കാന്‍സര്‍ ചികിത്സാരംഗത്ത് വന്‍മാറ്റത്തിന് കാന്‍സര്‍ കെയര്‍ ബോര്‍ഡ്

post

തിരുവനന്തപുരം : കാന്‍സര്‍ പ്രതിരോധ, ചികിത്സാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ സംസ്ഥാനത്ത് പുതുതായി കാന്‍സര്‍ കെയര്‍ ബോര്‍ഡ് രൂപീകരിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ആരോഗ്യരംഗത്ത് കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണ് കാന്‍സര്‍. പ്രതിവര്‍ഷം 50,000 ത്തിലേറെ പേര്‍ കാന്‍സര്‍ രോഗ ബാധിതരാകുന്നു എന്നാണ് ഏകദേശ കണക്ക്. ഈ സാഹചര്യത്തില്‍ വിദഗ്ധ ഡോക്ടര്‍മാരും സാങ്കേതിക വിദഗ്ധരും ഉള്‍പ്പെടുന്ന കൂട്ടായ സംരംഭങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. സംസ്ഥാനത്ത് മൂന്ന് കാന്‍സര്‍ സെന്ററുകള്‍, മെഡിക്കല്‍ കോളേജുകള്‍, ആരോഗ്യ വകുപ്പിന്റെ ആശുപത്രികള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലാണ് കാന്‍സര്‍ ചികിത്സ ലഭ്യമാകുന്നത്. ഇവയെ ഏകോപിപ്പിക്കുന്നതിന് കാന്‍സര്‍ സ്ട്രാറ്റജി ആക്ഷന്‍ പ്ലാനിന്റെ ഭാഗമായാണ് കാന്‍സര്‍ കെയര്‍ ബോര്‍ഡ് സ്ഥാപിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ ചേമ്പറില്‍ നടന്ന ഉന്നതതലയോഗത്തിലാണ് കാന്‍സര്‍ കെയര്‍ ബോര്‍ഡ് രൂപീകരിക്കാന്‍ തീരുമാനമായത്.

കാന്‍സര്‍ പ്രതിരോധ ചികിത്സാ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള നയരൂപീകരണം, ഗുണനിലവാരമുള്ള ചികിത്സക്ക് മാര്‍ഗനിര്‍ദേശരേഖ ഉണ്ടാക്കുക, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍, മരുന്ന് സംഭരണം, പുതിയ ഉപകരണങ്ങള്‍ വാങ്ങുക എന്നിവ സംബന്ധിച്ച് തീരുമാനമെടുക്കുക ഇനി ബോര്‍ഡായിരിക്കും.ബോര്‍ഡിന് സംസ്ഥാനതല സമിതിയും ജില്ലാതല സമിതിയുമുണ്ടാകും. സംസ്ഥാനതല സമിതിയില്‍ ആരോഗ്യ വകുപ്പ് മന്ത്രി അധ്യക്ഷയായിരിക്കും. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, റീജിയണല്‍ കാന്‍സര്‍ സെന്ററുകളിലെ ഡയറക്ടര്‍മാര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയനായ കാന്‍സര്‍ വിദഗ്ധന്‍ എന്നിവര്‍ അംഗങ്ങളാകും. സംസ്ഥാനതല സമിതിയ്ക്ക് താഴെ കാന്‍സര്‍ പ്രതിരോധം, ചികിത്സ, മരുന്നുകള്‍ വാങ്ങുക, ഉപകരണങ്ങള്‍ വാങ്ങുക എന്നിവയ്ക്കായി സബ് കമ്മിറ്റികളും ഉണ്ടായിരിക്കും. ഇതിന്റെ അനുബന്ധമായാണ് ജില്ലാ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലാ മെഡിക്കല്‍ ഓഫീസറായിരിക്കും ജില്ലാതല കമ്മിറ്റിയുടെ മേല്‍നോട്ടം. ഈ കമ്മിറ്റിയായിരിക്കും ജില്ലയിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നതും സംസ്ഥാന സമിതിയിലേക്ക് കാര്യങ്ങള്‍ അറിയിക്കുകയും ചെയ്യുന്നത്.കാന്‍സര്‍ ചികിത്സ നല്‍കുന്ന എല്ലാ സ്ഥാപനങ്ങളെയും ബന്ധിപ്പിച്ചുള്ള കാന്‍സര്‍ ഗ്രിഡിലൂന്നിയായിരിക്കും ഇത് നടപ്പിലാക്കുക. അതിനാല്‍ സ്വകാര്യ ആശുപത്രികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇതില്‍ പ്രധാന പങ്കുണ്ടായിരിക്കും.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗെഡ, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലാബീവി, ആര്‍.സി.സി. ഡയറക്ടര്‍, ഡോ. രേഖ എ. നായര്‍, എം.സി.സി. ഡയറക്ടര്‍, ഡോ. ബി. സതീഷ്, കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. മോനി കുര്യാക്കോസ്, എന്‍.സി.ഡി. നോഡല്‍ ഓഫീസര്‍ ഡോ. ബിപിന്‍ ഗോപാല്‍, ഡോ. രാംദാസ്, ഡോ. എ. സജീദ്, ഡോ. ആര്‍. മഹാദേവന്‍, ഡോ. ടി. അജയകുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.