ജില്ലയിലെ 30 പച്ചത്തുരുത്തുകള്‍ക്ക് അംഗീകാരം

post

സംസ്ഥാനതല പ്രഖ്യാപനം 15 ന് മുഖ്യമന്ത്രി നിര്‍വഹിക്കും

പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം നേടിയ പച്ചത്തുരുത്തുകള്‍ക്കുള്ള സംസ്ഥാനതല പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഒക്ടോബര്‍ 15ന് രാവിലെ 10ന് ഓണ്‍ലൈനായി നിര്‍വഹിക്കും. ജില്ലയില്‍ 30 പച്ചത്തുരുത്തുകള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരവും അഭിനന്ദനപത്രം കൈമാറലും തുടര്‍ന്നുള്ള തദ്ദേശസ്ഥാപനതല പരിപാടികളില്‍ നടക്കും. ഗ്രാമപഞ്ചായത്തുകളും പച്ചത്തുരുത്ത് സംഘാടക സമിതികളും സംയുക്തമായാണ് സംഘാടനം നിര്‍വ്വഹിക്കുന്നത്.

പാലക്കാട് ജില്ലയില്‍ ഹരിത കേരളം മിഷന്‍ ഏകോപനത്തില്‍ 2007-08 കാലഘട്ടത്തില്‍ ആരംഭിച്ച 'ഗ്രീന്‍ ദ ഗ്യാപ്' പദ്ധതിയുടെ തുടര്‍ച്ചയായാണ് പച്ചത്തുരുത്തുകളുടെ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്. ജില്ലയില്‍ മലമ്പുഴ, പുതുശ്ശേരി, കൊഴിഞ്ഞാമ്പാറ, കൊല്ലങ്കോട്, നെന്മാറ, പല്ലശ്ശന, കിഴക്കഞ്ചേരി എന്നീ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലുള്‍പ്പെടെ 30 ഗ്രാമപഞ്ചായത്തുകളിലാണ് ഫലപ്രദമായി പച്ചത്തുരുത്തുകള്‍ രൂപീകരിച്ചിട്ടുള്ളത്.

ജില്ലയില്‍ ശ്രദ്ധാ കേന്ദ്രമായവ എട്ടെണ്ണം

ജില്ലയിലെ മുഴുവന്‍ പച്ചത്തുരുത്തുകളുടെയും മാപ്പിംഗ് ഹരിത കേരളം മിഷന്റെ നേതൃത്വത്തിലാണ് നടന്നുവരുന്നത്. ജില്ലയില്‍ കണ്ണോട് പച്ചത്തുരുത്ത് (നെന്മാറ ഗ്രാമപഞ്ചായത്ത്), മംഗലംപുഴയോര പച്ചത്തുരുത്ത് ( വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത്), ഊട്ടറ പുഴയോരം പച്ചത്തുരുത്ത് (കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത്), വെളിയമ്പള്ളം പച്ചത്തുരുത്ത് (നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത്), കരിങ്കരപ്പുള്ളി പച്ചത്തുരുത്ത് (കൊടുമ്പ് ഗ്രാമപഞ്ചായത്ത്), വാമല പച്ചത്തുരുത്ത് (പല്ലശ്ശന ഗ്രാമപഞ്ചായത്ത്), അനങ്ങന്‍മല പച്ചത്തുരുത്ത് (അനങ്ങനടി ഗ്രാമപഞ്ചായത്ത്), എല്‍.ജി. പാളയം പച്ചത്തുരുത്ത് (എലപ്പുള്ളി ഗ്രാമപഞ്ചായത്ത്) എന്നിവയാണ് ജില്ലയിലെ ശ്രദ്ധേയമായ പച്ചത്തുരുത്തുകള്‍. ഹരിത കേരളം മിഷന്‍, ദേശീയ തൊഴിലുറപ്പ് പദ്ധതി മിഷന്‍, സന്നദ്ധസംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ത്രിതല പഞ്ചായത്തുകള്‍ എന്നീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയ സംസ്ഥാനത്തെ 1261 പച്ചത്തുരുത്തുകളാണ് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം കൈവരിച്ചിരിക്കുന്നത്.

എന്താണ് പച്ചത്തുരുത്ത്?

കാര്‍ഷിക ഭൂമിയുടെയോ വനഭൂമിയുടെയോ ഘടനയ്ക്ക് മാറ്റമൊന്നും വരുത്താതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉപയോഗരഹിതമായി ഒഴിച്ചിട്ടിരിക്കുന്ന പൊതു-സ്വകാര്യ സ്ഥലങ്ങളില്‍ പ്രദേശത്തിന്റെ സവിശേഷതകള്‍ക്ക് ഇണങ്ങുന്ന വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തി രൂപപ്പെടുത്തിയെടുക്കുന്ന ചെറുവനങ്ങളാണ് പച്ചത്തുരുത്തുകള്‍. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സ്ഥലങ്ങള്‍ കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയമായ സസ്യങ്ങളും ഉള്‍പ്പെടുത്തി സ്വാഭാവിക വനമാതൃകകള്‍ സൃഷ്ടിച്ചെടുത്ത് സംരക്ഷിക്കുക എന്നതാണ് പച്ചത്തുരുത്ത് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇവയിലൂടെ വ്യാപകമായി രൂപപ്പെടുന്ന ചെറുവനങ്ങളിലെ വൃക്ഷങ്ങള്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ആഗിരണം ചെയ്ത് ദീര്‍ഘകാലം സൂക്ഷിക്കുന്ന കാര്‍ബണ്‍ കലവറകളായി മാറും. പച്ചത്തുരുത്ത് രൂപപ്പെടുന്ന സ്ഥലത്തെ അന്തരീക്ഷ താപനില നിയന്ത്രിക്കുന്നതും, പക്ഷികളും ഷഡ്പദങ്ങളും ഉള്‍പ്പെടെയുള്ള ജീവിവര്‍ഗ്ഗങ്ങളുടെ ആവാസവ്യവസ്ഥയായി മാറുന്നത് ഉള്‍പ്പെടെയുള്ള അനേകം പാരിസ്ഥിതിക നേട്ടങ്ങള്‍ ഈ ഹരിത ആവരണങ്ങള്‍ക്ക് നിര്‍വ്വഹിക്കാന്‍ കഴിയും.