കോവിഡ് കേസുകള്‍ കുറയുമ്പോഴും ജാഗ്രത തുടരണം; മുഖ്യമന്ത്രി

post

തിരുവനന്തപുരം: കോവിഡ് കേസുകള്‍ കുറഞ്ഞു വരുന്ന പശ്ചാത്തലത്തിലും നമ്മുടെ ജാഗ്രത കൂടുതല്‍ ശക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ജനങ്ങളുടെ ഭാഗത്തു നിന്നുണ്ടാകേണ്ട പിന്തുണ നിര്‍ബാധം തുടരണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ഒരേസമയം ചികിത്സിയിലിരിക്കുന്ന രോഗികളുടെ എണ്ണം പരമാവധി വന്നത് ഒക്ടോബര്‍ 24നാണ്. 97,417 പേര്‍ ആ ദിവസം ചികിത്സയിലുണ്ടായിരുന്നു. അതിനു ശേഷം രോഗികളുടെ എണ്ണം ക്രമാനുഗതമായി കുറയുന്നതായാണ് കാണുന്നത്.

ഓരോ ദിവസത്തേയും കണക്ക് തൊട്ടുമുന്‍പുള്ള ആഴ്ചയിലെ അതതു ദിവസത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഒന്നു മുതല്‍ 10 ശതമാനം വരെ കുറവു കാണുന്നുണ്ട്. കഴിഞ്ഞ ദിവസത്തെ കണക്കുകള്‍ നോക്കിയാല്‍ കഴിഞ്ഞ ചൊവ്വാഴ്ചയിലെ ആക്റ്റീവ് കേസുകളേക്കാള്‍ 10 ശതമാനത്തോളം കുറവാണ്. ഇത്തരത്തിലുള്ള പ്രവണത ഇത്രയധികം ദിവസങ്ങള്‍ തുടര്‍ച്ചയായി കാണിക്കുന്നത് ആദ്യമായാണ്. ഈ കണക്കുകള്‍ കാണുമ്പോള്‍ രോഗം പതുക്കെ പിന്‍വലിയുകയാണോ എന്നൊരു തോന്നല്‍ വന്നേക്കാം. അതിന്റെ ഭാഗമായി മുന്‍കരുതകലുകളില്‍ വീഴ്ച വരുത്തരുത്. നിരവധി സ്ഥലങ്ങളില്‍ രോഗം ഒരു തവണ ഉച്ചസ്ഥായിയില്‍ എത്തിയതിനു ശേഷം ഇടവേള പിന്നിട്ട് വീണ്ടും ആദ്യത്തേക്കാള്‍ മോശമായ രീതിയില്‍ ഉയരുന്ന അനുഭവം ഉണ്ടായിട്ടുണ്ട്. അതുപോലൊരു സാഹചര്യമുടലെടുത്താല്‍ രോഗമേല്‍പ്പിക്കുന്ന ആഘാതം നിയന്ത്രണാതീതമായി വളരും.

കോവിഡ് മാറുന്ന ആളുകളില്‍ രോഗസമയത്ത് ഉടലെടുത്ത വിഷമതകള്‍ മരണകാരണമായേക്കാം. ചിലരില്‍ രക്തം കട്ടപിടിക്കുന്ന അവസ്ഥയുണ്ടാകാനോ, ഹൃദയാഘാതത്തിലേക്ക് നയിക്കാനോ സാധ്യതയുണ്ടാകാം. അല്ലെങ്കില്‍ രോഗവുമായി പൊരുതുന്നതിന്റെ ഭാഗമായി ചില അവയവങ്ങളുടെ ശേഷി കുറയുകയും മരണത്തിന് കാരണമായിത്തീരുകയും ചെയ്യും. അവയവങ്ങള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ കാരണമുണ്ടാകുന്ന അവശതകള്‍ ദീര്‍ഘകാലം നിലനില്‍ക്കുന്ന പോസ്റ്റ്‌കോവിഡ് സിന്‍ഡ്രോം എന്ന അവസ്ഥ ഒരു ശതമാനം ആളുകളിലും കാണുന്നുണ്ട്. അതിനാല്‍ മരണ നിരക്ക് കുറവാണെന്നു കരുതി രോഗത്തെ ആരും നിസ്സാരവല്‍ക്കരിക്കരുത്.

രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കാനും ബ്രേയ്ക്ക് ദ ചെയിന്‍ ക്യാമ്പയ്ന്‍ കരുതലോടെ മുന്നോട്ടു കൊണ്ടുപോകാനും ശ്രദ്ധിക്കണം. കോവിഡ് ബാധിച്ച ആളുകളുടെ എണ്ണത്തിന്റെ ഇരട്ടിയലധികം ആളുകളെ നമ്മുടെ മുന്‍കരുതലുകള്‍ കാരണം കോവിഡ് വരാതെ കാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. നമ്മള്‍ ഓരോരുത്തരും കാണിക്കുന്ന ജാഗ്രത നിരവധി മനുഷ്യരുടെ ജീവനാണ് സുരക്ഷിതമാക്കുന്നത്.

കോവിഡ് മുക്തി നേടിയവര്‍ക്കായി പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ് കോവിഡ് സിന്‍ഡ്രോം അവസ്ഥയുള്ളവരുടെ പരിശോധനകള്‍ക്കായുള്ള പ്രത്യേക സംവിധാനമാണിത്. എല്ലാ പ്രാഥമിക, സാമൂഹ്യ, കുടുംബ ആരോഗ്യകേന്ദ്രങ്ങളിലും വ്യാഴാഴ്ചകളില്‍ ഉച്ചയ്ക്ക് 12 മുതല്‍ രണ്ടുവരെയാണ് പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുക. താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും റഫറല്‍ ക്‌ളിനിക്കുകളും പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.