ഡോക്ടര്‍ ബി.ഇക്ബാല്‍ ചാലിയാര്‍ കുടുംബാരോഗ്യ കേന്ദ്രം സന്ദര്‍ശിച്ചു

post

മലപ്പുറം : സംസ്ഥാന ആസൂത്രണ ബോര്‍ഡ് മെമ്പറും മുന്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സലറും ആരോഗ്യവിദ്യാഭ്യാസ വിദഗ്ദ്ധനുമായ ഡോക്ടര്‍ ബി.ഇക്ബാല്‍ ചാലിയാര്‍ കുടുംബാരോഗ്യ കേന്ദ്രം സന്ദര്‍ശിച്ചു. ചാലിയാര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ അംഗീകാരം ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഡോക്ടര്‍ ബി.ഇക്ബാല്‍  സന്ദര്‍ശനം നടത്തിയത്. 
    ആര്‍ദ്രം പദ്ധതി നടപ്പാക്കുന്നതിലൂടെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ വന്നിട്ടുള്ള വ്യതിയാനങ്ങളെ കുറിച്ച് അപഗ്രഥനം നടത്തുന്നതിനാണ് ഡോക്ടര്‍ ബി ഇക്ബാല്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നത്. ചാലിയാര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ കീഴില്‍ ആദിവാസി മേഖലയില്‍ നടപ്പാക്കുന്ന ട്രൈബല്‍ ഹബ്,  സ്‌പെഷ്യാലിറ്റി വിഭാഗവുമായി നടപ്പിലാക്കുന്നതും, ഹൃദ്രോഗികള്‍ക്ക് ഏറെ ഗുണകരവുമായ ടെലി മെഡിസിന്‍, ഗര്‍ഭിണികള്‍ക്കുള്ള പ്രതിമാസ സെപഷ്യാലിറ്റി പരിശോധനയായ പി.എം.എസ്.എം.എ, ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന സായാഹ്ന ഒ.പി. തുടങ്ങിയ പദ്ധതികളെക്കുറിച്ച് ഗ്രാമപഞ്ചായത്ത് പ്രതിനിധികളുമായും ആശുപത്രി ജീവനക്കാരുമായി അദ്ദേഹം ചര്‍ച്ച നടത്തി. വിവിധ ഫണ്ടുകളുപയോഗിച്ച് ചാലിയാര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടത്തിവരുന്ന വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചും അദ്ദേഹം നേരില്‍ കണ്ടറിഞ്ഞു. ആശുപത്രിയുടെ എല്ലാവിധ പ്രവര്‍ത്തനങ്ങളും അദ്ദേഹം പരിശോധിച്ചു സംതൃപ്തി രേഖപ്പെടുത്തി.
ചാലിയാര്‍ കുടുംബാരോഗ്യ കേന്ദ്രത്തിനു കീഴിലെ എളമ്പിലാക്കോട് ആരോഗ്യ ഉപകേന്ദ്രവും ഡോ.ബി.ഇക്ബാല്‍ സന്ദര്‍ശിച്ചു. ചാലിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി.ഉസ്മാന്‍,  സ്ഥിരം സമിതി അംഗങ്ങളായ  പ്രമീള, തോണിക്കടവന്‍ ഷൗക്കത്ത്, ദേശീയ ആരോഗ്യ ദൗത്യം  ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഷിബുലാല്‍,  ചാലിയാര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.ടി.എന്‍.അനൂപ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.അരുണ്‍കുമാര്‍, പബ്ലിക് ഹെല്‍ത്ത് നഴ്‌സ് വഹീദ റഹ്മാന്‍, ആശുപത്രി വികസന സമിതി അംഗം നാലകത്ത് അബ്ദുറഹ്മാന്‍, കാപ്പാടന്‍ റസാഖ്, ആശുപത്രി ജീവനക്കാര്‍, വിവിധ സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.