ഏഴല്ലുരിന്റെ പട്ടയ സ്വപ്നങ്ങള്‍ക്ക് ഏഴ് നിറങ്ങള്‍

post

ഇടുക്കി: മുന്നൂറിലേറെ കുടുംബങ്ങളുടെ നാലര പതിറ്റാണ്ടിലേറെയായുള്ള കാത്തിരിപ്പിനും സ്വപ്നങ്ങള്‍ക്കുമാണ് സാഫല്യമാകുന്നത്. ജീവിക്കാന്‍ മാര്‍ഗമില്ലാതെ വന്നപ്പോള്‍ ക്ലേശ പാതകളിലൂടെ നടന്നുകയറി കാടുവെട്ടിത്തെളിച്ച് കാട്ടു മൃഗങ്ങളെ തോല്പിച്ച് മണ്ണ് സ്വന്തമാക്കാന്‍ കഴിഞ്ഞുവെങ്കിലും ഇക്കാലമത്രയും അതിന്റെ അവകാശിയാകാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. എന്നാലിപ്പോള്‍ തങ്ങളുടെ പ്രിയപ്പെട്ട മണ്ണിന്റെ അവകാശം അടുത്തെത്തി എന്നറിഞ്ഞപ്പോള്‍ ആഹ്ലാാദം മലങ്കാറ്റ് പോലെയായി.

തൊടുപുഴ ടൗണില്‍ നിന്ന് ഏഴ് കിലോമീറ്ററുകളോളം അകലെയാണ് ഏഴല്ലൂര്‍ എന്ന ഗ്രാമം. കുന്നും മലയും തോടും പാടവും ഒക്കെയുള്ള മനോഹര ഭൂമി. റബറും വാഴയും കപ്പയുമൊക്കെ നന്നായി വിളയുന്ന നാട്. ഇവിടത്തെ മുന്നുറിലേറെ കുടുംബങ്ങള്‍ക്കാണ് സ്വന്തം ഭൂമിയ്ക്കു  പട്ടയം കിട്ടുന്നതിന് കളമൊരുങ്ങുന്നത്. 1970 വരെ കുട്ടിവനം എന്നറിയപ്പെട്ടിരുന്ന ഭാഗം ഇന്ന് ജനവാസ കേന്ദ്രമാണ്. നിബിഡമല്ലാത്ത ചിതറിയ വനമേഖലയായിരുന്നു ഒരു കാലത്ത് ഇവിടം. വന്യമൃഗങ്ങളും കുറവ്. നാട്ടില്‍ സാമ്പത്തിക ക്ഷാമം ഉണ്ടായപ്പോഴാണ് ഇങ്ങോട്ടേക്ക് കുടിയേറ്റമുണ്ടായത്. അതിന് ജാതിയും മതവുമൊന്നും തടസമായില്ല. രണ്ട് സെന്റ് മുതല്‍ ഒരേക്കര്‍ വരെ കുടുംബത്തിലെ അന്നത്തെ അംഗബലം അനുസരിച്ച് സ്വന്തമാക്കിയവരുണ്ട്. സ്വന്തമാക്കിയ ഭൂമിയിലെ കാടുവെട്ടിത്തെളിച്ച് കൃഷിയിറക്കി. കരനെല്ലായിരുന്നു ആദ്യ കൃഷി. ഒപ്പം കപ്പയും. അതിനുമുമ്പ് കുട്ടി വനത്തിലെ വലിയ മരങ്ങള്‍ വനം വകുപ്പ് മുറിച്ചു മാറ്റിയിരുന്നു. 

