തദ്ദേശ തിരഞ്ഞെടുപ്പ്: കോവിഡ് 19 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉത്തരവായി

post

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ഈ വര്‍ഷം നടത്തുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും ഉദ്യോഗസ്ഥരും സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ഉത്തരവായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു.

തിരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ സെപ്റ്റംബര്‍ 18ന് വിളിച്ചുചേര്‍ത്ത രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ കരട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഈ യോഗത്തിലെ തീരുമാനങ്ങളുടെകൂടി അടിസ്ഥാനത്തിലാണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി ഉത്തരവായത്.

941 ഗ്രാമ പഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍ 86 മുനിസിപ്പാലിറ്റികള്‍ ആറുമുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലായി 21,865 വാര്‍ഡുകളിലേയ്ക്കാണ് ഈ വര്‍ഷം പൊതുതിരഞ്ഞെടുപ്പ് നടത്തുന്നത്. പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ക്കുളള പരിശീലനം, ഇ.വി.എം. ഫസ്റ്റ് ലെവല്‍ ചെക്കിംഗ് എന്നിവ പുരോഗമിച്ച് വരുകയാണ്. അന്തിമ വോട്ടര്‍പട്ടിക ഒക്‌ടോബര്‍ ഒന്നിന് പ്രസിദ്ധീകരിച്ചിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും മറ്റും ഒരു അവസരം കൂടി നല്‍കും.