കേരളം കാര്‍ബണ്‍ ന്യൂട്രല്‍ പ്രദേശമായി മാറണം: മുഖ്യമന്ത്രി പിണറായി വിജയന്‍
പാലക്കാട് : പരിസ്ഥി മലിനീകരണം പോലുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഇല്ലാതാക്കി സംസ്ഥാനം ഒരു കാര്‍ബണ്‍ ന്യൂട്രല്‍ പ്രദേശമായി മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വരും തലമുറയ്ക്ക് നല്‍കാവുന്ന മഹത്തായ സംഭാവനയായി ഇത് മാറുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം നേടിയ പച്ചത്തുരുത്തുകളുടെ സംസ്ഥാനതല പൂര്‍ത്തീകരണ പ്രഖ്യാപനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഹരിതകേരളം മിഷന്റെ ഈ നേട്ടം ഭാവിയിലേക്കുള്ള വലിയ നിക്ഷേപമാണ്. 2019 ല്‍ പരിസ്ഥിതി ദിനത്തില്‍ ആയിരം പച്ചത്തുരുത്തുകള്‍ ലക്ഷ്യമിട്ട് ഹരിതകേരള മിഷന്‍ ആരംഭിച്ച പച്ചത്തുരുത്ത് പദ്ധതി ഒരു വര്‍ഷം കൊണ്ട് 1261 പച്ചത്തുരുത്തുകളാണ് പൂര്‍ത്തിയാക്കിയത്. ആവാസവ്യവസ്ഥയില്‍ പ്രകടമായ മാറ്റങ്ങള്‍ സൃഷ്ടിച്ചെടുക്കാന്‍ പച്ചത്തുരുത്തുകള്‍ക്ക് സാധിച്ചു. പ്രളയം പോലുള്ള പ്രയാസങ്ങള്‍ക്കിടയിലും മികച്ച ജനപങ്കാളിത്തത്തോടെ 590 പഞ്ചായത്തുകളിലായി 454 ഏക്കര്‍ പ്രദേശത്താണ് പച്ചത്തുരുത്തുകള്‍ കണ്ടെത്താനായത് എന്നും മുഖ്യമന്ത്രി പറഞ്ഞു. ഔഷധച്ചെടികള്‍, വൃക്ഷങ്ങള്‍, കുറ്റിച്ചെടികള്‍, ജൈവവേലി, കണ്ടല്‍ച്ചെടികള്‍, മുളകള്‍ തുടങ്ങി ഓരോ പ്രദേശത്തിനും അനുയോജ്യമായ സസ്യങ്ങള്‍ കൊണ്ടാണ് പച്ചത്തുരുത്തുകള്‍ സൃഷ്ടിച്ചെടുത്തിരിക്കുന്നത്. വിവിധങ്ങളായ തൈകളെ വളര്‍ത്തിയെടുക്കുന്നത് ജൈവവൈവിധ്യത്തിന്റെ ചെറുമാതൃകകളാണ്. ഇത്തരം പച്ചത്തുരുത്തുകള്‍ വന്നതോടെ പ്രകൃതിയെ പരിപാലിച്ചു വളര്‍ത്തണം എന്ന ബോധം സൃഷ്ടിച്ചെടുക്കാനായി. പച്ചത്തുരുത്തുകള്‍ സൃഷ്ടിക്കുന്നതിനോടൊപ്പം തുടര്‍ന്നുള്ള പരിപാലനം കൂടി ഉറപ്പുവരുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എല്ലാ വര്‍ഷവും പച്ചത്തുരുത്തുകള്‍ സൃഷ്ടിച്ചെടുക്കാന്‍ സാധിക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജനങ്ങളും സഹകരിച്ചാല്‍ ഇത് അസാധ്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി വിവിധങ്ങളായ പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കി വരുന്നത്. പുഴകള്‍ ഉള്‍പ്പെടുന്ന ജലസ്രോതസ്സുകള്‍ വീണ്ടെടുത്തു. 2017ല്‍ സംസ്ഥാനത്താകെ ഒരു കോടി വൃക്ഷതൈകളാണ് നട്ടത്. 2018ല്‍ രണ്ട് കോടിയും 2019ല്‍ മൂന്നു കോടിയും വീതം വൃക്ഷതൈകള്‍ നടാനായി. അതോടൊപ്പം ജൈവകൃഷി പ്രോത്സാഹനം, ഉറവിടമാലിന്യ സംസ്‌കരണം ഉള്‍പ്പെടെയുള്ള ഇടപെടല്‍ ഹരിതകേരളമിഷന് നടപ്പിലാക്കാനായി എന്നും അദ്ദേഹം പറഞ്ഞു. പച്ചത്തുരുത്ത് പദ്ധതിയുടെ അവലോകന റിപ്പോര്‍ട്ടും മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ഓണ്‍ലൈനായി നടന്ന പരിപാടിയില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്ദീന്‍ അധ്യക്ഷത വഹിച്ചു.
