കോവിഡ് കാലം: ജില്ലയിലെ റവന്യൂ ഓഫീസുകളില്‍ നിന്ന് അനുവദിച്ചത് രണ്ടു ലക്ഷം സര്‍ട്ടിഫിക്കറ്റുകള്‍

post

പത്തനംതിട്ട: കോവിഡ് മഹാമാരിയെ തുടര്‍ന്ന് സമ്പൂര്‍ണ  ലോക്ഡൗണ്‍ ഉള്‍പ്പടെയുള്ള നിയന്ത്രണങ്ങള്‍ നിലവിലിരുന്ന കഴിഞ്ഞ ആറു മാസകാലത്തിനുള്ളില്‍ പത്തനംതിട്ട ജില്ലയിലെ 70 വില്ലേജ് ഓഫീസുകളിലും ആറു താലൂക്ക് ഓഫീസുകളിലുമായി രണ്ട്  ലക്ഷത്തിലധികം സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിച്ചതായി ജില്ലാ കളകടര്‍ പി.ബി നൂഹ് അറിയിച്ചു. ഇതില്‍ 173791 സര്‍ട്ടിഫിക്കറ്റുകള്‍ ഇ-ഡിസ്റ്റ്ട്രിക്റ്റ് പോര്‍ട്ടല്‍ മുഖേന ഓണ്‍ ലൈനിലൂടെയാണ് അനുവദിച്ചത്.

സര്‍ക്കാര്‍ നിബന്ധന പ്രകാരമുള്ള കോവിഡ്  മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തുന്നതിന് സഹായകരമായ തരത്തില്‍ പൊതുജനങ്ങള്‍ക്ക് വില്ലേജ്- താലൂക്ക് ഓഫീസുകള്‍ സന്ദര്‍ശിക്കാതെ വീട്ടില്‍നിന്നോ അക്ഷയകേന്ദ്രങ്ങള്‍ മുഖേനയോ ഇ-ഡിസ്റ്റ്ട്രിക്റ്റ് പോര്‍ട്ടല്‍ മുഖേന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അപേക്ഷിക്കാനുള്ള സംവിധാനമാണ് നിലവിലുള്ളത്.

സര്‍ക്കാരിന്റെ വിവിധ പദ്ധതികളിലേക്കുള്ള അപേക്ഷ,  ധനകാര്യസ്ഥാപനങ്ങളില്‍ നിന്ന് വായ്പ എടുക്കുന്നതിന്,  വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കുമാണ് പൊതുജനങ്ങളില്‍ നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ക്കുള്ള അപേക്ഷ ലഭിക്കുന്നത്. ലൈഫ് ഭവന പദ്ധതിക്കും സ്‌കൂള്‍, കോളജ് പ്രവേശനത്തിനുമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ക്കുള്ള അപേക്ഷകളില്‍ ജൂലൈ-ആഗസ്റ്റ് മാസങ്ങളില്‍ അഭൂതപൂര്‍വമായ വര്‍ധനയാണുണ്ടായത്.വര്‍ധിച്ച അപേക്ഷകളിന്മേല്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിന് തഹസില്‍ദാര്‍മാരും വില്ലേജ് ഓഫീസര്‍മാരും മറ്റ് ഉദ്യോഗസ്ഥരും ജോലി സമയത്തിനു പുറത്തും പൊതു അവധിദിനങ്ങളിലും തുടര്‍ച്ചയായി പ്രവര്‍ത്തിച്ചു. കോവിഡ്  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയോടൊപ്പം ശ്രമകരമായ ജോലിയിലൂടെയാണ് സര്‍ട്ടിഫിക്കറ്റുകള്‍ സമയബന്ധിതമായി അനുവദിക്കാന്‍ സാധിച്ചത്.

86792 വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ 41446 കൈവശ സര്‍ട്ടിഫിക്കറ്റുകള്‍ 18415 കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റുകള്‍, 10487 വണ്‍ ആന്‍ഡ് ദ സെയിം സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങി 23 ഇനം സര്‍ട്ടിഫിക്കറ്റുകളാണ് അനുവദിച്ചത്.