സഫാരിപാര്‍ക്കിലെ ചികിത്സാ കൂടുകള്‍ നവീകരിക്കും: മന്ത്രി കെ. രാജു

post

തിരുവനന്തപുരം: നെയ്യാര്‍ സഫാരി പാര്‍ക്കില്‍ മൃഗങ്ങളെ പാര്‍പ്പിക്കുന്നതിനും ചികിത്സിക്കുന്നതിനുമായി നിര്‍മ്മിച്ചിരിക്കുന്ന കൂടുകള്‍ നവീകരിക്കുമെന്നും പുതിയ ചികിത്സാകൂട് നിര്‍മ്മിക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു.

വയനാട്ടില്‍ നിന്നും ഇവിടെയെത്തിച്ച പെണ്‍കടുവ കൂട്ടില്‍ നിന്നും പുറത്തുചാടിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി, നിലവിലുള്ള സംവിധാനങ്ങളെ കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള നിര്‍ദേശങ്ങള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാന്‍ വകുപ്പുസെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു. നിലവിലുള്ള കൂടുകള്‍ ബലമുള്ളതാണെങ്കിലും പഴക്കമുള്ളവയാണ്. ആയതിനാല്‍ പഴയ കമ്പികളും വെല്‍ഡിങ്ങുകളും മാറ്റി പുതിയവ സ്ഥാപിക്കും. അത്യാധുനിക സംവിധാനങ്ങള്‍ ആവശ്യമെങ്കില്‍ അതിനുള്ള നടപടികളും ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

മൃഗങ്ങളെ പാര്‍പ്പിക്കുന്ന സ്ഥലത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ക്യാമറകള്‍ സ്ഥാപിക്കും. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പ്രത്യേക കാലയളവില്‍ അവിടം സന്ദര്‍ശിച്ച് സുരക്ഷ പരിശോധിക്കുന്നുവെന്നത് ഉറപ്പുവരുത്താന്‍  പ്രത്യേക ഡയറി സൂക്ഷിക്കും.

സംസ്ഥാനത്ത് ചികിത്സയും പരിചരണവും ആവശ്യമുള്ള കടുവകളെ പുന:രധിവസിപ്പിക്കാന്‍ വയനാട്ടില്‍ ടൈഗര്‍ സെന്റര്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കേന്ദ്രം സജ്ജമായിക്കഴിഞ്ഞാല്‍ പരിചരണം ആവശ്യമുള്ള കടുവകളെ അങ്ങോട്ട് മാറ്റും.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുമെന്നും മന്ത്രി പറഞ്ഞു.

വയനാട്ടില്‍ നിന്നെത്തി വാര്‍ത്തയില്‍ സ്ഥാനം പിടിച്ച പെണ്‍കടുവയ്ക്ക് 'വൈഗ' എന്ന പേരിട്ട ശേഷമാണ് മന്ത്രി മടങ്ങിയത്.