തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍; മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളായി

post

പൊതുസ്ഥാപനങ്ങളുടെ വസ്തുവകകളിലോ കെട്ടിടങ്ങളിലോ തിരഞ്ഞെടുപ്പ് പരസ്യം പാടില്ല

പ്രചരണത്തിന് പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ മാത്രം

1. തിരഞ്ഞെടുപ്പ് പരസ്യം സ്ഥാപിക്കുന്നതിനോ പതിക്കുന്നതിനോ എഴുതുന്നതിനോ വരയ്ക്കുന്നതിനോ ചുമതലപ്പെടുത്തുന്ന വ്യക്തിയുടെ പേരും സ്ഥാപനപേരും പരസ്യത്തോടൊപ്പം ചേര്‍ക്കണം.

2. നിലവിലുള്ള നിയമങ്ങള്‍ അനുശാസിക്കുന്നതിന് വിരുദ്ധമായി പരസ്യം സ്ഥാപിക്കുവാനോ  പതിക്കുവാനോ എഴുതുവാനോ വരയ്ക്കുവാനോ പാടില്ല.

3. മറ്റൊരു രാഷ്ട്രീയ കക്ഷിയോ സ്ഥാനര്‍ഥിയോ നിയമാനുസൃതം സ്ഥാപിച്ചിട്ടുള്ള പരസ്യം വികൃതമാക്കുകയോ മലിനമാക്കുകയോ മറയ്ക്കുയോ ചെയ്യുന്ന രീതിയില്‍ തിരഞ്ഞെടുപ്പ് പരസ്യം സ്ഥാപിക്കുവാനോ പതിക്കുവാനോ എഴുതുവാനോ വരയ്ക്കുവാനോ പാടില്ല.

4. വ്യക്തികളെ അധിക്ഷേപിക്കുന്നതും അശ്ലീലകരവും അപകര്‍ത്തീപ്പെടുത്തുന്നതും പ്രകോപനപരമായതും മതവികാരം ഉണര്‍ത്തുന്നതും വ്രണപ്പെടുത്തുന്നതും കൊലപതകദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ബീഭത്സമായ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതുമായ  തിരഞ്ഞെടുപ്പ് പരസ്യം സ്ഥാപിക്കുവാനോ പതിക്കുവാനോ എഴുതുവാനോ വരയ്ക്കുവാനോ പാടില്ല.

5. വാഹന യാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും മാര്‍ഗ്ഗതടസം ഉണ്ടാകുന്നതോ മാര്‍ഗ്ഗതടസത്തിനു കാരണമാകുന്നതോ ആയ രീതിയിലോ വാഹനങ്ങള്‍  സുഗമമായി പോകുന്നതിന് തടസ്സമുണ്ടാകുന്നരീതിയിലോ തിരഞ്ഞെടുപ്പ് പരസ്യം സ്ഥാപിക്കുവാനോ പതിക്കുവാനോ എഴുതുവാനോ വരയ്ക്കുവാനോ പാടില്ല.

6.നടപ്പാതയിലും റോഡുകളുടെ വളവുകളിലും പാലങ്ങളിലും റോഡുകള്‍ക്ക് കുറുകെ ഗതാഗതതടസ്സം ഉണ്ടാക്കുന്ന രീതിയിലും പൊതുജനങ്ങള്‍ക്ക് ശല്യമോ അപകടമോ ഉണ്ടാകുന്ന  രീതിയില്‍ മറ്റേതെങ്കിലും സ്ഥലത്തും തിരഞ്ഞെടുപ്പ് പരസ്യം സ്ഥാപിക്കുവാന്‍ പാടില്ല. അതുപോലെ വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധ തിരിക്കുന്ന തരത്തിലുള്ള പരസ്യങ്ങളോ ഹോര്‍ഡിങ്ങുകളോ മേല്‍പ്പറഞ്ഞ സ്ഥലങ്ങളില്‍ സ്ഥാപിക്കാന്‍ പാടില്ല.

