പൂവണിഞ്ഞത് ചിരകാല സ്വപ്നം ജില്ലയില്‍ 3095 പട്ടയങ്ങള്‍ വിതരണം ചെയ്തു

post

വയനാട് : ജില്ലയില്‍ നാലരവര്‍ഷക്കാലയളവില്‍ 3095 പട്ടയങ്ങള്‍ വിതരണം വിതരണം ചെയ്തു. 444 പട്ടയങ്ങളുടെ വിതരണം കളക്‌ട്രേറ്റില്‍ ബുധനാഴ്ച നടന്നു. നാളിതുവരെ എല്‍.എ പട്ടയം  402, ലക്ഷം വീട് പട്ടയം  45, മിച്ചഭൂമി പട്ടയം 19, ദേവസ്വം പട്ടയം 143, എല്‍.ടി പട്ടയം  1725, മുത്തങ്ങ കൈവശ രേഖ  84, പട്ടികവര്‍ഗ്ഗ കൈവശരേഖ 557, വനാവകാശ രേഖ 80, കൈവശരേഖ1, ഭൂരഹിതരില്ലാത്ത കേരളം പദ്ധതി 39 എന്നിങ്ങനെയാണ് പട്ടയങ്ങള്‍ വിതരണം ചെയ്തത്.    

പട്ടയ വിതരണോദ്ഘാടനവും ജില്ലയിലെ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വ്വഹിച്ചു.  ഇച്ചാശക്തിയോടെ നടത്തിയ ഭരണ നടപടികളും ചട്ടഭേദഗതികളുമാണ് ഇത്രയും പേര്‍ക്ക് പട്ടയം നല്‍കാന്‍ സാധ്യമാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഏറ്റെടുത്ത വലിയൊരു ജനകീയ ആവശ്യങ്ങളിലൊന്നായിരുന്നു അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം പട്ടയം നല്‍കുകയെന്നത്. പതിറ്റാണ്ടുകളായി  സാങ്കേതികത്വ ത്തിിലും നിയമകുരുക്കുകളിലുപ്പെട്ട് ഭൂമിയുടെ അവകാശം നിഷേധിക്കപ്പെട്ട വലിയൊരു വിഭാഗം ജനങ്ങള്‍ സര്‍ക്കാര്‍ നടപടിയിലൂടെ ഭൂമിയുടെ അവകാശികളായി മാറിയതായും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ റവന്യുഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ അദ്ധ്യക്ഷത വഹിച്ചു.  

കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല പട്ടയ വിതരണ ചടങ്ങില്‍ വൈത്തിരി താലൂക്ക് പുത്തുമല പുനരധിവാസ പദ്ധതിയുടെ ഭാഗമായി കോട്ടപ്പടി വില്ലേജിലെ ഹര്‍ഷം പദ്ധതിയില്‍ 49 പേര്‍ക്കുളള ഭൂപതിവ് പട്ടയങ്ങള്‍, 35 കൈവശ രേഖകള്‍, 330 പേര്‍ക്ക് മാനന്തവാടി ലാന്റ് ട്രൈബ്യൂണല്‍ പട്ടയങ്ങള്‍, സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ 30 ഭൂപതിവ് പട്ടയങ്ങള്‍ അടക്കം 444 പട്ടയങ്ങളാണ് വിതരണം ചെയ്തത്.. ചടങ്ങില്‍ എം.എല്‍.എമാരായ സി.കെ ശശീന്ദ്രന്‍, ഐ.സി ബാലകൃഷ്ണന്‍ എന്നിവര്‍ രേഖകള്‍ ബന്ധപ്പെട്ട അവകാശികള്‍ക്ക് കൈമാറി.  ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാതമ്പി, എ.ഡി.എം കെ.അജീഷ്, സബ്കളക്ടര്‍ വികല്‍പ് ഭരദ്വാജ്, അസിസ്റ്റന്റ് കളക്ടര്‍ ഡോ.ബല്‍പ്രീത് സിങ് , ഡെപ്യൂട്ടി കളക്ടര്‍ ഇ.മുഹമ്മദ് യൂസഫ്,രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.