വികസിത രാജ്യങ്ങളെപ്പോലും പിന്നിലാക്കി കേരളത്തിലെ ആരോഗ്യരംഗം മുന്നേറുന്നു:- മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

post

കൊല്ലം : പൊതുജനാരോഗ്യത്തിന് പ്രാമുഖ്യം നല്‍കി വികസിത രാജ്യങ്ങളെപ്പോലും പിന്നിലാക്കുന്ന തരത്തില്‍ കേരളത്തിലെ ആരോഗ്യരംഗം മുന്നേറുകയാണെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. പൂതക്കുളം ഗ്രാമപഞ്ചായത്തിലെ നിര്‍മാണം പൂര്‍ത്തിയായ ഹോമിയോ ഡിസ്പെന്‍സറി മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജില്ലാ-താലൂക്ക് ആശുപത്രികളിലും പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുള്ള ആധുനിക സജീകരണങ്ങള്‍ ആരോഗ്യരംഗത്തെ  മുന്നേറ്റത്തിന്റെ തെളിവാണ്. കോവിഡ് കാലത്ത് കേരളം കൈക്കൊണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങളും നടപടികളും ലോകത്തിനാകെ മാതൃകയാക്കാവുന്ന തരത്തിലായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

ജി എസ് ജയലാല്‍ എം എല്‍ എ അധ്യക്ഷനായി. ദീര്‍ഘവീക്ഷണത്തോടുകൂടിയ അസൂത്രണത്തിന്റെ ഫലമെന്നോണം വികസനത്തിന്റെ ഗുണഫലങ്ങള്‍ സാധാരണക്കാരിലേക്ക് എത്തിക്കാന്‍ സാധിച്ചുവെന്ന് എം എല്‍ എ പറഞ്ഞു.

ആസൂത്രണ മികവില്‍ ജില്ലയിലെ ഒന്നാമത്തെ പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ട പൂതക്കുളം പഞ്ചായത്തിലെ ഭരണസമിതിയേയും നിര്‍വഹണ ഉദ്യോഗസ്ഥരെയും മന്ത്രി യോഗത്തില്‍ അഭിനന്ദിച്ചു. 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂതക്കുളത്ത് വാങ്ങിയ അഞ്ച് സെന്റ് വസ്തുവില്‍ 18 ലക്ഷം രൂപ ചിലവഴിച്ചാണ് ഹോമിയോ ഡിസ്പെന്‍സറി കെട്ടിടം നിര്‍മിച്ചത്. പൂതക്കുളം ഗ്രാമപഞ്ചായത്തിന്റെ വികസന രേഖ, സി ഡി എന്നിവയുടെ പ്രകാശനം മന്ത്രി ജി എസ് ജയലാല്‍ എം എല്‍ എ യ്ക്ക് നല്‍കി നിര്‍വഹിച്ചു.

പൂതക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാര്‍, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ലൈല, പൂതക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി ജി ജയ, സ്ഥിരം സമിതി അധ്യക്ഷരായ വി ജോയ്, വി അശോകന്‍ പിള്ള, ജി എസ് ശ്രീരശ്മി, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തംഗം എ ആശാദേവി, പൂതക്കുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി ജി ഷീജ, ഹോമിയോ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ ടി ആര്‍ മായ തുടങ്ങിയവര്‍ പങ്കെടുത്തു.