7. പൊതുജനങ്ങളുടെയോ മറ്റുവാഹനങ്ങളുടെയോ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാകുന്ന വിധത്തില്‍ തിരഞ്ഞെടുപ്പ് പരസ്യം വാഹനങ്ങളില്‍ സ്ഥാപിക്കുവാനോ പ്രദര്‍ശിപ്പിക്കുവാനോ പാടില്ല.

8.ബന്ധപ്പെട്ട അധികാരികളുടെ രേഖാമൂലമുള്ള മുന്‍കൂര്‍ അനുമതിയില്ലാതെ പൊതുസ്ഥാപനങ്ങളുടെ കെട്ടിടങ്ങളിലോ വസ്തുവകകളിലോ ഇലക്ട്രിക്ക് പോസ്റ്റുകളിലോ മൊബൈല്‍ ടവറുകളിലോ ടെലിഫോണ്‍ പോസ്റ്റുകളിലോ തിരഞ്ഞെടുപ്പ് പരസ്യം സ്ഥാപിക്കുവാനോ പതിക്കുവാനോ എഴുതുവാനോ വരയ്ക്കുവാനോ പാടില്ല.

9.തിരഞ്ഞെടുപ്പ് പരസ്യത്തിനായി സ്ഥാനാര്‍ഥികളും രാഷ്ട്രീയകക്ഷികളും പരസ്ഥിതി സൗഹ്യദവും മണ്ണില്‍ അലിഞ്ഞുചേരുന്നതും പുനചംക്രമണം ചെയ്യാന്‍ കഴിയുന്നതുമായ വസ്തുക്കള്‍ മാത്രമേ ഉപയോഗിക്കുവാന്‍ പാടുള്ളു.

10.തിരഞ്ഞെടുപ്പ് പരസ്യം സ്ഥാപിക്കുന്നതിനായി പ്ലാസ്റ്റിക് പേപ്പറുകള്‍, പ്ലാസ്റ്റിക് നൂലുകള്‍, പ്ലാസ്റ്റിക് റിബണുകള്‍ എന്നിവ ഉപയോഗിക്കുവാന്‍ പാടില്ല.

11. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും പ്ലാസ്റ്റിക്, പി.വി.സി തുടങ്ങിയ വസ്തുക്കള്‍ കൊണ്ട് ഉണ്ടാക്കിയ ബോര്‍ഡുകള്‍, ബാനറുകള്‍, കൊടിതോരണങ്ങള്‍ ഉപയോഗിക്കുവാന്‍ പാടില്ല.

12. തിരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗികാവശ്യങ്ങള്‍ക്കും കോട്ടണ്‍ തുണി, പേപ്പര്‍, പോളിഎത്തിലീന്‍ തുടങ്ങിയ പ്രകൃതി പരിസ്ഥിതി സൗഹര്‍ദ വസ്തുക്കളും , പുനചംക്രമണം ചെയ്യുവാന്‍ കഴിയുന്ന മറ്റു വസ്തുക്കളും എന്നിവ ഉപയോഗിക്കണം.

13. വോട്ടെടുപ്പിനുശേഷം പോളിങ് സ്റ്റേഷനുകളില്‍ അവശേഷിക്കുന്ന പേപ്പറുകളും മറ്റു വസ്തുക്കളും നീക്കം ചെയ്യുന്നതിനും അവ നശിപ്പിക്കുന്നതിനുമുള്ള നടപടി അതത് തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ സ്വീകരിക്കണം.

14. വിതരണ സ്വീകരണ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ വോട്ടെണ്ണലിനുശേഷം അവശേഷിക്കുന്ന പേപ്പറുകളും മറ്റു പാഴ് വസ്തുക്കളും നീക്കം ചെയ്യുന്നതിനും നശിപ്പിക്കുന്നതിനുമുള്ള നടപടി അതത് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍, മുനിസിപ്പല്‍ സെക്രട്ടറിമാര്‍, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിമാര്‍ എന്നിവര്‍ സ്വീകരിക്കണം.

15. പോളിങ് സ്റ്റേഷനുകളിലും വിതരണ സ്വീകരണ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും വോട്ടെടുപ്പ്, വോട്ടെണ്ണല്‍ ദിവസങ്ങളില്‍ പഴയതും ഉപയോഗ ശൂന്യമായതുമായ ജൈവ അജൈവ വസ്തുക്കള്‍ നിക്ഷേപിക്കുന്നതിന് ഓരോ ക്യാരി ബാഗുകള്‍ വീതം ലഭ്യമാക്കുന്നതിന് മേല്‍പ്പറഞ്ഞ സെക്രട്ടറിമാര്‍ നടപടി സ്വീകരിക്കണം.

16. മേല്‍പ്പറഞ്ഞ കേന്ദ്രങ്ങളില്‍ ഉപയോഗിച്ച ബയോ മെഡിക്കല്‍ വേ്സ്റ്റുകളില്‍ മാസ്‌ക്, ഗ്ലൗസ് എന്നിവ പ്രത്യേകം പ്രത്യേകം ശേഖരിച്ച് സംസ്‌ക്കരിക്കുന്നതിനായി യഥാക്രമം മഞ്ഞ, ചുവപ്പ്, എന്നീ നിറങ്ങളിലെ രണ്ടു ക്യാരി ബാഗുകള്‍ കൂടി മേല്‍പ്പറഞ്ഞ സെക്രട്ടറിമാര്‍ ലഭ്യമാക്കേണ്ടതും ശാസ്ത്രീയ രീതിയില്‍ സംസ്‌കരിക്കുന്നതിന് തുടര്‍നടപടി സ്വീകരിക്കേണ്ടതുമാണ്.

17.വോട്ടെടുപ്പ് അവസാനിച്ചാല്‍ ഉടന്‍ തന്നെ അതത് സ്ഥാനാര്‍ഥികളും രാഷ്ട്രീയ കക്ഷികളും  തിരഞ്ഞെടുപ്പ് പരസ്യം നീക്കം ചെയ്ത് നശിപ്പിക്കുകയോ പുനചംക്രമണം ചെയ്യുന്നതിന് ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് കൈമാറുകയോ ചെയ്യണം. ഇപ്രകാരം നീക്കം ചെയ്യുന്നില്ലെങ്കില്‍ വോട്ടെടുപ്പ് അവസാനിച്ച് അഞ്ച് ദിവസത്തിനുള്ളില്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറി പ്രസ്തുത പരസ്യം നീക്കം ചെയ്ത് നശിപ്പിക്കുന്നതിനോ പുനചംക്രമണം നടത്തുന്നതിന് ഏജന്‍സികള്‍ക്ക് കൈമാറുന്നതിനോ നടപടികള്‍ സ്വീകരിക്കേണ്ടതും ഇതിന്റെ ചെലവ് പരസ്യത്തിന്റെ ഗുണഭോക്താവായ സ്ഥാനര്‍ഥിയില്‍ നിന്നും ഈടാക്കണം.

18. പോളിങ് സ്റ്റേഷന്‍, വിതരണ സ്വീകരണ, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ എന്നീവയ്ക്കായി ഉപയോഗിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതു സ്വകാര്യ കെട്ടിടങ്ങളിലെ ചുമരുകളിലും പരസരത്തും ബോധവല്‍ക്കരണത്തിനായി കമ്മീഷന്റെ നിര്‍ദ്ദേശാനുസരണം പതിക്കുന്ന പോസ്റ്ററുകളും ബോര്‍ഡുകളും മറ്റും നീക്കം ചെയ്ത് വൃത്തിയാക്കുന്നതിന് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ ആവശ്യമായ നടപടി സ്വീകരിക്കണം. ഇക്കാര്യങ്ങള്‍ എല്ലാ സ്ഥാനാര്‍ത്ഥികളും വ്യക്തികളും രാഷ്ട്രീയ കക്ഷികളും പാലിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.