ഏകീകൃതമായ മാറ്റം ഉന്നതവിദ്യാഭ്യാസ രംഗത്ത് സാധ്യമായി : മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

post

കൊല്ലം :  കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളിലൂടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഏകീകൃത മാറ്റമാണ് ഉണ്ടായതെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. പരവൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ ആയിരവല്ലി സ്‌കൂള്‍ കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിക്കായി(യു ഐ ടി) നിര്‍മിക്കുന്ന പുതിയ  കെട്ടിടത്തിന്റെ  താഴത്തെ നിലയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ഉന്നതവിദ്യാഭ്യാസവും പൊതുവിദ്യാഭ്യാസവും രാജ്യത്തിനാകെ മാതൃകയാവുന്ന തരത്തില്‍ മികവിലേക്ക് ഉയര്‍ന്നിരിക്കുന്നു. അക്കാദമിക നിലവാരം, മൂല്യനിര്‍ണയം, കാലതാമസം കൂടാതെയുള്ള ഫലപ്രഖ്യാപനം തുടങ്ങിയ കാര്യങ്ങളില്‍ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗം ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും  പ്രവര്‍ത്തന മികവാണ് വികസനനേട്ടങ്ങള്‍ക്ക് അടിസ്ഥാനമെന്നും മന്ത്രി പറഞ്ഞു.

ജി എസ് ജയലാല്‍ എം എല്‍ എ യോഗത്തില്‍ അധ്യക്ഷനായി. പരവൂരിലെ  ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ലഭിച്ച മികച്ച സംഭാവനയാണ് യു ഐ ടി യെന്നും നഗരസഭയുടെ ആഭിമുഖ്യത്തില്‍ ഇവിടെ നടന്നുവരുന്ന അടിസ്ഥാന സൗകര്യ-പശ്ചാത്തല വികസനം ഏറെ ഗുണകരമാകുമെന്നും എം എല്‍ എ പറഞ്ഞു.

നിലവില്‍ ബി ബി എ, ബികോം, ബി എ(ഇംഗ്ലീഷ്) എന്നീ മൂന്ന് ബിരുദ കോഴ്‌സുകളാണ് യു ഐ ടി യിലുള്ളത്. ഇവയ്ക്കാവശ്യമായ ക്ലാസ്സ് മുറികളും പുതിയ കോഴ്‌സുകള്‍ ആരംഭിക്കുന്നതിനാവശ്യമായ ബഹുനില കെട്ടിടവുമാണ് നിര്‍മിക്കുന്നത്.

നഗരസഭാ അധ്യക്ഷന്‍ കെ പി കുറുപ്പ്, വൈസ് ചെയര്‍പേഴ്സണ്‍ ആര്‍ ഷീബ, കേരള യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റംഗങ്ങളായ ജി മുരളീധരന്‍, ജെ ജയരാജ്, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ അനില്‍ പ്രകാശ്, സുധീര്‍ ചെല്ലപ്പന്‍, വി അംബിക, നിഷാകുമാരി, എ യാക്കൂബ്, വാര്‍ഡ് കൗണ്‍സിലര്‍ കെ സിന്ധു, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ സേതുമാധവന്‍, കെ ആര്‍ അജിത്, കൃഷ്ണചന്ദ്ര മോഹന്‍, യു ഐ ടി പ്രിന്‍സിപ്പല്‍ ഡോ സി ഷാജി, നഗരസഭാ സെക്രട്ടറി എന്‍ കെ വൃജ, നഗരസഭാ എഞ്ചിനീയര്‍ ജയനേന്ദ്രദാസ്  തുടങ്ങിയവര്‍ പങ്കെടുത്തു.

UIT