ഹരിത ക്യാമ്പസ് പദ്ധതി എല്ലാ ഐ.ടി.ഐകളിലും വ്യാപിപ്പിക്കും

post

11 ഐ.ടി.ഐകൾ  ഹരിതക്യാമ്പസായി

തിരുവനന്തപുരം: വ്യാവസായിക പരിശീലന വകുപ്പുമായി ചേർന്ന് ഹരിതകേരളം മിഷൻ നടപ്പാക്കുന്ന ഐ.ടി.ഐ ഹരിതക്യാമ്പസ് പദ്ധതി സംസ്ഥാനത്തെ എല്ലാ ഐ.ടി.ഐകളിലേക്കും വ്യാപിപ്പിക്കുമെന്ന് തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു. 11 ഐ.ടി.ഐകളെ ഹരിതക്യാമ്പസായി പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതി സംരക്ഷണത്തിനും കാർഷിക സംസ്‌കൃതി വീണ്ടെടുക്കുന്നതിനുമുള്ള സർക്കാരിന്റെ തീവ്രയജ്ഞത്തിൽ സംസ്ഥാനത്തെ ഐ.ടി.ഐ ട്രെയ്‌നികളെയും പരിശീലകരെയും ജീവനക്കാരെയും പങ്കാളികളാക്കാൻ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. പരിസ്ഥിതി സംരക്ഷണം, മാലിന്യ നിർമ്മാർജ്ജനം, ജലസ്രോതസ്സുകളുടെ സംരക്ഷണം, നാടിന്റെ പച്ചപ്പ് വീണ്ടെടുക്കൽ തുടങ്ങി എല്ലാ രംഗത്തും ജീവനക്കാരുടെയും പങ്കാളിത്തം ഉറപ്പു വരുത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു. 

ഐ.ടി.ഐ കഴക്കൂട്ടം (തിരുവനന്തപുരം), ഐ.ടി.ഐ ചന്ദനത്തോപ്പ് (കൊല്ലം), ഐ.ടി.ഐ ചെന്നീർക്കര (പത്തനംതിട്ട), ഐ.ടി.ഐ കട്ടപ്പന (ഇടുക്കി), വനിത ഐ.ടി.ഐ ചാലക്കുടി (തൃശൂർ), ഐ.ടി.ഐ മലമ്പുഴ (പാലക്കാട്), ഐ.ടി.ഐ വാണിയംകുളം (പാലക്കാട്), ഐ.ടി.ഐ അരീക്കോട് (മലപ്പുറം), വനിത ഐ.ടി.ഐ കോഴിക്കോട് (കോഴിക്കോട്), ഐ.ടി.ഐ കൽപ്പറ്റ (വയനാട്), ഐ.ടി.ഐ പുല്ലൂർ (കാസർഗോഡ്) എന്നിവയെയാണ് ഹരിത ഐ.ടി.ഐ ക്യാമ്പസുകളായി പ്രഖ്യാപിച്ചത്. ഹരിതക്യാമ്പസ് ആശയം സംസ്ഥാനത്തെ എല്ലാ കലാലയ ക്യാമ്പസുകളിലേക്കും വ്യാപിപ്പിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഹരിതകേരളം മിഷൻ എക്‌സിക്യുട്ടീവ് വൈസ് ചെയർപേഴ്‌സൺ ഡോ.ടി.എൻ.സീമ പറഞ്ഞു.