ശബരിമല തീര്‍ത്ഥാടനം: സുരക്ഷയ്ക്ക് ഒപ്പം സമ്മാനവും

post

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകരുടെയും പൂങ്കാവനത്തിന്റെയും സുരക്ഷക്കായ് ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ സന്നിധാനത്ത് സേഫ്റ്റി വാക് 20-20 എന്ന സുരക്ഷ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ലഘു ലേഖകളും ചോദ്യാവലിയും വിതരണം ചെയ്തു. ശരീരത്തില്‍ പൊള്ളലേറ്റാല്‍ ചെയ്യേണ്ട പ്രഥമ ശുശ്രൂഷ, വസ്ത്രത്തില്‍ തീപിടിച്ചാല്‍ എന്ത് ചെയ്യണം, മലകയറുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം, തുടങ്ങി ചോദ്യാവലിയില്‍ അടങ്ങിയിട്ടുള്ള ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം പൂരിപ്പിച്ച് നല്‍കുന്നവര്‍ക്ക് അഗ്നിശമന സേനയുടെ വക സമ്മാനം നല്‍കും. ഓരോ ചേദ്യങ്ങള്‍ക്കും നാല് ഉത്തരങ്ങള്‍ വീതം നല്‍കിയിട്ടുണ്ട്. 

സുരക്ഷയെ മുന്‍നിര്‍ത്തിയുള്ള 20 ചോദ്യങ്ങള്‍ അടങ്ങിയ ചോദ്യാവലി മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഇംഗ്ലീഷ് ഭാഷകളിലാണ് വിതരണം ചെയ്തത്. എല്ലാ ഭാഷകളില്‍ നിന്നും ശരിയുത്തരമയക്കുന്നവരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന രണ്ട് പേര്‍ക്ക് വീതമാണ് സമ്മാനം ലഭിക്കുക. ലഘുലേഖ വിതരണ പരിപാടിയുടെ ഉദ്ഘാടനം ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനര് നിര്‍വ്വഹിച്ചു.

അഗ്നി സുരക്ഷാ മാര്‍ഗങ്ങളെപ്പറ്റി തീര്‍ത്ഥാടകരില്‍ അവബോധം സൃഷ്ടിക്കുന്നതിനും പൂങ്കാവനത്തിന്റെ സുരക്ഷയെ മുന്‍നിര്‍ത്തിയുമാണ് പരിപാടി സംഘടിപ്പിച്ചതെന്ന് സന്നിധാനം അഗ്നിശമന സേന സ്‌പെഷ്യല്‍ ഓഫീസര്‍ എസ്. എല്‍. ദിലീപ് പറഞ്ഞു. ശബരിമല മേല്‍ശാന്തി അരീക്കര സുധീര്‍ നമ്പൂതിരി, ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ എസ്. മനോജ്, എക്‌സിക്യുട്ടീവ് ഓഫീസര്‍ വി. എസ്. രാജേന്ദ്രപ്രസാദ്, സന്നിധാനം ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ കെ. വി. ശിവദാസന്‍, അഗ്നിശമന സേനാംഗങ്ങള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.