ഭരണരംഗത്ത് മലയാളം ഉപയോഗിക്കാന്‍ എല്ലാ ഉദ്യോഗസ്ഥരും ശ്രദ്ധിക്കണം: മുഖ്യമന്ത്രി

post

തിരുവനന്തപുരം:  ഭരണരംഗത്ത് മലയാളം ഉപയോഗിക്കാന്‍ എല്ലാ ഉദ്യോഗസ്ഥരും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മലയാളദിന സന്ദേശം ഓണ്‍ലൈനില്‍ നല്‍കുകയായിരുന്നു അദ്ദേഹം. ഭരണഭാഷയായി മലയാളം ഉപയോഗിക്കാത്തവര്‍ക്കെതിരെ ആവശ്യമെങ്കില്‍ അച്ചടക്ക നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ മടിക്കില്ല. സാധാരണക്കാരായ ജനങ്ങളെ സേവിക്കാനാണ് പി. എസ്. സി മുഖേന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്നത്. അതിനാല്‍ സര്‍ക്കാര്‍ സംവിധാനത്തിലേക്ക് വരുന്നവര്‍ മലയാളത്തില്‍ നന്നായി ആശയവിനിമയം നടത്താന്‍ കഴിയുന്നവരാകണം. ഇംഗഌഷും ന്യൂനപക്ഷ ഭാഷകളും ഉപയോഗിക്കേണ്ടിവരുന്ന സാഹചര്യത്തിലൊഴിലെ ഫയലുകള്‍ മലയാളത്തില്‍ കൈകാര്യം ചെയ്യാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ബാധ്യതയുണ്ട്. ഈ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. എന്നാല്‍ ചില വകുപ്പുകള്‍ പാലിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഏതു രാജ്യത്തെയും ഭാഷയുടെ വികസനവും ഭരണഭാഷയുടെ വികസനവും പരസ്പരപൂരകമാണ്. മലയാള ഭാഷയുടെ നിലനില്‍പിനായി അടിസ്ഥാനപരമായ നിയമനിര്‍മാണം നടത്താനായതിന്റെ സന്തോഷത്തിലാണ് കേരള സര്‍ക്കാര്‍. കേരളത്തിലെ കുട്ടികള്‍ക്ക് മാതൃഭാഷ പഠനം ഉറപ്പുവരുത്താനാണ് 2017ല്‍ മലയാള ഭാഷ പഠന ആക്ട് പാസാക്കിയത്. കേരള ജനതയ്ക്ക് സേവനം ഇപ്പോള്‍ അവകാശമാണ്. മലയാളികളെ സംബന്ധിച്ച് സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് കത്തും ഉത്തരവുകളും മലയാളത്തില്‍ ലഭിക്കുകയെന്നത് ഭാഷാപരമായ അവകാശമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഭരണരംഗത്ത് ഉപയോഗിക്കുന്ന 20,000 പദങ്ങളുടെ മലയാള രൂപം ചേര്‍ത്ത് ഭരണമലയാളം എന്ന ഓണ്‍ലൈന്‍ നിഘണ്ടുവും മൊബൈല്‍ ആപ്പും ഔദ്യോഗിക ഭാഷാ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ വെബ്‌സൈറ്റുകളിലെ വിവരം മലയാളത്തിലും ലഭ്യമാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഭരണനടപടികള്‍ മലയാളത്തിലാക്കണമെന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണ്.

ജാതി മത വര്‍ഗ വര്‍ണ രാഷ്ട്രീയ ചിന്തകള്‍ക്ക് അതീതമായി സാമൂഹ്യവും സാംസ്‌കാരികവും വൈകാരികവുമായി ജനതയെ ഇണക്കി നിര്‍ത്തുന്ന ഘടകം മലയാള ഭാഷയാണ്. പഠനവും ഭരണവും തുടങ്ങി കേരളീയരുടെ എല്ലാ സാമൂഹ്യ മണ്ഡലത്തിലും മലയാള ഭാഷാ വ്യാപനം സാധ്യമാകണം.

ഭരണഭാഷ മലയാളമാക്കാന്‍ ആദ്യം യത്‌നിച്ചത് ഇ. എം. എസ് സര്‍ക്കാരാണ്. ഇതിനായി കോങ്ങാട്ടില്‍ അച്യുതന്‍ കമ്മിറ്റി രൂപീകരിക്കുകയും നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുകയും ചെയ്തു. കേരളത്തില്‍ 97 ശതമാനം പേരുടെയും മാതൃഭാഷ മലയാളമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.