പ്രാദേശിക മാര്‍ക്കറ്റിംഗ് ശൃംഖലകള്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങാകുന്നു: മന്ത്രി എം.എം.മണി

post

ഇടുക്കി : പ്രാദേശിക മാര്‍ക്കറ്റിംഗ് ശൃംഖലകള്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങാകുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഇടുക്കി ജൈവഗ്രാം ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന മാര്‍ക്കറ്റിംഗ് ശൃംഖലയുടെ ജില്ലാതല ഉദ്ഘാടനം ചെറുതോണിയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകര്‍ക്ക്  ന്യായവിലയ്ക്ക് കാര്‍ഷികോത്പ്പന്നങ്ങള്‍ വില്ക്കുന്നതിനും മിതമായ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് ഉല്പന്നങ്ങള്‍ വാങ്ങുന്നതിനും മാര്‍ക്കറ്റിംഗ് ശൃംഗല പ്രയോജനപ്പെടും. കോവിഡ് പശ്ചാത്തലത്തില്‍ ഭക്ഷ്യക്ഷാമം തടയുന്നതിന് മുന്‍കരുതലായിട്ടാണ് സര്‍ക്കാര്‍ സുഭിക്ഷ കേരളം പദ്ധതി നടപ്പാക്കിയത്. അതിന് ജനങ്ങള്‍ പൂര്‍ണ്ണ സഹകരണമാണ് നല്കുന്നത്.  കോവിഡ് പ്രതിസന്ധിയെ മാനവരാശി അതിജീവിക്കുക തന്നെ ചെയ്യും.  സംസ്ഥാനത്തിന്റെ പ്രതിരോധ, മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍  കേരള മോഡല്‍ എന്ന പേരില്‍ ലോക ശ്രദ്ധ നേടിയത് അഭിമാനകരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചെറുതോണിയില്‍ നടന്ന ഉദ്ഘാടന യോഗത്തിന് ജൈവഗ്രാം സൊസൈറ്റി പ്രസിഡന്റ് സി.വി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ മുഖ്യ പ്രഭാഷണം നടത്തി.

മുന്‍ എംഎല്‍എ.കെ.കെ ജയചന്ദ്രന്‍ ,ജൈവഗ്രാം സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡ് അംഗം എം വി ബേബി,  പ്രൈമറി കോ ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യന്‍, പ്ലാനിംഗ് ഓഫീസര്‍ ഡോ. സാബു വര്‍ഗീസ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സുലോചന വി. ടി, ഗ്രാമ പഞ്ചായത്തംഗങ്ങളായ സുരേഷ് പി.എസ്, കെ.എം. ജലാലുദ്ദീന്‍, പ്രഭ തങ്കച്ചന്‍, അമ്മിണി ജോസ്, വിവിധ സംഘടനാ പ്രതിനിധികള്‍, ജന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലയുടെ വിവിധ മേഖലകളില്‍ നിന്ന് ഹോര്‍ട്ടികോര്‍പ്പുമായും സഹകരണ ബാങ്കുകളുമായും കര്‍ഷക കൂട്ടായ്മകളിലൂടെയും സംഭരിക്കുന്ന ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റിംഗ് ശൃംഖലയിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. ചെറുതോണിയില്‍ ആരംഭിച്ച മാര്‍ക്കറ്റിഗ് ശൃംഖലയില്‍ 20 സംരംഭ യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. പച്ചക്കറിഫല കാര്‍ഷിക വിളകള്‍, അലങ്കാര മത്സ്യങ്ങള്‍, പുഴ വളര്‍ത്തു മത്സ്യങ്ങള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍, മത്സ്യ മാംസ്യ ഉല്പ്പന്നങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍   തുടങ്ങി വിവിധയിനം സാധനങ്ങള്‍ ന്യായവിലയ്ക്ക് ഇവിടെ നിന്നും ലഭിക്കും. ചെറുതോണിയില്‍ ആരംഭിച്ച ശൃംഖലയിലൂടെ ഹോം ഡെലിവറി സംവിധാനവും ഒരുക്കിയിട്ടുണ്ട്.