മനുഷ്യര്‍ക്കും ജൈവവൈവിധ്യത്തിനും ഇടയിലുണ്ടാവുന്ന തകര്‍ച്ച പ്രകൃതിയില്‍ സൃഷ്ടിക്കുന്ന ആഘാതം വലുത്: മുഖ്യമന്ത്രി

post

തിരുവനന്തപുരം: മനുഷ്യരും ആരോഗ്യവും ജൈവവൈവിധ്യവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്നും അതിലുണ്ടാകുന്ന തകര്‍ച്ച പ്രകൃതിയില്‍ സമാനതകളില്ലാത്ത ആഘാതം സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോഴിക്കോട് മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ റിസര്‍ച്ച് ബ്‌ളോക്കും ഗസ്റ്റ് ഹൗസും മലബാര്‍ അക്വാട്ടിക് ബയോപാര്‍ക്കും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോവിഡ് 19ന്റെ കാലത്ത് ആഗോളതലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട വിഷയം ജൈവവൈവിധ്യമാണ്. വനനശീകരണം, ശുചിത്വമില്ലായ്മ തുടങ്ങി കൊറോണ വൈറസ് വരെ എത്തി നില്‍ക്കുന്നു മനുഷ്യരാശി നേരിടുന്ന വിപത്തുകള്‍. ജൈവവൈവിധ്യ സംരക്ഷണം മുന്‍ഗണനയായി കണ്ട് ഹരിതകേരളം മിഷന്‍ സ്ഥാപിച്ച് പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഏകോപിപ്പിച്ചുവരികയാണ്. ശുചിത്വം, മാലിന്യ സംസ്‌കരണം, മണ്ണ്, ജല സംരക്ഷണം, ജൈവകൃഷി എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനമാണ് നടത്തുന്നത്. ജനപങ്കാളിത്തമാണ് ഇതിന്റെയെല്ലാം അടിസ്ഥാന ഘടകം.

വിനോദോപാധിക്കും പഠന ഗവേഷണത്തിനും ഒരു പോലെ ഉപയോഗപ്രദമായ പദ്ധതിക്കാണ് മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ തുടക്കമായിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക്, പ്രത്യേകിച്ച് സസ്യശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനകരമാണിത്. ഇവിടെ താമസിച്ച് പഠനഗവേഷണ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യമുണ്ട്. ഗാര്‍ഡന്‍ ഫോര്‍ എഡ്യൂക്കേഷന്‍ എന്ന പഠന ഗവേഷണ രീതി സജീവമാക്കാനാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പൂര്‍ണസജ്ജമായ ഗവേഷണ ലാബ്, നാല് ഗസ്റ്റ് റൂമുകള്‍, 44 കിടക്കകളുള്ള ഡോര്‍മെറ്ററി ഗസ്റ്റ് ഹൗസ് കോംപഌ്‌സ്, പ്രത്യേക സസ്യസംരക്ഷണ കേന്ദ്രം, അമിനിറ്റി കോംപഌ്‌സ് എന്നിവയാണ് ഇവിടെ തയ്യാറായത്. ജലസംരക്ഷണം, ജലസസ്യങ്ങളുടെ തനത് ആവാസ വ്യവസ്ഥകളുടെ പുനസൃഷ്ടി, മഴവെള്ള സംഭരണം എന്നിവയാണ് മലബാര്‍ അക്വാട്ടിക് ബയോ പാര്‍ക്കിന്റെ ഭാഗമായി നടക്കുക. ഉന്നത ഗവേഷണം കൈകാര്യം ചെയ്യാന്‍ കഴിയുന്ന പൂര്‍ണ ഗവേഷണ സ്ഥാപനമായി മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ മാറിയതായി മുഖ്യമന്ത്രി പറഞ്ഞു.