കോവിഡ് രോഗമുക്തര്‍ക്ക് ശ്വസന വ്യായാമം ചെയ്യാം

post

തിരുവനന്തപുരം: കോവിഡ് ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന അസുഖമായതിനാല്‍ രോഗമുക്തി നേടിയവര്‍ ഏറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. ശ്വസന വ്യായാമങ്ങള്‍ ചെയ്യുന്നത് ഏറെ ഗുണം ചെയ്യും. നിലവില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവരാണെങ്കില്‍ ശ്വസന വ്യായാമങ്ങളെ കൂടുതല്‍ ഗൗരവത്തോടെ സമീപിക്കുകയും വേണം.

ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിനുശേഷം ആരോഗ്യനില തൃപ്തികരമാണെങ്കില്‍ വ്യായാമ മുറകള്‍ ആരംഭിക്കാവുന്നതാണ്. നെഞ്ചുവേദന, കിതപ്പ്, ക്ഷീണം, തലകറക്കം, നേരിയ തലവേദന എന്നിവ അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ വ്യായാമം നിര്‍ത്തേണ്ടതാണ്. ഓരോ വ്യായാമത്തിനിടയിലും മതിയായ വിശ്രമം അത്യാവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.