ജില്ലയിലെ മെഗാ സീ ഫുഡ് പാര്‍ക്ക് ഉദ്ഘാടനത്തിനൊരുങ്ങുന്നു

ആലപ്പുഴ: സമുദ്രോത്പന്ന സംസ്‌കരണ വിപണന മേഖലയ്ക്ക് കരുത്തേകാനായി സംസ്ഥാന സര്‍ക്കാര്‍ നിര്‍മിക്കുന്ന ജില്ലയിലെ മെഗാ സീ ഫുഡ് പാര്‍ക്ക് ഉദ്ഘാടനത്തിനൊരുങ്ങുന്നു. 128 കോടി രൂപ ചെലവില്‍ വ്യവസായ വകുപ്പിന്റെ കീഴില്‍ നിര്‍മിക്കുന്ന പാര്‍ക്കിന്റെ ഭൂരിഭാഗം ജോലികളും പൂര്‍ത്തിയായി. പാര്‍ക്ക് പൂര്‍ണ സജ്ജമാകുന്നതോടെ ആയിരത്തില്‍ പരം ആളുകള്‍ക്ക് നേരിട്ടും പരോക്ഷമായി ധാരാളം പേര്‍ക്കും തൊഴില്‍ ലഭിക്കും.
തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തില്‍ 68 ഏക്കറിലാണ് പാര്‍ക്ക്. പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ 16 ഏക്കര്‍ സ്ഥലം കൂടി ഏറ്റെടുക്കും. മൊത്തം തുകയില്‍ 72 കോടി രൂപ സംസ്ഥാന സര്‍ക്കാരും 50 കോടി രൂപ കേന്ദ്ര സര്‍ക്കാരുമാണ് മുടക്കുന്നത്. ബാക്കി തുക ബാങ്ക് വായ്പ വഴിയാണ് കണ്ടെത്തിയത്.
ഭക്ഷ്യസംസ്‌കരണത്തിനായി സംരംഭകര്‍ക്ക് സഹായകരമായ അത്യാധുനിക സൗകര്യങ്ങളെല്ലാം പാര്‍ക്കില്‍ സജ്ജമാക്കി വരികയാണ്. ഗോഡൗണ്‍, കോള്‍ഡ് സ്‌റ്റോറേജ്, ഡീപ് ഫ്രീസ്, ഡിബോണിങ് സെന്റര്‍, പാര്‍ക്കിങ് സൗകര്യം, ശുദ്ധജലം, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ്, റോഡ്, വ്യവസായികള്‍ക്ക് വാടകയ്ക്ക് എടുക്കാവുന്ന കെട്ടിടങ്ങള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
നിലവില്‍ മൂന്ന് സമുദ്രോത്പ്പന്ന കമ്പനിയും ഒരു ഡ്രൈ ഫുഡ് കമ്പനിയും ഫുഡ് പാര്‍ക്കില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. സംരംഭകര്‍ക്ക് പാര്‍ക്കില്‍ 30 വര്‍ഷത്തെ പാട്ടവ്യവസ്ഥയിലാണ് ഭൂമി നല്‍കുന്നത്. 28 പ്ലോട്ടുകള്‍ ഇപ്പോള്‍ തന്നെ വിവിധ സംരംഭകര്‍ ഏറ്റെടുത്തിട്ടുണ്ട്. ഭക്ഷ്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍, മൂല്യവര്‍ധിത ഉത്പ്പന്നങ്ങളുടെ നിര്‍മാണം തുടങ്ങി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളാകും മെഗാ ഫുഡ് പാര്‍ക്കില്‍ ഉണ്ടാവുക.
2017ലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മെഗാ ഫുഡ് പാര്‍ക്കിന് തറക്കല്ലിട്ടത്. പാര്‍ക്കിന്റെ ഉദ്ഘാടനം ഉടന്‍ നടക്കുമെന്ന് കെ.എസ്.ഐ.ഡി.സി അധികൃതര്‍ പറഞ്ഞു.