കോവിഡ് പ്രതിരോധം വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യ സംഘം ജില്ലയില്‍

post

എറണാകുളം : ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് കേന്ദ്ര ആരോഗ്യ വകുപ്പ് പ്രതിനിധി സംഘം ജില്ലയില്‍ സന്ദര്‍ശനം നടത്തി. തിരുവനന്തപുരം റീജിയണല്‍ ആരോഗ്യ കുടുംബ ക്ഷേമ കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. രുചി ജെയിന്‍,സഫ്ദര്‍ജങ് ആശുപത്രിയിലെ റെസ്പിറേറ്ററി വിഭാഗം അധ്യാപകനായ ഡോ.നീരജ് കുമാര്‍ ഗുപ്ത എന്നിവരാണ് ജില്ലയില്‍ എത്തിയത്. ജില്ലാതല അവലോകന യോഗത്തിനു ശേഷം വിവിധ കോവിഡ് ആശുപത്രികളും സംഘം സന്ദര്‍ശിച്ചു.

കോവിഡ് പ്രതിരോധത്തിന്റെ ആദ്യ നാളുകള്‍ മുതല്‍ ജില്ലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് സംഘത്തിന് മുന്നില്‍ അവതരിപ്പിച്ചു.വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍, ലോക്ക് ഡൗണിനോട് അനുബന്ധിച്ചു നടത്തിയ വന്ദേഭാരത്, ശ്രമിക് ട്രെയിന്‍ മിഷനുകള്‍, കമ്മ്യൂണിറ്റി കിച്ചന്‍ പ്രവര്‍ത്തനങ്ങള്‍, കോണ്‍ടാക്ട് ട്രൈസിങ് തുടങ്ങിയവ കലക്ടര്‍ വിശദീകരിച്ചു. ലോക്ക് ഡൗണിന് ഇളവുകള്‍ പ്രഖ്യാപിച്ചശേഷം നടത്തിയ പ്രവര്‍ത്തനങ്ങളും നിരീക്ഷണ സംവിധാനങ്ങളും കേന്ദ്ര സംഘത്തെ ധരിപ്പിച്ചു. സംസ്ഥാനത്തു ആദ്യമായി പ്രവര്‍ത്തനം ആരംഭിച്ച എഫ്. എല്‍. ടി. സി, എസ്. എല്‍. ടി. സി കളുടെ പ്രവര്‍ത്തന രീതിയും കോവിഡ് പ്രതിരോധരീതിയും കളക്ടര്‍ സംഘത്തിന് വിശദീകരിച്ചു നല്‍കി.

ജില്ലയിലെ കോവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തി. കോവിഡ് അപെക്‌സ് കേന്ദ്രമായ എറണാകുളം പി. വി. എസ് ആശുപത്രി,ഐ. സി 4 കേന്ദ്രം (കോവിഡ് ട്രാന്‍സ്പോര്‍ട്ടേഷന്‍ നെറ്റ്വര്‍ക്ക് ), അങ്കമാലി താലൂക്ക് ആശുപത്രി, ഡോണ്‍ ബോസ്‌കോ ബോയ്‌സ് ഹോം, അഡ്‌ലക്‌സ് എസ്. എല്‍. ടി. സി, തുറവൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം, അങ്കമാലി താലൂക്ക് ആശുപത്രി തുടങ്ങിയ സ്ഥലങ്ങളിലാണ് സംഘം എത്തിയത്. ആരോഗ്യ വകുപ്പ് ഉദ്യാഗസ്ഥരും കലക്ടര്‍ക്കൊപ്പം കേന്ദ്ര സംഘവുമായുള്ള ചര്‍ച്ചകളില്‍ പങ്കെടുത്തു.