വിദ്യാഭ്യാസ നിലവാരം വര്‍ധിക്കുന്നതിനനുസരിച്ച് മാനവികതയും വര്‍ധിക്കണം: മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്

post

കൊച്ചി: വിദ്യാഭ്യാസം വര്‍ധിക്കുന്നതിനനുസരിച്ച് മാനവികതയും വര്‍ധിക്കണമെന്നും മനുഷ്യനെ മനുഷ്യനാക്കി മാറ്റുന്ന വിദ്യാഭ്യാസമാണ് അനിവാര്യമെന്നും മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. സംസ്ഥാന തല സ്‌കോള്‍ കേരള ദിനാഘോഷം എറണാകുളം ഗവ. എസ്.ആര്‍.വി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേവലം വിവരശേഖരണമല്ല വിദ്യാഭ്യാസം. വിവരശേഖരണം പ്രാഥമിക തലം മാത്രമാണ്. ശേഖരിക്കുന്ന വിവരങ്ങള്‍ അറിവുകളാക്കി മാറ്റണം. മനനവും അന്വേഷണവുമാണ് പഠനത്തിന്റെ ഭൂമിക. 

വിദ്യാഭ്യാസ നിലവാരം വര്‍ധിച്ചെങ്കിലും ഭരണഘടനാ മൂല്യങ്ങള്‍ ഓര്‍മ്മിപ്പിക്കേണ്ടി വരുന്ന കാലമാണിത്. മറ്റുള്ളവരുടെ വേദന തിരിച്ചറിയുകയും ആ വേദന ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോഴാണ് യഥാര്‍ഥ വിദ്യാഭ്യാസം നേടി എന്നു പറയാന്‍ കഴിയുക. വിദ്യാഭ്യാസത്തിന്റെ ദാര്‍ശനിക തലം ആണ് മനസിലാക്കേണ്ടത്. ആര്‍ജിക്കുന്ന അറിവുകള്‍ ഉപയോഗിച്ച് മനുഷ്യനിലുള്ള മാനവികമല്ലാത്ത ഭാവങ്ങളെ ഇല്ലാതാക്കുകയാണ് വേണ്ടത്. ജനകീയത, ആധുനികത, മാനവിക എന്നീ മൂന്ന് ആശയങ്ങളുടെ പരസ്പര ലയനമാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ലക്ഷ്യമിടുന്നത്. പഠനം ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്ന പ്രവൃത്തിയാണ്. സ്വരൂപിക്കുന്ന അറിവുകള്‍ അടുത്ത തലമുറയ്ക്ക് പകര്‍ന്നു നല്‍കണം. പരീക്ഷകളില്‍ ജയിക്കാന്‍ മാത്രമല്ല ജീവിക്കാനും പഠിക്കണമെന്ന് മന്ത്രി പറഞ്ഞു. 

വിദൂര വിദ്യാഭ്യാസവും തുടര്‍വിദ്യാഭ്യാസവും ഓപ്പണ്‍ സ്‌കൂള്‍ ശൃംഖലകളും പ്രചരിപ്പിക്കാനായി പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ സര്‍ക്കാര്‍ രൂപീകരിച്ച സ്ഥാപനമാണ് സ്‌കോള്‍ കേരള. ഔപചാരിക വിദ്യാഭ്യാസം നേടാന്‍ കഴിയാത്തവര്‍ക്ക് പഠനം സാധ്യമാക്കുകയാണ് പദ്ധതിയിലൂടെ. വിവിധ കോഴ്‌സുകള്‍ക്ക് വലിയ പ്രതികരണമാണ് ലഭിക്കുന്നതെന്ന് സ്‌കോള്‍  കേരള വൈസ് ചെയര്‍മാന്‍ ഡോ.കെ. മോഹന്‍കുമാര്‍ പറഞ്ഞു. 

എസ്. ആര്‍.വി. സ്‌കൂളില്‍ ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച ടി.ജെ. വിനോദ് എം.എല്‍.എ പറഞ്ഞു. സ്‌കൂളിലെ ശോചനീയാവസ്ഥയിലുള്ള ഡോ.കെ. കസ്തൂരി രംഗന്‍ ശാസ്ത്ര സാങ്കേതിക മ്യൂസിയവും മന്ത്രി സന്ദര്‍ശിച്ചു. മ്യൂസിയത്തിന്റെ പുനരുദ്ധാരണത്തിനായി വിശദമായ പദ്ധതി സമര്‍പ്പിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.