മകരവിളക്ക് ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

post

പത്തനംതിട്ട: ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ മകരവിളക്ക് ഉത്സവത്തിന് ഇനി രണ്ടുനാള്‍. ജനുവരി 15ന് വൈകുന്നേരം 6.45ന് പൊന്നമ്പലമേട്ടില്‍ മകരവിളക്കും ആകാശത്ത് മകരജ്യോതിയും തെളിയും. മകരസംക്രമ പൂജ നടക്കുന്നത് ജനുവരി 15ന് പുലര്‍ച്ചെ 2.09ന് ആണ്. പൂജ കഴിഞ്ഞ് 2.30ന് ഹരിവരാസനം പാടി ക്ഷേത്രനട അടയ്ക്കും. പിന്നീട് നാല് മണിക്ക് വീണ്ടും തുറക്കും. ഭക്തര്‍ക്ക് പൊന്നമ്പലമേട്ടിലെ മകരവിളക്ക് ദര്‍ശിക്കാന്‍ തെരെഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ എല്ലാ ക്രമീകരണങ്ങളും അവസാന ഘട്ടത്തിലാണ്.

ജനുവരി 14ന് ചൊവ്വാഴ്ച:

രാവിലെ 3.00ന് നടതുറക്കല്‍. 

3.05ന് നിര്‍മ്മാല്യദര്‍ശനം,അഭിഷേകം

3.15 മുതല്‍ 7 മണിവരെ നെയ്യഭിഷേകം

3.30ന് ഗണപതിഹോമം.

തുടര്‍ന്ന് ശ്രീകോവിലിന് പുറത്ത് ബിംബശുദ്ധിപൂജയും, കലശപൂജയും നടക്കും.

7.30ന് ഉഷപൂജ, ശേഷം ബിംബശുദ്ധി, കലശാഭിഷേകം തുടര്‍ന്ന് 11 മണി വരെ നെയ്യഭിഷേകം ഉണ്ടാകും.

11.30ന് ഇരുപത്തിയഞ്ച് കലശാഭിഷേകം

12.00 മണിക്ക് കളഭാഭിഷേകം

12.30ന് ഉച്ചപൂജ, 1 മണിക്ക്  ക്ഷേത്രതിരുനട അടക്കും.

വൈകുന്നേരം 4.00ന് നടതുറക്കും (നട തുറന്നാല്‍ പിന്നീട് മകരസംക്രമ പൂജ പൂര്‍ത്തിയാക്കി, അതായത് ജനുവരി 15ന് പുലര്‍ച്ചെ 2.30ന് മാത്രമേ നട അടക്കുകയുള്ളു). 

14ന് വൈകുന്നേരം 6.30ന് ദീപാരാധന

7.00ന് പുഷ്പാഭിഷേകം 

9.30ന് അത്താഴപൂജ (അത്താഴപൂജ കഴിഞ്ഞാല്‍ നട അടക്കില്ല)

തുടര്‍ന്ന് 15ന് പുലര്‍ച്ചെ 2.09ന്  മകരസംക്രമപൂജ.

പൂജപൂര്‍ത്തിയാക്കി 2.30ന് ഹരിവരാസനം പാടി ക്ഷേത്ര ശ്രീകോവില്‍നട അടക്കും.

2.30ന്  സംക്രമ പൂജയും സംക്രമാഭിഷേകവും പൂര്‍ത്തിയാക്കി ഹരിവരാസനം പാടി ശ്രീകോവില്‍നട അടക്കും. തിരുവനന്തപുരം കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന് പ്രത്യേക ദൂതന്‍ വഴി കൊണ്ടുവരുന്ന നെയ്യ് ഉപയോഗിച്ചാണ് സംക്രമാഭിഷേകം.

പുലര്‍ച്ചെ 4.00 മണിക്ക് നട വീണ്ടും തുറക്കും. തുടര്‍ന്ന് നിര്‍മ്മാല്യദര്‍ശനവും അഭിഷേകവും

4.15 മുതല്‍ 7.00 വരെ നെയ്യഭിഷേകം

7.30ന് ഉഷപൂജ. 8 മുതല്‍ 11.00 മണി വരെ നെയ്യഭിഷേകം

11.30ന് കലശാഭിഷേകം

ഉച്ചപൂജ കഴിഞ്ഞ് 1.00 മണിക്ക് ക്ഷേത്ര നട അടക്കും. വൈകുന്നേരം 5.00 മണിക്ക് ആണ് പിന്നീട് നട തുറക്കുക.