മലയാറ്റൂര്‍ ഫോറസ്റ്റ് ഡിവിഷന് കീഴിലായിരുന്നു ഇവിടം. പിന്നീടാണ് ഭൂമിയുടെ അവകാശം റവന്യൂ വകുപ്പിന് ലഭിക്കുന്നത്. എന്നാല്‍ നാട്ടുകാര്‍ക്ക് പട്ടയ നടപടികള്‍ വൈകി. മാറി മാറി വന്ന സര്‍ക്കാരുകള്‍ക്കള്‍ക്കും ജില്ലാ ഭരണാധികാരികള്‍ക്കും മുന്നില്‍ പരാതികളും പരിദേവനങ്ങളും സമരങ്ങളുമായി നാട്ടുകാര്‍ നിരന്തരം ശ്രമം നടത്തിയിരുന്നതായി ഇപ്പോഴത്തെ ഏകോപന സമിതി കണ്‍വീനര്‍ കൂടിയായ കുന്നേല്‍ കെ. കെ. മനോജ് പറഞ്ഞു. 1972 കാലയളവില്‍ കുടിയേറിയ കുടുംബാംഗങ്ങളില്‍ ഭൂരിഭാഗം പേരും മണ്‍മറഞ്ഞു. മക്കളും അവരുടെ മക്കളുമാണ് ഇപ്പോഴുള്ളത്. 1973 - 74 കാലയളവിലാണ് പട്ടയത്തിന് ആദ്യ ശ്രമങ്ങള്‍ നടത്തിയതെന്ന് കുന്നേല്‍ കെ. പി. നാരായണന്‍ ഓര്‍മിക്കുന്നു. അറയ്ക്കല്‍ മണി, കുന്നുമേല്‍കുടിയില്‍ പ്രഭാകരന്‍, അറയ്ക്കല്‍ തങ്കമ്മ, കടുവാക്കുഴിയില്‍ റോസ ബിജു, വെള്ളാരം തണ്ടേല്‍വേണു, കുന്നുമ്മേല്‍ കുടിയില്‍ നീലാംബരന്‍ തുടങ്ങിയവരൊക്കെ പഴയ കാലത്തെ കഷ്ടപ്പാടുകളും മറ്റും ഓര്‍മകളില്‍ സൂക്ഷിക്കുന്നവരാണ്. ഇവരുടെയൊക്കെ നല്ല പ്രായം മുതല്‍ സ്വന്തം സ്ഥലത്ത് അധ്വാനിച്ചു വന്നവരാണ്. 

പട്ടയമില്ലാത്തതിനാല്‍ ഒത്തിരി പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നതായി റോസ പറഞ്ഞു. റോഡും വെള്ളവും സ്‌കൂളും ആശുപത്രിയും ഒക്കെ കിട്ടിയെങ്കിലും കിടപ്പാടത്തിന് കൈവശരേഖ കിട്ടാത്തത് ഇവിടുത്തുകാര്‍ക്ക് വലിയ വേദന സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരി 26 ന് ഇപ്പോഴത്തെ ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ പങ്കെടുത്ത സൗഹൃദ വേദിയിലാണ് വഴിത്തിരിവുണ്ടായത്. നാട്ടുകാര്‍ പട്ടയ വിഷയം കളക്ടറുടെ മുന്നില്‍ അവതരിപ്പിക്കുകയായിരുന്നു. ജില്ലാ കളക്ടര്‍ പിന്നീട് ജില്ലയുടെ ചുമതലയുള്ള മന്ത്രി എം. എം. മണിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നതോടെ വിഷയത്തില്‍ അദ്ദേഹം സജീവമായി ഇടപെട്ടു. മന്ത്രി ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയില്‍പ്പെടുത്തിയതോടെ അടിയന്തര നടപടി സ്വീകരിക്കാന്‍ റവന്യൂ വകുപ്പിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ നേരിട്ട് കാര്യങ്ങള്‍ വിലയിരുത്തിയതോടെ സര്‍ക്കാര്‍ സംവിധാനം വേഗത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയെന്ന് കെ. കെ. മനോജ് പറഞ്ഞു. 

കുട്ടി വനം ഭാഗം ഒരു കോളനിയായി പരിഗണിച്ച് ഒന്നിച്ച് പട്ടയം നല്‍കാനുള്ള നടപടികളാണ് പുരോഗമിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ പറഞ്ഞു. ഭൂമിയുടെ അളവ് ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. പട്ടികയും തയാറായിട്ടുണ്ട്. ജനുവരി 24ന് കട്ടപ്പനയില്‍ നിശ്ചയിച്ചിരിക്കുന്ന ജില്ലാതല പട്ടയ വിതരണ മേളയില്‍ ഏഴല്ലൂര്‍കാര്‍ക്കും പട്ടയം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജാതി മത രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി ഒന്നിച്ചുനിന്ന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞുവെന്നതാണ് പ്രധാന നേട്ടമെന്ന് മനോജും മറ്റുള്ളവരും ഒരേ മനസോടെ പറയുന്നു.