്ട് പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റം സാധ്യമാക്കിയിരിക്കുന്നത്. ഇത് ലോകത്തിന്റെ ഭാവിയെ കരുതിയുള്ള ചുവടുവയ്പ്പാണ്. ഇതിലൂടെ കേരളത്തിലെ പൊതുവിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ന്നിരിക്കുന്നു. സ്‌കൂളുകളുടെ ഭൗതിക സാഹചര്യത്തില്‍ മാത്രമല്ല, അക്കാഡമിക് തലത്തിലും വലിയ മാറ്റങ്ങള്‍ വന്നു കഴിഞ്ഞു. ലോകത്തെ ഏറ്റവും മികച്ച വിദ്യാലയങ്ങളോടു കിടപിടിക്കും വിധം നമ്മുടെ ഗ്രാമങ്ങളിലെ വിദ്യാലയങ്ങള്‍ മാറിക്കഴിഞ്ഞു. നാട്ടിലെ മഹാഭൂരിപക്ഷം വരുന്ന പാവപ്പെട്ടവര്‍ക്കാണ് ഇതിന്റെ ഗുണം. ഇത് നാടിന്റെ നേട്ടമാണെന്നും ഭാവിതലമുറയ്ക്ക് ഏറ്റവും ഗുണം ഉണ്ടാക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

രണ്ടു ലക്ഷം ലാപ്ടോപ്പുകളാണ് പദ്ധതിയുടെ ഭാഗമായി കൈറ്റ് വിതരണം ചെയ്തത്. ഇതില്‍ പൂര്‍ണമായി സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപയോഗിച്ചതിലൂടെ 3000 കോടി രൂപയുടെ ലാഭമാണുണ്ടായത്. ഇത് അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെട്ട കാര്യമാണ്. പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം ഇപ്പോള്‍ കൈവരിച്ചിരിക്കുന്ന മികവ് നില്‍നിര്‍ത്താനാവണം. ഇതിന് മുന്‍കൈ എടുക്കേണ്ടത് അധ്യാപക സമൂഹമാണ്. നൂതന സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി മികച്ച വിദ്യാഭ്യാസം നല്‍കാന്‍ അധ്യാപകര്‍ക്ക് കഴിയണം. ഇതിന് പരമ്പരാഗത ബോധന രീതിയില്‍ മാറ്റം വേണ്ടിവരും. വിദ്യാര്‍ത്ഥികള്‍ക്ക് നവസാങ്കേതികാധിഷ്ഠിത ബോധനം നല്‍കാനാവണം.

നിലവില്‍ മികച്ച രീതിയില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുന്നു. എന്നാല്‍ ക്ലാസ് മുറികളിലെ പഠനത്തിന് ബദലല്ല ഓണ്‍ലൈന്‍ പഠനം. സാഹചര്യം അനുകൂലമാകുന്ന വേളയില്‍ ക്ലാസ് മുറി പഠനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങള്‍ക്ക് സര്‍ക്കാര്‍ സ്‌കൂളുകളോടുള്ള കാഴ്ചപ്പാട് മാറിയിട്ടുണ്ട്. നേരത്തെ സര്‍ക്കാര്‍ സ്‌കൂളുകള്‍ ശോഷിക്കുന്ന സ്ഥിതിയായിരുന്നു. വലിയ ആശങ്ക നിലനില്‍ക്കുന്ന അവസരത്തിലാണ് സര്‍ക്കാര്‍ ഇടപെട്ടത്. ഇതിനെത്തുടര്‍ന്നാണ് അഞ്ചു ലക്ഷം കുട്ടികള്‍ പുതിയതായി പൊതുവിദ്യാലയങ്ങളിലെത്തിയതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

 പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, എ.കെ. ബാലന്‍, കെ. കൃഷ്ണന്‍കുട്ടി, ഡോ. ടി.എം. തോമസ് ഐസക്ക്, ടി.പി. രാമകൃഷ്ണന്‍, എ.കെ. ശശീന്ദ്രന്‍, കെ.കെ. ശൈലജ ടീച്ചര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 ഹൈടെക് സ്‌കൂള്‍ - ഹൈടെക് ലാബ് പദ്ധതിയുടെ പൂര്‍ത്തീകരണത്തിന്റെ ഇടുക്കി നിയോജക മണ്ഡലത്തിലെ പ്രഖ്യാപനം കട്ടപ്പന ഗവ. ട്രൈബല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ റോഷി അഗസ്റ്റ്യന്‍ എം.എല്‍.എ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ചു. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്തു വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്.  വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുകയും

വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയരുകയും ചെയ്തതോടെ പൊതു വിദ്യാലയങ്ങളിലെ കുട്ടികളുടെ എണ്ണവും വര്‍ദ്ധിച്ചതായും എം.എല്‍.എ പറഞ്ഞു. സ്‌കൂളില്‍ നടന്ന പ്രാദേശിക യോഗത്തില്‍ കട്ടപ്പന നഗരസഭാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, വാര്‍ഡ് കൗണ്‍സിലര്‍ റ്റി ജി.എം.രാജു, സിഇഒ സെയ്തലവി മങ്ങാട്ടുപറമ്പില്‍, എഇഒ ടോമി ഫിലിപ്പ്, ബിപിഒ എന്‍.വി.ഗിരിജാകുമാരി, എച്ച്.എം.ഫോറം സെക്രട്ടറി ഡൊമിനിക് ജേക്കബ്ബ്, എസ്. സി ഡവലപ്പ്മെന്റ് ഓഫീസര്‍ മാരിമുത്തു, പ്രിന്‍സിപ്പാള്‍ എസ്.സുകു , ഹെഡ്മിസ്ട്രസ് എം. രാജി തുടങ്ങിയവര്‍ സംസാരിച്ചു.

 ഇടുക്കിയില്‍ ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി, വി എച് എസ് ഇ വിഭാഗങ്ങളില്‍ ജില്ലയിലാകെയുള്ള 240 സ്‌കൂളുകളും ഹൈ-ടെക് ആയി. 133 സര്‍ക്കാര്‍ സ്‌കൂളുകളും 107 എയ്ഡഡ് സ്‌കൂളുകളും ഇതില്‍പെടും. ഈ സ്‌കൂളുകളിലെ  1621 ക്ലാസ്സ് മുറികളില്‍ ഉപകരണങ്ങള്‍ സജ്ജീകരിച്ചു. ലാപ്‌ടോപ്പുകള്‍, പ്രൊജക്ടറുകള്‍, പ്രൊജക്ഷന്‍ സ്‌ക്രീനുകള്‍, മൗണ്ടിംഗ് കിറ്റുകള്‍, യുഎസ്ബി സ്പീക്കറുകള്‍ എന്നിവ ഇതിലുള്‍പ്പെടും. കൂടാതെ അക്കാദമിക് പരിപാടികള്‍ സ്‌കൂളുകളില്‍ ലഭ്യമാകാന്‍ 42'' എല്‍ഇഡി ടി.വി., സ്‌കൂള്‍ പ്രവര്‍ത്തനങ്ങളുടെ വാര്‍ത്തകള്‍ തയ്യാറാക്കുന്നതിനും, ഡോക്കുമെന്റേഷനുമായി ഡിഎസ്എല്‍ആര്‍ ക്യാമറ എന്നിവയും ലഭ്യമാക്കിയിട്ടുണ്ട്. സ്‌കൂളുകളുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനത്തിന് വെബ് ക്യാമുകള്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല വഴി എല്ലാ സ്‌കൂളുകള്‍ക്കും ഇന്റര്‍നെറ്റ് സൗകര്യം

മിടുക്കരായ കുട്ടികളെ ഉള്‍പ്പെടുത്തി 94 സ്‌കൂളുകളിലായി ലിറ്റില്‍ കൈറ്റ്‌സ് ഐ.റ്റി ക്ലബ്ബുകള്‍ എന്നിവയും തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ 1 മുതല്‍ 7വരെ ക്ലാസ്സുകളുള്ള മുഴുവന്‍ പ്രൈമറി സ്‌കൂളുകളിലും ഹൈ-ടെക് ലാബുകളും പൂര്‍ത്തിയാക്കി. ലാബുകളില്‍ ലാപ്‌ടോപ്പുകളും, പ്രൊജക്ടറുകളും, യുഎസ്ബി സ്പീക്കറുകളും ലഭ്യമാക്കി. സെക്കണ്ടറി വിഭാഗത്തില്‍ 12.44 കോടിയും, പ്രൈമറി ലാബുകള്‍ക്കായി 7.22 കോടിയും ചിലവഴിച്ചു. ഹൈ-ടെക് പൂര്‍ത്തീകരണത്തിനായി ജില്ലയിലെ മൊത്തം ചിലവില്‍ കിഫ്ബി മുഖാന്തിരം 21.79 കോടിയും പ്രാദേശിക സമാഹരണം വഴി 8.14 കോടിയും ചിലവഴിച്ചിട്ടുണ്ട്.

 വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശശീന്ദ്ര വ്യാസ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.എ. ബിനു മോന്‍, ഡയറ്റ് പ്രിന്‍സിപ്പാള്‍ ലോഹിദാസന്‍ എം കെ, സമഗ്ര ശിക്ഷ ഡിപിസി ബിന്ദു മോള്‍, കൈറ്റ് കോര്‍ഡിനേറ്റര്‍ പികെ ഷാജിമോന്‍ തുടങ്ങിയവര്‍ വിദ്യാഭ്യാസ വകുപ്പിന്റെ പ്രതിനിധികളായി വിവിധ പ്രാദേശിക യോഗങ്ങളില്‍ സംബന്ധിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായാണ് ഹൈടെക് ക്ലാസ് റൂം പദ്ധതി നടപ്പാക്കിയത്. കൈറ്റിന്റെ നേതൃത്വത്തില്‍ കിഫ്ബിയുടെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. എം പി മാര്‍, എം എല്‍ എ മാര്‍ എന്നിവരുടെ ആസ്തിവികസനഫണ്ട്, തദ്ദേശ സ്ഥാപനഫണ്ട് എന്നിവ ഉപയോഗിച്ചും ഹൈടെക് ക്ലാസ് മുറികള്‍ സജ്ജമാക്കിയിട്ടുണ്ട്.

തൊടുപുഴ നിയോജക മണ്ഡലം തല പ്രഖ്യാപനം കുമാരമംഗലം എം.കെ.എന്‍.എം. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പി.ജെ.ജോസഫ് എം.എല്‍.എ. നിര്‍വഹിച്ചു. സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സംസ്ഥാനമായതോടെ കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ സ്‌കൂളുകളിലെ ഡിജിറ്റൈലസേഷന്‍ രാഷ്ട്രീയത്തിനതീതമായി വേഗത്തില്‍ പൂര്‍ത്തിയാക്കാനായി എന്നത് വലിയ നേട്ടമാണ്. ദേശീയ തത്തിലും സ്‌കൂളുകളിലെ ഡിജിറ്റലൈസേഷന്‍ വിലിയ മാറ്റമുണ്ടാക്കും. സ്‌കൂളുകള്‍ക്ക് പുറമേ മറ്റ് ഓഫീസുകളിലും ഡിജിറ്റലായതോടെ ഗ്ലോബല്‍ വില്ലേജായി ലോകം മാറി. കോവിഡ് 19 ന്റെ പശ്ചാത്തലത്തിലാണെങ്കില്‍ പോലും ഒരു സ്മാര്‍ട്ട് ഫോണ്‍ ഉണ്ടെങ്കില്‍ വിദ്യാര്‍ഥിക്ക് തന്റെ പഠനം മുടങ്ങാത്ത സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തിയെന്നത് ഡിജിറ്റല്‍ യുഗത്തിന്റെ നേട്ടങ്ങളിലൊന്ന് മാത്രമാണ്. എയ്ഡഡ് സ്‌കുളുകളില്‍ മാനേജ്‌മെന്റാണ് അടിസ്ഥാന - ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതെങ്കിലും അവിടെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും എം.എല്‍.എ. ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ വഴിയും മറ്റും സര്‍ക്കാര്‍ സഹായങ്ങളെത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴ നിയോജക മണ്ഡലത്തില്‍ വിവിധ വിഭാഗങ്ങളിലായി 57 സ്‌കൂളുകള്‍ ഹൈടെക്ക് നിലവാരത്തിലെത്തിയിട്ടുണ്ടെന്നും എം.എല്‍.എ. സൂചിപ്പിച്ചു. ചടങ്ങില്‍ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ട്, കുമാരമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീമ അസീസ്, കുമാരമംഗലം ഗ്രാമപഞ്ചായത്തംഗം കെ.ജി.സിന്ധുകുമാര്‍, സ്‌കൂള്‍ മാനേജര്‍ ആര്‍.കെ.ദാസ്, കൈറ്റ് ഇടുക്കി ജില്ലാ കോ.ഓര്‍ഡിനേറ്റര്‍ ഷാജ് മോന്‍ പി.കെ., പി.എ.-ടു-ഡി.ഇ.ഒ. ബിന്ദു സി വടക്കേമുറി, തൊടുപുഴ എ.ഇ.ഒ. ഷാബാ മുഹമ്മദ്, എറക്കുളം എന്‍.എം.ഒ. ജി.ജയകുമാര്‍, പി,ടി.എ. പ്രസിഡന്റ് ബിനു.ആര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 കൈറ്റ്  വഴി കുമാരമംഗലം എം.കെ.എന്‍.എം. സ്‌കൂളില്‍ നിരവധി പദ്ധതികളാണ് നടപ്പിലാക്കിയത്. ഇതിന്റെ ഭാഗമായി ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 11 ക്ലാസ് മുറികള്‍ സ്മാര്‍ട്ട് റൂമുകളാക്കി മാറ്റി. ഓരോ ക്ലാസ് റൂമുകളിലും ലാപ്ടോപ്പ്, പ്രൊജക്ടര്‍, യു.എസ്.ബി. സ്പീക്കറുകള്‍, ഡിസ്പ്ലേ സ്‌ക്രീന്‍ ഇന്റര്‍നെറ്റ് ലഭ്യത എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ഇതിന് പുറമേ ഡി.എസ്.എല്‍.ആര്‍. ക്യാമറ, ടെലിവിഷന്‍, പ്രിന്റര്‍, എച്ച്.ഡി. വെബ്ക്യാം എന്നിവയും ലിറ്റില്‍ കൈറ്റ്സ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു പ്രൊജക്ടറും സ്‌കൂളില്‍ സ്ഥാപിച്ചു. ഇതോടൊപ്പം യു.പി. വിഭാഗത്തില്‍ ലാബ് സജ്ജീകരിക്കുന്നതിന് ആവശ്യമായ 9 ലാപ്ടോപ്പുകളും, 9 യു.എസ്.ബി. സ്പീക്കറുകളും ഹൈടെക് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി എത്തിച്ചിട്ടുണ്ട്.

ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍  പദ്ധതിയുടെ ഭാഗമായി 8 ക്ലാസ് മുറികളില്‍ മള്‍ട്ടിമീഡിയ പ്രൊജക്ടറുകള്‍, ലാപ്ടോടോപ്പ്, സ്‌ക്രീന്‍, എഫ്.റ്റി.റ്റി.എച്ച്. കണക്ഷന്‍,മള്‍ട്ടിമീഡിയ സ്പീക്കറുകള്‍, ഡി.എസ്.എല്‍.ആര്‍. ക്യാമറ, എച്ച്.ഡി.വെബ് ക്യാമറ, എല്‍.ഇ.ഡി. ടെലിവിഷന്‍, എക്സ്പേയ്സ് ഐ യൂണിറ്റ്, പ്രിന്റര്‍ എന്നിവയും ലഭ്യമാക്കിയിട്ടുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

 ഉടുമ്പന്‍ചോല നിയോജകണ്ഡലതല ഉദ്ഘാടനം രാജക്കാട് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. രാജക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കുഞ്ഞുമോന്‍ യോഗം ഉദ്ഘാടനം ചെയ്തു. രാജക്കാട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ എ.ഡി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. നെടുങ്കണ്ടം  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി പനച്ചിക്കല്‍ മുഖ്യപ്രഭാഷണം നടത്തി. ത്രിതലപഞ്ചായത്തംഗങ്ങളായ ബിന്ദു സതീശന്‍, ഇന്ദിര സുരേന്ദ്രന്‍, ശോഭന രാമന്‍കുട്ടി,  എസ്.എസ്.കെ ജില്ലാ കോര്‍ഡിനേറ്റര്‍ ബിന്ദുമോള്‍ ഡി, പിടിഎ വൈസ് പ്രസിഡന്റ് സ്റ്റാലിന്‍ മാര്‍ക്കോസ്, പി.ടി.എ പ്രതിനിധികളായ മിനി ബേബി, പി.എസ് സുനില്‍ കുമാര്‍, പ്രിന്‍സിപ്പാള്‍  ബിനോയ് എം ജോണ്‍,  സീനിയര്‍ അസിസ്റ്റന്റ് സിന്ധു ഗോപാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

  ദേവികുളം നിയോജക മണ്ഡലത്തിലെ പൊതുവിദ്യാലയങ്ങളുടെ ഹൈടെക് പ്രഖ്യാപനം അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളില്‍ നടന്നു.സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന പദ്ധതികളുടെ ഭാഗമായിട്ടായിരുന്നു പൊതുവിദ്യാലയങ്ങളുടെ ഹൈടെക്ക് പ്രഖ്യാപനം നടത്തിയത്.മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി.മുഖ്യമന്ത്രിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം നടന്ന  പ്രാദേശിക ചടങ്ങിന്റെ ഉദ്ഘാടനം ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ നിര്‍വ്വഹിച്ചു.അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂള്‍ ഉള്‍പ്പെടെ ദേവികുളം നിയോജക മണ്ഡലത്തിലെ 99 സ്‌കൂളുകള്‍ ഹൈടെക്കായി മാറിയതായി എം എല്‍ എ അറിയിച്ചു.ലാപ്‌ടോപ്പ്,പ്രൊജക്ടര്‍,സ്‌ക്രീന്‍ ബോഡ്,ടെലിവിഷന്‍,ക്യാമറകള്‍,യു എസ് ബി സ്പീക്കര്‍ തുടങ്ങിയവയെല്ലാം ഹൈടെക്കായി മാറുന്നതിന് മുന്നോടിയായി വിദ്യാലയങ്ങള്‍ക്ക് അനുവദിച്ചിട്ടുണ്ട്.അടിമാലിയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ എസ് എം സി ചെയര്‍മാന്‍ കെ എ അശോക് അധ്യക്ഷത വഹിച്ചു.ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശശീന്ദ്ര വ്യാസ് മുഖ്യപ്രഭാഷണം നടത്തി.സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ യശോധരന്‍ കെ കെ,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍,അധ്യാപകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.