നാടന്‍ മാവുകള്‍ സംരക്ഷിക്കാന്‍ പദ്ധതിയുമായി കാര്‍ഷിക സര്‍വകലാശാല

post

നാടന്‍ ഇനങ്ങള്‍ വീട്ടുവളപ്പില്‍ ഉള്ളവര്‍ക്ക് ബന്ധപ്പെടാം

തിരുവനന്തപുരം : നാടന്‍ മാവുകള്‍ സംരക്ഷിക്കാന്‍ പദ്ധതിയുമായി കാര്‍ഷിക സര്‍വകലാശാല. നാടന്‍ മാവിനങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടിയിട്ടുള്ള ഗവേഷണ പരിപാടി കേരള കാര്‍ഷിക സര്‍വകലാശാലയുടെ സദാനന്ദപുരത്തുള്ള കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രത്തില്‍ നടപ്പിലാക്കുന്നു. സംരക്ഷണ പദ്ധതിയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന നാടന്‍ മാവിനങ്ങള്‍ വീട്ടുവളപ്പില്‍ ഉള്ള കര്‍ഷകര്‍ 8137840196 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണം.

പല നാടന്‍ മാവിനങ്ങള്‍ ഓര്‍മയാകുകയാണ്. ഇതില്‍ ശേഷിക്കുന്ന ചില ഇനങ്ങള്‍ ചില വീട്ടു വളപ്പുകളിലുണ്ട്. നമ്മുടെ ഭാവി തലമുറയ്ക്കായി ഇത്തരം മാവിനങ്ങള്‍ സംരക്ഷിക്കപ്പെടണം. കേരളത്തിലെ കാലാവസ്ഥയില്‍ നന്നായി വളരുന്ന നാടന്‍ മാവിനങ്ങള്‍ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു വളരാന്‍ ശേഷിയുള്ളവ കൂടിയാണ്.

മറ്റു പല സംസ്ഥാനങ്ങളെ അപേക്ഷിച്ച് നാടന്‍ മാവുകളുടെ ഒരു വൈവിധ്യം തന്നെ കേരളത്തില്‍ കാണാറുണ്ട്. കര്‍പ്പൂര വരിക്ക, താളി മാങ്ങ, കിളിച്ചുണ്ടന്‍ മാമ്പഴം, കസ്തൂരി മാങ്ങ, കര്‍പ്പൂരം, പോളച്ചിറ, നെടുങ്ങോലന്‍ മാങ്ങ, കോട്ടുകോണം മാങ്ങ, വെള്ളരി മാങ്ങ, മൂവാണ്ടന്‍ മാങ്ങ, തേമ്പാരു മാങ്ങ തുടങ്ങി നിരവധി നാടന്‍ ഇനങ്ങളാണ് കേരളത്തിലുള്ളത്.

കേരളത്തിലെ മാറുന്ന സാമൂഹ്യ പരിതസ്ഥിതിയിലും ഭൂവിനിയോഗത്താലും നിമിത്തം മാവ് കൃഷി കുറഞ്ഞു വരുന്നുണ്ട്. നാടന്‍ മാവിനങ്ങളുടെ വന്‍തോതിലുള്ള നാശത്തിന് ഇതു വഴിവയ്ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നാടന്‍ മാവിനങ്ങളുടെ സംരക്ഷണത്തിന് കാര്‍ഷിക സര്‍വകലാശാല മുന്നിട്ടിറങ്ങുന്നത്്.