അംഗീകാര നിറവില്‍ ചെങ്ങളായി പഞ്ചായത്ത്; ഐഎസ്ഒ പ്രഖ്യാപനവും അനുമോദനവും സംഘടിപ്പിച്ചു

post

കണ്ണൂര്‍: ചെങ്ങളായി ഗ്രാമപഞ്ചായത്ത് ഐഎസ്ഒ പ്രഖ്യാപനവും കേരളോത്സവ വിജയികള്‍ക്കുള്ള അനുമോദനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് നിര്‍വഹിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വലിയ മികവാണ് കേരളത്തിന്റെ സാമൂഹിക വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കക്ഷിരാഷ്ട്രീയത്തിനതീതമായ ജനാധിപത്യ സ്വഭാവമുള്ളവയാണ് നമ്മുടെ തദ്ദേശ സ്ഥാപനങ്ങള്‍. ബഹുസ്വരതയുടെ അന്തരീക്ഷം അവിടെയുണ്ട്. ഗ്രാമപഞ്ചായത്തുകളെ കൂടുതല്‍ ശാക്തീകരിക്കുക എന്നതാണ് ജനാധിപത്യ പ്രക്രിയയെ കൂടുതല്‍ മികവുറ്റതാക്കാന്‍ സഹായകരമാകുക. പൊതുജനങ്ങള്‍ക്ക് കലര്‍പ്പില്ലാത്ത സേവനം നല്‍കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സാധിക്കണമെന്നും കെ വി സുമേഷ് കൂട്ടിച്ചേര്‍ത്തു. 

പൊതുജനങ്ങള്‍ക്ക് കൃത്യസമയത്തും വേഗത്തിലും ഗുണനിലവാരമുള്ള സേവനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പ്രവര്‍ത്തനങ്ങളാണ് ചെങ്ങളായി പഞ്ചായത്തിനെ ഐഎസ്ഒ അംഗീകാരത്തിനര്‍ഹമാക്കിയത്. പഞ്ചായത്ത് ഓഫീസും അനുബന്ധ സ്ഥാപനങ്ങളും ഉള്‍പ്പെടെ ആധുനിക സൗകര്യങ്ങളോടുകൂടിയ മൂന്ന് നില കെട്ടിടത്തിലാണ് ഓഫീസ് സ്ഥിതിചെയ്യുന്നത്. രണ്ട് കോടി രൂപ ചെലവിട്ട് നിര്‍മ്മിച്ച കെട്ടിടത്തില്‍ കുടുംബശ്രീ, ഐ സി ഡി എസ്, എന്‍ ആര്‍ ഇ ജി എ, വി ഇ ഒ, എല്‍ എസ് ജി ഡി എഞ്ചിനീയറിംഗ് വിഭാഗം ഓഫീസുകളും മിനി കോണ്‍ഫറന്‍സ് ഹാളും 300 പേര്‍ക്കിരിക്കാവുന്ന പൊതു മീറ്റിംഗ് ഹാളും സജ്ജീകരിച്ചിട്ടുണ്ട്. പഞ്ചായത്തിലെത്തുന്നവര്‍ക്കായി ഇരിപ്പിടം, കുടിവെള്ളം, ടോക്കണ്‍ സമ്പ്രദായം, ടെലിവിഷന്‍ സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്. 

ചെങ്ങളായി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രത്‌നകുമാരി അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി കെ ചിത്രലേഖ, ചെങ്ങളായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി ഭാസ്‌കരന്‍, സെക്രട്ടറി ശാര്‍ങ്ഗധരന്‍, അസിസ്റ്റന്റ് സെക്രട്ടറി എസ് സ്മിത, സ്ഥിരംസമിതി അധ്യക്ഷന്മാര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.