നെൽവയൽ ഉടമകൾക്ക് റോയൽറ്റി: ലഭിച്ചത് 77,057 അപേക്ഷകൾ

post

തിരുവനന്തപുരം:  സംസ്ഥാനത്ത് നെൽകൃഷി പ്രോത്‌സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നെൽവയൽ ഉടമകൾക്ക് സർക്കാർ നൽകുന്ന റോയൽറ്റിക്കായി ഒക്‌ടോബർ 28 വരെ ഓൺലൈനായി അപേക്ഷിച്ചത് 77,057 പേർ. ആദ്യം അപേക്ഷിച്ച 3,909 പേർക്കുള്ള ബിൽ പാസായി. നവംബർ അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്യുന്നതോടെ നെൽവയൽ ഉള്ളവർക്ക് റോയൽറ്റി നൽകുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും.

പയർ വർഗ്ഗങ്ങൾ, പച്ചക്കറി, നിലക്കടല, എള്ള് എന്നിങ്ങനെ നെൽവയലിന്റെ അടിസ്ഥാന സ്വഭാവത്തിൽ മാറ്റം വരുത്താതെ കൃഷിചെയ്യുന്നവർക്കും ഹ്രസ്വകാല വിള കൃഷി ചെയ്യുന്നവർക്കുമാണ് റോയൽറ്റി നൽകുക. ഹെക്ടറിന് വർഷം 2,000 രൂപവീതമാണ് റോയൽറ്റി. ഈ തുക ബാങ്ക് അക്കൗണ്ട് മുഖേനയാണ് വിതരണം ചെയ്യുക. നെൽവയലിന്റെ ഭൗതിക പരിശോധനയും രേഖകളുടെ ഓൺലൈൻ പരിശോധനയും കഴിഞ്ഞാൽ കർഷകരുടെ അക്കൗണ്ടിൽ തുക ലഭിക്കും.

2020-21ലെ ബഡ്ജറ്റിൽ നെൽകൃഷി വികസനത്തിനായി ആകെ 118.24 കോടി രൂപയാണ് വകയിരുത്തിയത്. ഇതിൽ ഉൾപ്പെടുത്തിയിരുന്ന ഘടകമായിരുന്നു നെൽവയൽ ഉടമകൾക്കുള്ള റോയൽറ്റി. 40 കോടി രൂപയാണ് പദ്ധതിക്കായി നീക്കിവച്ചിട്ടുള്ളത്. റോയൽറ്റിക്കായി സെപ്റ്റംബർ ഏഴിന് സർക്കുലർ നൽകി. തുടർന്ന് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. 

അപേക്ഷ സമർപ്പിക്കേണ്ട വിധവും സമർപ്പിക്കുമ്പോൾ കൈവശം വേണ്ട രേഖകളും:

www.aims.kerala.gov.in എന്ന പോർട്ടൽ വഴി ഓൺലൈനായി റോയൽറ്റിക്ക് അപേക്ഷിക്കാം. ജനസേവന കേന്ദ്രങ്ങളുടെ സഹായത്തോടെയും അപേക്ഷ നൽകാം. ഭൂമിയുടെ കൈവശ അവകാശ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഈ വർഷത്തെ കരം അടച്ച രസീത്, ആധാർ കാർഡ്, വോട്ടേഴ്സ് ഐഡി കാർഡ്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങി ഫോട്ടോ പതിപ്പിച്ചിട്ടുള്ള ഏതെങ്കിലുമൊരു തിരിച്ചറിയൽ രേഖ, ബാങ്ക് അക്കൗണ്ട് നമ്പർ, ബാങ്ക് പാസ്ബുക്കിന്റെ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള മുൻ പേജ് (ഐഎഫ്എസ്സി കോഡ് വ്യക്തമാകുന്ന പേജ്) അല്ലെങ്കിൽ റദ്ദാക്കിയ ചെക്ക് ലീഫ് എന്നിവ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം.

നെൽവയലുകൾ തരിശായി ഇട്ടിരിക്കുന്ന ഭൂവുടമകൾ പ്രസ്തുത ഭൂമി നെൽകൃഷിക്കായി സ്വന്തമായോ മറ്റു കർഷകർ /ഏജൻസികൾ മുഖേന ഉപയോഗപ്പെടുത്തുന്ന അടിസ്ഥാനത്തിൽ റോയൽറ്റി അനുവദിക്കും. എന്നാൽ പ്രസ്തുത ഭൂമി മൂന്നുവർഷം തുടർച്ചയായി തരിശായി കിടന്നാൽ പിന്നീട് റോയൽറ്റിക്ക് അർഹത ഉണ്ടായിരിക്കുന്നതല്ല. അതിനുശേഷം വീണ്ടും കൃഷി ആരംഭിക്കുന്ന മുറയ്ക്ക് റോയൽറ്റിക്ക് പരിഗണിക്കും. നിലവിൽ കർഷകർക്ക് മികച്ചയിനം നെൽവിത്തുകൾ കൃഷിഭവനുകൾ വഴി സൗജന്യമായി നൽകുന്നുണ്ട്. ഉഴവ് കൂലിയായി ഹെക്ടറിന് 17,500 രൂപയും പ്രൊഡക്ഷൻ ബോണസായി 1,000 രൂപയും, സ്ഥിര വികസന ഫണ്ടിൽ നിന്നും 5,500 രൂപയും നൽകുന്നു. സബ്സിഡി നിരക്കിൽ ജൈവ വളവും സൗജന്യ വൈദ്യുതിയും നൽകുന്നുണ്ട്. ഇതിന് പുറമേയാണ് ഇപ്പോൾ റോയൽറ്റി നൽകുന്നത്.

സംസ്ഥാനത്ത് നെൽവയൽ വിസ്തൃതി, ഉത്പാദനം, ഉത്പാദന ക്ഷമത എന്നിവയിൽ ഗണ്യമായ വർദ്ധനവാണ് കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ ഉണ്ടായത്. നെല്ല് ഉത്പാദനത്തിൽ രണ്ട് ലക്ഷം മെട്രിക് ടൺ വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഉത്പാദനത്തിൽ മാത്രമല്ല നെല്ല് സംഭരണത്തിലും റെക്കോർഡ് വർദ്ധനവാണ് ഈ വർഷം ഉണ്ടായിട്ടുള്ളത്. 2016-20ൽ സംഭരണ വിലയിൽ 28 ശതമാനം വർദ്ധനവാണ് കൈവരിച്ചത് (21.50 രൂപയിൽ നിന്ന് 27.48 രൂപയായി). 7.1 ലക്ഷം മെട്രിക് ടൺ നെല്ലാണ് 2019-20 വർഷം സംഭരിച്ചത്. പ്രളയം, കോവിഡ് തുടങ്ങി പല ഘട്ടത്തിലും പ്രതിസന്ധികൾ ഉണ്ടായെങ്കിലും നെൽകൃഷി അഭിവൃദ്ധിപ്രാപിച്ചത് കൂടുതൽ തരിശുനിലങ്ങൾ ഏറ്റെടുത്ത് കൃഷി ചെയ്തത് കൊണ്ടാണ്. 50,000 ഏക്കർ തരിശുനിലങ്ങളിലാണ് കഴിഞ്ഞ നാലരവർഷത്തിനിടെ വീണ്ടും കൃഷി ആരംഭിച്ചത്.