ശോഭനം 2020: ജില്ലയില്‍ വിളക്കണയാത്ത മൃഗാശുപത്രികള്‍ പ്രവര്‍ത്തനമാരംഭിച്ചു
തിരുവനന്തപുരം : മൃഗസംരക്ഷണ വകുപ്പിന്റെ ശോഭനം 2020 പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 24മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൃഗാശുപത്രികള്‍ പ്രവര്‍ത്തനമാരംഭിച്ചു. ജില്ലയില്‍ പാറശ്ശാല, നെടുമങ്ങാട്, ആറ്റിങ്ങല്‍ എന്നിവിടങ്ങളിലാണ് മൃഗാശുപത്രികള്‍ ആരംഭിച്ചത്. ഇവയുടെ പ്രവര്‍ത്തനോദ്ഘാടനം വനം-മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു നിര്‍വഹിച്ചു.
മൃഗസംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷകര്‍ക്കും വളര്‍ത്തുമൃഗങ്ങളെ സംരക്ഷിക്കുന്ന മൃഗസ്നേഹികള്‍ക്കും ഏതുസമയത്തും മൃഗസംരക്ഷണ സേവനങ്ങള്‍ക്കായി ആശ്രയിക്കാവുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളാണ് ഇതുവഴി യാഥാര്‍ത്ഥ്യമായത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൃഗാശുപത്രിയായി ഉയര്‍ന്ന സാഹചര്യത്തില്‍ സീനിയര്‍ വെറ്റിനറി സര്‍ജന്റെ നേതൃത്വത്തില്‍ മൂന്ന് ഡോക്ടര്‍മാര്‍,രണ്ടു ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍,അനുബന്ധ ജീവനക്കാര്‍ എന്നിവരുടെ സേവനം ഇവിടങ്ങളില്‍ ലഭിക്കും. മൂന്ന് ഷിഫ്റ്റുകളായാണ് പ്രവര്‍ത്തനം ക്രമീകരിച്ചിരിക്കുന്നത്.
പാറശ്ശാല വെറ്ററിനറി പോളി ക്ലിനിക്കിന്റെ പ്രവര്‍ത്തനോദ്ഘാടനത്തിന്റെ ഭാഗമായി പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പ്രത്യേക ചടങ്ങ് സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ പാലുത്പാദന രംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന രണ്ടു ബ്ലോക്ക് പഞ്ചായത്തുകളാണ് പാറശ്ശാലയും പെരുങ്കടവിളയും.മൃഗങ്ങങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നത് ഭാവിയില്‍ ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ സഹായകമാവുമെന്ന് എം.എല്‍.എ പറഞ്ഞു. ചടങ്ങില്‍ പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആര്‍.സലൂജ അധ്യക്ഷത വഹിച്ചു. പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ആര്യദേവന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.