സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സുസ്ഥിര സംരംഭങ്ങളായി വളരാന്‍ പിന്തുണ നല്‍കും : മുഖ്യമന്ത്രി

post

* ടെക്‌നോപാര്‍ക്കില്‍ ആക്‌സിലറേറ്റര്‍ ഫോര്‍ ഇലക്ട്രോണിക്‌സ് ടെക്‌നോളജീസിന് തുടക്കമായി

തിരുവനന്തപുരം : ഇലക്ട്രോണിക്‌സ് അനുബന്ധ മേഖലകളിലുള്ള അത്യാധുനിക സാങ്കേതിക വിദ്യാധിഷ്ഠിത സ്റ്റാര്‍ട്ടുപ്പുകള്‍ക്ക് വളരാന്‍ ഏറ്റവും അനുയോജ്യമായ അന്തരീക്ഷമാണ് കേരളത്തിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ടെക്‌നോപാര്‍ക്കില്‍ ആക്‌സിലറേറ്റര്‍ ഫോര്‍ ഇലക്ട്രോണിക്‌സ് ടെക്‌നോളജീസിന്റെ (എയ്‌സ്) ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

വളര്‍ച്ചാഘട്ടത്തിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സുസ്ഥിര സംരംഭങ്ങളായി വികസിക്കാനുള്ള പിന്തുണയൊരുക്കും. ഈ സഹായമാണ് 'ആക്‌സിലറേറ്റര്‍ ഫോര്‍ ഇലക്ട്രോണിക് ടെക്‌നോളജീസ്' നല്‍കുക. ഈ മേഖലയില്‍ പുതിയ സംരംഭങ്ങളുമായി നിരവധി യുവാക്കള്‍ മുന്നോട്ടുവരുന്നുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ പോലും ടെക്‌നോപാര്‍ക്കിലെ സ്റ്റാര്‍ട്ടപ്പ് മിഷനില്‍ അപ് സ്‌പേസിന് ഉയര്‍ന്ന ആവശ്യകതയാണുള്ളത്. 20ഓളം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇതിനകം സ്ഥലം ലഭ്യമാക്കി. ഇവിടെ പ്രവര്‍ത്തിക്കുന്ന ഫ്യൂച്ചര്‍ ടെക്‌നോളജി ലാബും ആക്‌സലേറ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്താകും.

അത്യാധുനിക ഇലക്ട്രോണിക് സംവിധാനങ്ങളുടെയും ഉപകരണങ്ങളുടെയും സേവനത്തിനും ഗവേഷണത്തിനും ഉതകുന്ന സോഫ്‌റ്റ്വെയര്‍ അധിഷ്ഠിത സംവിധാനങ്ങള്‍ക്ക് ആക്‌സിലറേറ്റര്‍ സഹായകമാകും. 50,000 ചതുരശ്രഅടി വിസ്തീര്‍ണ്ണമുള്ള ഈ ആക്‌സിലറേറ്റര്‍ സൗകര്യം വഴി 1000 ഓളം പേര്‍ക്ക് നേരിട്ട് തൊഴിലും അനുബന്ധമായുള്ള തൊഴിലവസരവും ലഭ്യമാകും.

വിവരസാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ 1600ല്‍ അധികം സ്റ്റാര്‍ട്ടപ്പുകള്‍ ഇപ്പോള്‍ കേരളത്തിലുള്ളത്. രണ്ടുലക്ഷത്തിലധികം ഇന്‍കുബേഷന്‍ സ്‌പേസും ഉണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് എല്ലാ അനുബന്ധ സൗകര്യവും ഒരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. രാജ്യത്തെ മികച്ച സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റമാണ് കേരളത്തിലുള്ളത്. അതിനെ കൂടുതല്‍ മെച്ചപ്പെട്ട നിലവാരത്തില്‍ എത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.

അതിന്റെ ഭാഗമായാണ് ഇന്റര്‍നെറ്റ് പൗരാവകാശമായി പ്രഖ്യാപിച്ചത്. പാവപ്പെട്ടവര്‍ക്ക് സൗജന്യനിരക്കില്‍ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കാനാണ് 1500 കോടിയുടെ കെഫോണ്‍ പദ്ധതിക്കും തുടക്കമിട്ടത്. സംസ്ഥാനത്തിന്റെ ഐ.ടി സ്‌പേസ് ഇരട്ടിയാക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ സഹകരണടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

കേരള സ്റ്റാര്‍ട്ടപ്പ് മിഷനും സിഡാക്കും സംയുക്തമായാണ് എയ്‌സ് സ്ഥാപിച്ചത്. സ്റ്റാര്‍ട്ടപ്പുകള്‍ക്കാവശ്യമായ ഭൗതികബൗദ്ധിക അടിസ്ഥാന സൗകര്യങ്ങള്‍ ആക്‌സലറേറ്ററില്‍ ലഭിക്കും. കൊച്ചിയിലെ സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഇന്‍കുബേറ്ററുമായി സഹകരിച്ചാവും എയ്‌സ് പ്രവര്‍ത്തിക്കുക. നിശ്ചിത കാലയളവില്‍ സിഡാക്കിന്റെ മാര്‍ഗനിര്‍ദ്ദേശവും ലഭ്യമാകും