ജില്ലയിലെ പ്രധാന പച്ചത്തുരുത്തുകള്‍
പാലക്കാട് ജില്ലയില്‍ ഹരിത കേരളം മിഷന്‍ ഏകോപനത്തില്‍ 2007-08 കാലഘട്ടത്തില്‍ ആരംഭിച്ച 'ഗ്രീന്‍ ദ ഗ്യാപ്' പദ്ധതിയുടെ തുടര്‍ച്ചയായാണ് പച്ചത്തുരുത്തുകളുടെ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്. ജില്ലയില്‍ മലമ്പുഴ, പുതുശ്ശേരി, കൊഴിഞ്ഞാമ്പാറ, കൊല്ലങ്കോട്, നെന്മാറ, പല്ലശ്ശന, കിഴക്കഞ്ചേരി എന്നീ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലുള്‍പ്പെടെ 30 ഗ്രാമപഞ്ചായത്തുകളിലാണ് ഫലപ്രദമായി പച്ചത്തുരുത്തുകള്‍ രൂപീകരിച്ചിട്ടുള്ളത്.
ജില്ലയില്‍ ശ്രദ്ധാകേന്ദ്രമായവ എട്ടെണ്ണം
ജില്ലയിലെ മുഴുവന്‍ പച്ചത്തുരുത്തുകളുടെയും മാപ്പിംഗ് ഹരിത കേരളം മിഷന്റെ നേതൃത്വത്തിലാണ് നടന്നുവരുന്നത്. ജില്ലയില്‍ കണ്ണോട് (നെന്മാറ ഗ്രാമപഞ്ചായത്ത്), മംഗലംപുഴയോരം (വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത്), ഊട്ടറ പുഴയോരം (കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത്), വെളിയമ്പള്ളം (നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത്), കരിങ്കരപ്പുള്ളി (കൊടുമ്പ് ഗ്രാമപഞ്ചായത്ത്), വാമല (പല്ലശ്ശന ഗ്രാമപഞ്ചായത്ത്), അനങ്ങന്‍മല (അനങ്ങനടി ഗ്രാമപഞ്ചായത്ത്), എല്‍.ജി. പാളയം (എലപ്പുള്ളി ഗ്രാമപഞ്ചായത്ത്) എന്നിവയാണ് ജില്ലയിലെ ശ്രദ്ധേയമായ പച്ചത്തുരുത്തുകള്‍.
സംസ്ഥാനത്തെ 1261-ാമത് പച്ചത്തുരുത്തിന്റെ ഉദ്ഘാടനം തിരുവനന്തുരം നെടുമങ്ങാട് ബ്ലോക്കിലെ പച്ചത്തുരുത്തില്‍ ദിവാകരന്‍ എം.എല്‍.എ വൃക്ഷത്തൈ നട്ടു നിര്‍വഹിച്ചു. ഹരിതകേരളം മിഷന്‍ എക്സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ.ടി.എന്‍.സീമ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സെക്രട്ടറി അഡ്വ.പി.വിശ്വംഭരപ്പണിക്കര്‍, നെടുമങ്ങാട് മുനിസിപ്പല്‍ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് മിഷന്‍ ഡയറക്ടര്‍ ഡോ.ദിവ്യ.എസ്.അയ്യര്‍ ഐ.എ.എസ്, ഐ.ടി.മിഷന്‍ ഡയറക്ടര്‍ ചിത്ര എസ് ഐ.എ.എസ്, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഇ.പ്രദീപ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.