റീബില്‍ഡ് കേരള; പ്രളയാനന്തര പുനരുദ്ധാരണ പദ്ധതികള്‍ക്ക് തുടക്കമായി

post

ഇടുക്കി : പ്രളയാനന്തര പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള റീബില്‍ഡ് കേരളയുടെ ഭാഗമായി കണിയാപുരം, നെടുങ്കണ്ടം പഞ്ചായത്തുകളില്‍ നടപ്പിലാക്കുന്ന മണ്ണുജല സംരക്ഷണ പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി നിര്‍വ്വഹിച്ചു. കരുണാപുരം പഞ്ചായത്ത് പ്രസിഡന്റ് ടോമി പ്ലാവുവച്ചതില്‍ അദ്ധ്യക്ഷത വഹിച്ചു. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ജ്ഞാനസുന്ദരം മുഖ്യപ്രഭാഷണം നടത്തി.

പദ്ധതി പ്രദേശത്തെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ യോഗത്തില്‍ ആശംസ അര്‍പ്പിച്ചു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് കരുണാപുരം പഞ്ചായത്ത് ഹാളില്‍ നടത്തിയ യോഗത്തില്‍ പദ്ധതി നടത്തിപ്പിനായുള്ള ഗുണഭോക്തൃ സമിതിയും തെരഞ്ഞെടുത്തു.

ജലസംഭരണവും ലക്ഷ്യം

കരുണാപുരം പഞ്ചായത്തിന്റെ 1, 2, 3, 4, 5, 6, 7, 9, 17 വാര്‍ഡുകളും നെടുങ്കണ്ടം പഞ്ചായത്തിലെ 10-ാം വാര്‍ഡിന്റെ ഭാഗിക പ്രദേശങ്ങളും ചേര്‍ന്ന 2700

ഹെക്ടര്‍ വരുന്ന വിസ്തൃതമായ പ്രദേശങ്ങളിലാണ് മൂന്ന് കോടി രൂപ ചിലവഴിച്ച് വിവിധ മണ്ണുജല സംരക്ഷണ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്.

കരുണാപുരം പഞ്ചായത്ത് പ്രദേശം പൊതുവേ മഴ കുറച്ച് ലഭിക്കുന്ന മേഖലയാണ്. കനത്തമഴ ലഭിക്കുന്ന സമയങ്ങളില്‍ മണ്ണ് ഒലിച്ച് പ്രദേശത്തെ നീര്‍ച്ചാലുകള്‍ക്ക് ഉള്‍പ്പെടെ നാശനഷ്ടങ്ങള്‍ സംഭവിക്കുക പതിവാണ്. തുടര്‍ന്നുള്ള സമയങ്ങളില്‍ കടുത്ത വരള്‍ച്ചയും ജല ദൗര്‍ലഭ്യതയും അനുഭവപ്പെടുന്ന പ്രദേശമാണിവിവിടം. ഉപരിതല ജലസ്രോതസ്സുകള്‍ കുറവായ ഇവിടെ കുഴല്‍കിണറുകളെയാണ് കൂടുതലായും കര്‍ഷകര്‍ ആശ്രയിക്കുന്നത്.

ഇതേ തുടര്‍ന്ന് മണ്ണൊലിപ്പ് തടയുക, പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച പ്രദേശങ്ങളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക എന്നിവയോടൊപ്പം തന്നെ ഭൂഗര്‍ഭജല വിതാനം ഉയര്‍ത്തുക, മഴക്കാലത്ത് ലഭിക്കുന്ന ജലം സംഭരിച്ചു സൂക്ഷിക്കുക എന്നീ പ്രവര്‍ത്തനങ്ങളും പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

കര്‍ഷകര്‍ക്കായി നിരവധി പദ്ധതികള്‍

ഇതിന് പുറമേ കല്ല് കയ്യാല നിര്‍മാണം, മണ്ണ് കയ്യാല, വലിയ നീര്‍കുഴികള്‍ , പുല്ലുവച്ചു പിടിപ്പിക്കല്‍ , അഗ്രോ ഫോറസ്ട്രി , ഫലവൃക്ഷത്തൈ നടീല്‍, കിണര്‍ റീ ചാര്‍ജിംഗ്, മഴക്കാലത്ത് ലഭിക്കുന്ന വെള്ളം സംഭരിച്ചു വെയ്ക്കുന്നതിനായി കാര്‍ഷിക ഭൂമിയില്‍  നിര്‍മ്മിക്കുന്ന ചെറിയ കുളങ്ങളുടെ നിര്‍മാണം എന്നിങ്ങനെ കര്‍ഷകര്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്ന പ്രവര്‍ത്തനങ്ങളും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.

പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ കര്‍ഷകര്‍ വഴിയും ഗുണഭോക്തൃ സമിതി മുഖേനയുമാണ് നടപ്പിലാക്കുന്ന്.  പ്രളയക്കാലത്ത് നാശനഷ്ടം സംഭവിച്ച പ്രദേശങ്ങളുടെ പുനരുദ്ധാരണത്തിനായിട്ടുള്ള പാര്‍ശ്വഭിത്തി നിര്‍മാണം , പൊതു കുളങ്ങള്‍, ചോറ്റുപാറ ഗവണ്‍മെന്റ് സ്‌കൂളില്‍ നിര്‍മ്മിക്കുന്ന മഴവെള്ള സംഭരണി തുടങ്ങിയ പൊതു പ്രവര്‍ത്തനങ്ങള്‍ ടെണ്ടര്‍ മുഖേനയാണ് നടപ്പിലാക്കുകയെന്ന് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ അരുണ്‍ രാജ് പറഞ്ഞു.