തിരുവനന്തപുരത്ത് രോഗവ്യാപനം കുറഞ്ഞു, രോഗമുക്തി 79%

post

കനത്ത ജാഗ്രത തുടരണമെന്ന് കളക്ടര്‍

തിരുവനന്തപുരം: കോവിഡ് 19ന്റെ അതിരൂക്ഷമായ സമൂഹ വ്യാപനത്തില്‍നിന്നു തലസ്ഥാന ജില്ല കരയേറുന്നു. ഈ മാസം ആദ്യം മുതല്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍  ഫലംകാണുന്നതിന്റെ സൂചനയായി കഴിഞ്ഞ ഒരാഴ്ചയിലേറെയായി തിരുവനന്തപുരത്ത് ആയിരത്തിനു താഴെയാണു പ്രതിദിന രോഗികളുടെ എണ്ണം. ഈ ദിവസങ്ങളിലെല്ലാം രോഗബാധിതരേക്കാള്‍ കൂടുതല്‍ പേര്‍ രോഗമുക്തരായതും ആശ്വാസം നല്‍കുന്നതാണ്. കോവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയ ശക്തമായ നിയന്ത്രണങ്ങളുടെ ഫലമാണ് രോഗപ്പകര്‍ച്ച കുറയുന്നുവെന്ന കണക്കുകള്‍ തെളിയിക്കുന്നതെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ പറഞ്ഞു.

ഈ മാസം 11 മുതലുള്ള ഒരാഴ്ചയ്ക്കിടെ ജില്ലയില്‍ 5591 പേര്‍ക്കാണു കോവിഡ് സ്ഥിരീകരിച്ചത്. ഈ ദിവസങ്ങളിലെ രോഗമുക്തരുടെ എണ്ണം 7341 ആണ്. ജില്ലയിലെ ആകെ രോഗമുക്തി നിരക്ക് 79 ശതമാനത്തിലെത്തി നില്‍ക്കുന്നു. സംസ്ഥാന ശരാശരി 72 ആണ്. സംസ്ഥാനത്തുതന്നെ രോഗമുക്തി നിരക്ക് ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ ജില്ലയും തിരുവനന്തപുരമാണ്. വയനാടാണ് ഒന്നാം സ്ഥാനത്ത്. പരിശോധനകളുടെ എണ്ണത്തിലും സംസ്ഥാന ശരാശരിയേക്കാള്‍ മുന്നിലാണ് തിരുവനന്തപുരം.

കഴിഞ്ഞ ഒരാഴ്ച തിരുവനന്തപുരത്തെ രോഗബാധിതരുടേയും രോഗമുക്തരായവരുടെയും എണ്ണം

(തീയതി, രോഗം സ്ഥിരീകരിച്ചവര്‍, രോഗമുക്തര്‍ എന്ന ക്രമത്തില്‍)

ഒക്ടോബര്‍ 11 (797, 1200), ഒക്ടോബര്‍ 12 (629, 830), ഒക്ടോബര്‍ 13 (777, 815), ഒക്ടോബര്‍ 14 (581, 871), ഒക്ടോബര്‍ 15 (679, 775), ഒക്ടോബര്‍ 16 (595, 780), ഒക്ടോബര്‍ 17 (848, 860), ഒക്ടോബര്‍ 18 (685, 1210)

സി.ആര്‍.പി.സി. 144 പ്രകാരമുള്ള നിയന്ത്രണങ്ങള്‍ക്കു പുറമേ ശക്തമായ ക്വാറന്റൈന്‍ സംവിധാനവും കണ്ടെയ്ന്‍മെന്റ് സോണ്‍ നിശ്ചയിക്കുന്നതിലെ ശാസ്ത്രീയ രീതിയും രോഗവ്യാപനം കുറയ്ക്കാന്‍ സഹായിക്കുന്നതായി ജില്ലാ കളക്ടര്‍ പറഞ്ഞു. ഇന്നലെ വരെയുള്ള (ഒക്ടോബര്‍ 18) കണക്കുകള്‍ പ്രകാരം 30,758 പേര്‍ രോഗ ലക്ഷണങ്ങളെത്തുടര്‍ന്നു ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. ഇവരില്‍ 3,683 പേര്‍ ആശുപത്രികളിലും 27,075 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ കഴിയുന്ന 5905 പേര്‍ രോഗം സ്ഥിരീകരിച്ചവരാണ്. ഇവരുടെ സമ്പര്‍ക്കവും മറ്റു വിവരങ്ങളും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ സജ്ജീകരിച്ചിട്ടുള്ള വാര്‍ റൂമില്‍ കൃത്യമായി ശേഖരിക്കുന്നുണ്ട്. ഇതിന്റെകൂടി അടിസ്ഥാനത്തിലാണു സമ്പര്‍ക്കബാധിതരെ ക്വാറന്റൈനിലാക്കുന്നത്. ജില്ലയിലെ ഓരോ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങള്‍ക്കും പ്രത്യേകം ചുമതല നല്‍കിയാണു വാര്‍ റൂമിന്റെ പ്രവര്‍ത്തനം. രോഗബാധ ഏറെയുള്ള സ്ഥലങ്ങള്‍ സംബന്ധിച്ചു വാര്‍ റൂമില്‍നിന്നു ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെയും ആരോഗ്യ വകുപ്പിന്റെുയം അഭിപ്രായപ്രകാരം കണ്ടെയ്ന്‍മെന്റ് സോണാക്കേണ്ട പ്രദേശങ്ങളില്‍ ശക്തമായ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തും. ഇന്നലെ വരെയുള്ള കണക്കു പ്രകാരം ജില്ലയിലെ ആറു താലൂക്കുകളിലായി 388 കെണ്ടയ്ന്‍മെന്റ് സോണുകളാണുള്ളത്.

വരും ദിവസങ്ങളിലും ശക്തമായ നിയന്ത്രണങ്ങള്‍ തുടരും.  പൊതുജനങ്ങള്‍ ഇപ്പോള്‍ നല്‍കുന്ന സഹകരണം രോഗവ്യാപനം പൂര്‍ണ്ണമായും ഒഴിവാകുന്നതുവരെയുണ്ടാകണം. രോഗവ്യാപനം നിയന്ത്രിക്കാന്‍ ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തുന്ന നിര്‍ദേശങ്ങള്‍ പാലിക്കാന്‍ എല്ലാവരും മുന്നോട്ടുവരണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു.