കോവിഡാനന്തര ചികിത്സയ്ക്ക് സംവിധാനമൊരുക്കും: മുഖ്യമന്ത്രി

post

തിരുവനന്തപുരം: കോവിഡാനന്തര ചികിത്സയുടെ പ്രാധാന്യം കണക്കിലെടുത്ത് പോസ്റ്റ് കോവിഡ് കെയര്‍ സിസ്റ്റം ആരോഗ്യ വകുപ്പ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡ് രോഗബാധ വന്ന് പോയതിനുശേഷം നല്ല രീതിയിലുള്ള പരിചരണം രോഗികള്‍ക്ക് ആവശ്യമാണ്. അതിനാവശ്യമായ അതിനുള്ള മാര്‍ഗനിര്‍ദേശം ഉടനെ തയാറാക്കും. ടെലിമെഡിസിന്‍ സൗകര്യം ഇനിയും വിപുലപ്പെടുത്തും.  

സ്വകാര്യ ആശുപത്രികളില്‍ 10 ശതമാനം കിടക്കകള്‍ കോവിഡ് രോഗികള്‍ക്കായി റിസര്‍വ് ചെയ്യണമെന്ന നിര്‍ദ്ദേശത്തിന് അനുസൃതമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലകളില്‍ ഐസിയു കിടക്കകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലേയും സ്വകാര്യ ആശുപത്രികളിലെ ഐസിയു ബെഡ്ഡുകള്‍ എംപാനല്‍ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും പൂര്‍ത്തിയാവുകയാണ്.  ടെസ്റ്റിംഗ് നിരക്ക് കൂട്ടുന്നതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും പൊതുസ്ഥലങ്ങളില്‍ കിയോസ്‌കുകള്‍ കൂടുതലായി സ്ഥാപിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി 167 സ്ഥലങ്ങള്‍ കണ്ടെത്തുകയും, അവയില്‍ 57 ഇടങ്ങളില്‍ ഇതിനകം കിയോസ്‌കുകള്‍ പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു.

കോവിഡ് രോഗബാധിതരായവരില്‍ മറ്റു അനാരോഗ്യങ്ങള്‍ ഉള്ളവര്‍ കൃത്യമായ ഇടവേളകളില്‍ കോവിഡ് ടെസ്റ്റ് വീണ്ടും ചെയ്യേണ്ടത് അവരുടെ സുരക്ഷയ്ക്ക് അനിവാര്യമാണ്. ഇക്കാര്യത്തില്‍ ബോധവല്‍ക്കരണം സംസ്ഥാനത്ത് നടത്തും. അതിനാവശ്യമായ ക്യാംപെയ്ന്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്.

കുറച്ചു നാളുകളായി സംസ്ഥാനത്ത് രോഗവ്യാപനം വര്‍ദ്ധിച്ച സാഹചര്യത്തില്‍ കേസ് പെര്‍ മില്യണ്‍ 11,280 ആയി ഉയര്‍ന്നു. ദേശീയ ശരാശരി 5,790 ആണ്. അതിനനുസൃതമായി ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. 123524 ആണ് കേരളത്തിലെ നിലവിലെ ടെസ്റ്റ് പെര്‍ മില്യണ്‍. ഇന്ത്യയില്‍ അത് 76,440 ആണ്. മാസ്‌ക് ധരിക്കുന്നതിന്റെ പ്രാധാന്യം പൊതുജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ക്യാമ്പയിന്‍ ഒന്നുകൂടി ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് ബാധിച്ച് മരണമടയുന്നവരുടെ മൃതദേഹം വിട്ടുകൊടുക്കുന്നതിലും സംസ്‌കരിക്കുന്നതിലും കാലതാമസം വരുന്നെന്ന് ചിലയിടങ്ങളില്‍ പരാതി ഉയര്‍ന്നിട്ടുണ്ട്. ഇത് സംഭവിക്കാതിരിക്കാന്‍ ആശുപത്രികളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും മറ്റും തമ്മില്‍ ഏകോപനവും ജാഗ്രതയും വേണം. ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയില്‍ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനകാലം വരാനിരിക്കുകയാണ്. ദര്‍ശനത്തിന് ദിവസം 1,000 തീര്‍ത്ഥാടകര്‍ എന്ന രീതിയിലാണ് ക്രമീകരിക്കുന്നത്. അവധി ദിനങ്ങളിലും മകരവിളക്ക് ദിനത്തിലും തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കേണ്ടതായി വന്നേക്കാം. അവിടെ വരുന്ന ഗസ്റ്റിന്റെ കാര്യത്തിലും എണ്ണം അധികരിക്കാതെ നോക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആനുപാതികമായിരിക്കണം അവരുടെയും പ്രവേശനം. ഇക്കാര്യം ബന്ധപ്പെട്ടവര്‍ ഉറപ്പാക്കണം.

തീര്‍ത്ഥാടകര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതുപോലെ അവിടെ ജോലി  ചെയ്യുന്നവരും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എടുക്കണം. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന ശബരിമല തീര്‍ത്ഥാടകര്‍ കോവിഡ് രോഗബാധിതരായാല്‍  ഇവിടെത്തന്നെ ചികിത്സ സ്വീകരിക്കാന്‍ തയ്യാറാവുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങളും ചികിത്സയും നല്‍കും. മടങ്ങിപ്പോകുന്നവര്‍ക്ക് യാത്രാ സൗകര്യങ്ങള്‍ ഒരുക്കാനും വേണ്ട സംവിധാനങ്ങള്‍ തയ്യാറാക്കാന്‍ നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.