കോഴഞ്ചേരി പുതിയപാലം പൂര്‍ത്തിയാകുന്നത് 19.69 കോടി രൂപ ചെലവില്‍

post

പത്തനംതിട്ട: ആറന്മുള നിയോജക മണ്ഡലത്തിലെ തിരുവല്ല - കുമ്പഴ സംസ്ഥാന പാതയില്‍ പമ്പയാറിനുകുറുകെ പുതിയ കോഴഞ്ചേരി പാലത്തിന്റെ പണികള്‍ പുരോഗമിക്കുന്നു. കിഫ്ബി 2016-17 പ്രവൃത്തികളില്‍ ഉള്‍പ്പെടുത്തി കിഫ്ബിയുടെ ഫണ്ടില്‍ നിന്നും 19.69 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മിക്കുന്ന പാലത്തിന് 198.80 മീറ്റര്‍ നീളവും 7.5 മീറ്റര്‍ കാര്യേജ് വേ വീതിയും ഇരുവശങ്ങളിലുമായി 1.6 മീറ്റര്‍ വീതിയുള്ള നടപ്പാതയും അടക്കം ആകെ 12 മീറ്റര്‍ വീതിയാണുള്ളത്.

തോട്ടപ്പുഴശേരി ഭാഗത്ത് 344 മീറ്റര്‍ നീളത്തിലും കോഴഞ്ചേരി ഭാഗത്ത് 90 മീറ്റര്‍ നീളത്തിലുമാണ് അപ്രോച്ച് റോഡ് നിര്‍മിക്കുന്നത്. തോട്ടപ്പുഴശേരി പഞ്ചായത്ത് കാര്യാലയത്തിന് മുന്നില്‍ നിന്ന് ആരംഭിക്കുന്ന അപ്രോച്ച് റോഡ് കോഴഞ്ചേരി വണ്ടിപ്പേട്ടയ്ക്ക് മുന്‍പിലുള്ള വണ്‍വേ റോഡില്‍ അവസാനിക്കും. മാരാമണ്‍ കണ്‍വന്‍ഷനോട് അനുബന്ധിച്ച് പമ്പയാറിന്റെ കടവുകളിലേക്കുള്ള വഴികള്‍ നിലനിര്‍ത്തുന്നതിനായി പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള അപ്രോച്ച് റോഡിനു സമീപം നടവഴികളുമുണ്ട്.

പഴയ കോഴഞ്ചേരി പാലത്തിന് 5.5 മീറ്റര്‍ കാര്യേജ് വേ വീതിയാണുള്ളത്. 1948ല്‍ നിര്‍മിച്ച കോഴഞ്ചേരി പാലത്തിന്റെ ഇരുവശത്തേക്കുമുള്ള സുഗമമായ ഗതാഗതത്തിന് ഈ പാലം അപര്യാപ്തമായിരുന്നു. പുതിയ കോഴഞ്ചേരി പാലം വരുന്നതോടുകൂടി കോഴഞ്ചേരി ജംഗ്ഷനില്‍ നിലവിലുള്ള ഗതാഗതക്കുരുക്ക് കുറക്കാന്‍ സാധിക്കും.

19.69 കോടി രൂപ ചിലവില്‍ നിര്‍മിക്കുന്ന പാലത്തിന്റെ ഇരുവശത്തുമുള്ള അപ്രോച്ച് റോഡ്, ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ബിഎംബിസി വര്‍ക്കും ആവശ്യമായ സ്ഥലങ്ങളില്‍ സംരക്ഷണഭിത്തിയും ഉള്‍പ്പെടുത്തിയാണു നിര്‍മ്മിക്കുക.