മാര്‍ച്ചോടെ അര്‍ഹരായ മുഴുവനാളുകള്‍ക്കും വീട്: മന്ത്രി ഇ പി ജയരാജന്‍
ലൈഫ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു
കണ്ണൂര്‍ : മൂന്ന് മാസത്തിനുള്ളില്‍ ലൈഫ് ഭവനപദ്ധതിയില്‍ അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും സ്വന്തമായി വീട് ലഭ്യമാകുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍. ഭവന രഹിതരില്ലാത്ത കേരളമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തമായൊരു വീട് ഓരോ വ്യക്തിയുടെയും ആഗ്രഹമാണ്. ആ സ്വപ്നം സാക്ഷാത്കരിക്കാന്‍ കഴിയാത്തവര്‍ കേരളത്തിലുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ നടത്തിയ പരിശോധനയില്‍ അഞ്ചു ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് സ്വന്തമായി വീടില്ലെന്ന് കണ്ടെത്തി. അതില്‍ വലിയൊരു വിഭാഗത്തിനും ഭൂമിയില്ല. തുടര്‍ന്നാണ് എല്ലാവര്‍ക്കും വീടെന്ന ദൗത്യവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയത്. ഇതില്‍ രണ്ട് ലക്ഷം കുടുംബങ്ങള്‍ക്ക് ജനുവരി അവസാനത്തോടെ വീട് പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറും. ഫെബ്രുവരിയോടെ രണ്ടാംഘട്ട ഭവന നിര്‍മ്മാണവും പൂര്‍ത്തിയാവും. ഇത്തരത്തില്‍ മാര്‍ച്ച് 31 ഓടെ കേരളത്തിലെ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും സ്വന്തം വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാകുമെന്ന് മന്ത്രി പറഞ്ഞു.
ലൈഫ് ഭവനപദ്ധതിയില്‍ നിലവില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കു പുറമെ കൂടുതല്‍ അപേക്ഷകള്‍ വന്നിട്ടുണ്ട്. ഇപ്പോള്‍ പ്രഖ്യാപിച്ചവര്‍ക്ക് വീട് നല്‍കിക്കഴിഞ്ഞാല്‍ പുതിയ അപേക്ഷകള്‍ കൂടി പരിഗണിച്ച് അര്‍ഹരായവര്‍ക്ക് വീട് നല്‍കും. അതിനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണ്. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് അത് ലഭ്യമാക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. വീട് നഷ്ടപ്പെട്ടവര്‍ക്കായി പായം പഞ്ചായത്തില്‍ 11 വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. പടിയൂരില്‍ 15 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതിനും ധാരണയായി. മത്സ്യത്തൊഴിലാളികള്‍ക്കുള്ള രണ്ട് ഫഌറ്റുകളുടെ നിര്‍മ്മാണം ഇതിനോടകം പൂര്‍ത്തിയായിക്കഴിഞ്ഞു.
ലൈഫ് ഭവന പദ്ധതിയില്‍ ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ 609 വീടുകളാണ് പൂര്‍ത്തിയായിട്ടുള്ളത്. പയ്യാവൂര്‍, ഇരിക്കൂര്‍, കുറ്റിയാട്ടൂര്‍, എരുവേശി, മലപ്പട്ടം പഞ്ചായത്തുകളില്‍ ഒന്ന്, രണ്ട് ഘട്ടങ്ങളിലുള്‍പ്പെട്ട മുഴുവന്‍ ഗുണഭോക്താക്കളുടെയും ഭവന നിര്‍മ്മാണം പൂര്‍ത്തിയായി. പടിയൂര്‍, ഉളിക്കല്‍, മയ്യില്‍ പഞ്ചായത്തുകളില്‍ പൂര്‍ത്തീകരണം അവസാന ഘട്ടത്തിലാണ്.കുടുംബസംഗമത്തോടനുബന്ധിച്ച് നടന്ന അദാലത്തില്‍ ഗുണഭോക്താക്കളുടെ വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു. സാമൂഹ്യനീതി, സിവില്‍ സപ്ലൈസ്, കെ എസ് ഇ ബി തുടങ്ങി 18 ഓളം വകുപ്പുകളുടെ സേവനങ്ങള്‍ അദാലത്തില്‍ ഒരുക്കിയിരുന്നു. സാക്ഷരതാ പ്രവര്‍ത്തകരുടെ കലാപരിപാടികളും ചടങ്ങില്‍ അരങ്ങേറി.