അടുത്ത ഘട്ടത്തില്‍ 876 കുടുംബങ്ങള്‍ക്ക് ഭൂമിയും വീടും ലഭ്യമാക്കും

post

ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും
കൊല്ലം : ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തില്‍ ലൈഫ് മിഷന്റെ അടുത്ത ഘട്ടത്തില്‍ അര്‍ഹരായ 876 കുടുംബങ്ങള്‍ക്ക് ഭൂമിയും വീടും ലഭ്യമാക്കുമെന്ന് ഫിഷറീസ്ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടി അമ്മ. അഞ്ച് പഞ്ചായത്തുകളില്‍  പൂര്‍ത്തിയായ ഭവനങ്ങളുടെ താക്കോല്‍ദാനവും ലൈഫ് മിഷന്‍ കുടുംബസംഗമവും പാരിപ്പളളിയിലെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍  ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പദ്ധതിപ്രകാരം അനുവദിക്കപ്പെട്ട 963 വീടുകളില്‍ 809 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ 154 എണ്ണം  പൂര്‍ത്തീകരണത്തിന്റെ അന്ത്യഘട്ടത്തിലാണ്. 340 വീടുകള്‍ പൂര്‍ത്തിയായ കല്ലുവാതുക്കല്‍ പഞ്ചായത്തിലാണ് പദ്ധതിയുടെ ഗുണഭോക്താക്കളേറെയുമുള്ളത്.
 ഗുണഭോക്താക്കള്‍ക്ക്  സര്‍ക്കാരിന്റെ  വിവിധ ക്ഷേമ പദ്ധതികളും സേവനങ്ങളും ലഭ്യമാക്കുന്നതിനായി ഇരുപതോളം വകുപ്പുകളുടെ പങ്കാളിത്തത്തോടെ അദാലത്തും നടന്നു. അടുത്ത ഘട്ടത്തില്‍ ഭവനരഹിതര്‍ക്ക് ഫ്‌ലാറ്റുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് അദാലത്തിന്റെ ഉദ്ഘാടനം  നിര്‍വഹിച്ച എം നൗഷാദ് എം എല്‍ എ പറഞ്ഞു. വിവിധ ക്ഷേമ പെന്‍ഷനുകള്‍, റേഷന്‍ കാര്‍ഡ്, ആധാര്‍ എന്നിവയ്ക്കുള്ള അപേക്ഷകള്‍, തിരുത്തലുകള്‍, ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കുമുള്ള സേവനങ്ങള്‍ എന്നിവയെ സംബന്ധിച്ച അപേക്ഷകളും പരാതികളും അദാലത്തില്‍ സ്വീകരിച്ചു.  ലഭിച്ച 476 പരാതികളില്‍ 263 എണ്ണം തീര്‍പ്പായി. ശേഷിക്കുന്നവയില്‍ അതിവേഗം തുടര്‍ നടപടി ഉണ്ടാകും.
ജി എസ് ജയലാല്‍ എം എല്‍ എ അധ്യക്ഷനായി.  ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ലൈല, വൈസ് പ്രസിഡന്റ് വി എസ് ലീ, ജില്ലാ പഞ്ചായത്തംഗം എന്‍ രവീന്ദ്രന്‍, ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി ആര്‍ ദീപു, ആദിച്ചനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം സുഭാഷ്, കല്ലുവാതുക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ സിന്ധു, ചാത്തന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല വര്‍ഗീസ്, പൂതക്കുളം പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാര്‍, പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ ബൈജു ജോസ്,  ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ് ശംഭു,  ഇത്തിക്കര ബ്ലോക്ക് ജോയിന്റ് ബി ഡി ഒ അജയകുമാര്‍ വി പി എന്നിവര്‍ സംസാരിച്ചു. ഉദ്ഘാടനത്തിന് ശേഷം കലാമണ്ഡലം റിയാ രാജിന്റെ നേതൃത്വത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വജ്രജൂബിലി ഫെല്ലോഷിപ്പ് കലാകാരന്‍മാരുടെ നൃത്തപരിപാടികളും നടന്നു.