കോവിഡാനന്തര ചികിത്സക്കായി പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍

post

തിരുവനന്തപുരം: കോവിഡ് രോഗമുക്തി നേടിയവരില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടുവരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ വ്യാപകമാക്കുന്നു. കോവിഡ് മുക്തരാകുന്നവരില്‍ 10 ശതമാനത്തിലേറെ പേര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ബാധിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍, സാമൂഹ്യ ആരോഗ്യകേന്ദ്രങ്ങള്‍, കുടുംബ ആരോഗ്യകേന്ദ്രങ്ങള്‍ എന്നിവിടങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകളില്‍ വരെ പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ക്ക് പുറമെ ടെലി മെഡിസിന്‍ സൗകര്യം പ്രയോജനപ്പെടുത്തി വിദഗ്ധരുമായി ആശയവിനിമയം നടത്താനും സൗകര്യമൊരുക്കുന്നുണ്ട്.

നിലവില്‍ കാസര്‍കോട് ജനറല്‍ ആശുപത്രി, വയനാട് മാനന്തവാടി ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. എല്ലാ പ്രവര്‍ത്തി ദിനങ്ങളിലും രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയാണ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ക്ലിനിക്ക് പ്രവര്‍ത്തിക്കുക.  കോവിഡ് വൈറസ് മുഖ്യമായും ശ്വാസകോശത്തെ ബാധിക്കുന്നതിനാല്‍ ആദ്യഘട്ട പരിശോധന ശ്വാസകോശരോഗ വിദഗ്ധന്റെ നേതൃത്വത്തിലാണ് ചെയ്യുന്നത്. ശരീരത്തിലെ മറ്റ് അവയവങ്ങള്‍ക്കുണ്ടാവുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വിദഗ്ധ ഡോക്ടര്‍മാരുടെ അടുത്തേക്ക് ക്ലിനിക്കില്‍ നിന്നും റഫര്‍ ചെയ്യും.

തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ 12 മണി വരെയാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സ ഉള്ളത്. ഇവിടെ ഗുരുതരമായ കോവിഡ് 19 ബാധിച്ച് സി കാറ്റഗറി ആയി ചികിത്സിക്കപ്പെട്ട രോഗികള്‍ക്കാണ് തുടര്‍ പരിശോധനയും ചികിത്സയും നല്‍കുന്നത്. കൂടാതെ രോഗം ബാധിച്ച് സുഖം പ്രാപിച്ച ആരോഗ്യ പ്രവര്‍ത്തകരെയും പരിശോധിക്കും.  പരിശോധനയ്ക്ക് വരുന്നവര്‍ ഡിസ്ചാര്‍ജ് കാര്‍ഡ് കൈയ്യില്‍ കരുതണം.

കോവിഡ് മുക്തരാകുന്ന പലര്‍ക്കും വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ നീണ്ടുനില്‍ക്കുന്നതായാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാതിരുന്നവരില്‍ പോലും കോവിഡാനന്തരം ശാരീരിക പ്രശ്‌നങ്ങള്‍ കണ്ടുവരുന്നുണ്ട്. ചുമ, ശ്വാസംമുട്ടല്‍, ഉറക്കക്കുറവ്, ക്ഷീണം, ശരീരവേദന, പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് തുടങ്ങിയ പ്രശ്‌നങ്ങളാണ് കണ്ടുവരുന്നത്. ഇതിനുപുറമെ നേരത്ത ഉണ്ടായിരുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടുതലായി അനുഭവപ്പെടുന്നവരും ഉണ്ട്. രോഗംഭേദമായ ശേഷം ചിലര്‍ക്ക് ഉണ്ടാകുന്ന  ആശങ്കയും ഭീതിയും പിരിമുറുക്കവും അകറ്റാന്‍ കൗണ്‍സലിങും നല്‍കും.