5.15ന് ക്ഷേത്ര സന്നിധിയില്‍ നിന്ന് ശരംകുത്തിയിലേക്ക് തിരുവാഭരണം സ്വീകരിക്കാനുള്ള പുറപ്പാട്

6.30ന് പൊന്നമ്പലവാസന് തിരുവാഭരണം ചാര്‍ത്തി മഹാദീപാരാധന.

6.45ന് പൊന്നമ്പലമേട്ടില്‍ മകരവിളക്ക് ദര്‍ശനം. തുടര്‍ന്ന് ആകാശത്ത് മകരജ്യോതി തെളിയും. വിളക്ക് ദര്‍ശനത്തിനുശേഷം ഭക്തര്‍ക്ക് തിരുവാഭരണം ചാര്‍ത്തിയുള്ള അയ്യപ്പവിഗ്രഹ ദര്‍ശനം.

9.00ന് അത്താഴപൂജ. അത്താഴപൂജ പൂര്‍ത്തിയായതിനു ശേഷം മാളികപ്പുറത്തു നിന്നും പതിനെട്ടാംപടിയിലേക്കുള്ള എഴുന്നള്ളത്ത് നടക്കും.

രാത്രി 10.50ന് ഹരിവരാസന കീര്‍ത്തനം പാടി 11 മണിക്ക്  തിരുനട അടക്കും.

ജനുവരി 15 മുതല്‍ 18 വരെ മാളികപ്പുറത്തുനിന്നും പതിനെട്ടാംപടിവരെ എഴുന്നള്ളത്ത് ഉണ്ടാകും. എഴുന്നള്ളത്ത് ഉള്ള ദിവസങ്ങളില്‍ ഒന്‍പത് മണിക്കായിരിക്കും അത്താഴപൂജ.

19ന് മാളികപ്പുറത്തുനിന്നും ശരംകുത്തിയിലേക്കുള്ള എഴുന്നള്ളത്ത് ആണ് നടക്കുക.

20ന് രാത്രി അയ്യപ്പസന്നിധിയില്‍ ഹരിവരാസനം പാടി തിരുനട അടച്ചുകഴിഞ്ഞ് 10.00 മണിക്ക് മാളികപ്പുറത്ത് കളമെഴുത്തും പാട്ടും ഗുരുസിയും  നടക്കും. (അന്നേദിവസം അത്താഴപൂജ രാത്രി 8.30ന് ആയിരിക്കും).

ജനുവരി 15 മുതല്‍ 19 വരെ മണിമണ്ഡപത്തില്‍ കളമെഴുത്തും പാട്ടും നടക്കും. അയ്യപ്പന്റെ നാല് ഭാവത്തിലുള്ള രൂപങ്ങളാണ് ഓരോ ദിവസവും കളത്തില്‍ വരക്കുക. ജനുവരി 17ന് പന്തളം കൊട്ടാര രാജപ്രതിനിധി ഉത്രം തിരുനാള്‍ പ്രദീപ് കുമാര്‍ വര്‍മ്മയുടെ സാന്നിദ്ധ്യത്തില്‍ കളമെഴുതി പൂജ നടത്തും.

നെയ്യഭിഷേകം 19 വരെ മാത്രം

നെയ്യഭിഷേകം ജനുവരി 19 വരെ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ഭക്തര്‍ക്ക് ജനുവരി 20 വരെ മാത്രമേ അയ്യപ്പദര്‍ശനം ഉണ്ടാകൂ. 16 മുതല്‍ 20 വരെ പടിപൂജയും ഉദയാസ്തമന പൂജയും ഉണ്ടാകും. 15 മുതല്‍ 18 വരെ മാത്രം ഭക്തര്‍ക്ക് തിരുവാഭരണ വിഭൂഷിതനായ അയ്യപ്പന്റെ തങ്കവിഗ്രഹം ദര്‍ശിച്ച് സായൂജ്യമടയാം. 21ന് രാവിലെ 6 മണിക്ക് പന്തളം രാജകൊട്ടാര പ്രതിനിധി അയ്യപ്പനെ ദര്‍ശിച്ച് കഴിഞ്ഞ ഉടനെ 6.30 ഓടെ പൊന്നമ്പലത്തിന്‍ ശ്രീകോവില്‍നട അടക്കും.