'കരുതലോടെ ശരണയാത്ര' ആരോഗ്യ ബോധവത്ക്കരണ കാമ്പയിന്‍ വരുന്നു

post

പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലത്ത് കോവിഡ് 19 വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസ്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ 'കരുതലോടെ ശരണയാത്ര' എന്ന പേരില്‍ പ്രത്യേക ബോധവത്ക്കരണ കാമ്പയിന്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ. എല്‍. ഷീജ അറിയിച്ചു. 

കാമ്പയിന്റെ ഉദ്ഘാടനം നവംബര്‍ 13ന് രാവിലെ 11ന് കളക്ടറേറ്റില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ പി. ബി. നൂഹ് നിര്‍വഹിക്കും. 

ലോകത്തിന്റെ പല ഭാഗങ്ങളിലും, മറ്റ് സംസ്ഥാനങ്ങളിലും തീര്‍ഥാടനത്തോട് അനുബന്ധിച്ച് അതിതീവ്ര വ്യാപനം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതിനാല്‍ ഇത്തവണത്തെ ശബരിമല തീര്‍ഥാടന കാലം സുരക്ഷിതമായിരിക്കാന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. സംസ്ഥാനത്തിന് അകത്തു നിന്നും പുറത്തു നിന്നും ഉള്ള നിരവധി ആളുകള്‍ തീര്‍ഥാടനത്തിന് എത്തിച്ചേരുന്ന സ്ഥലമാണ് ശബരിമല. 

തീര്‍ഥാടന കാലത്ത് അനുവര്‍ത്തിക്കേണ്ട കോവിഡ് 19 മാനദണ്ഡങ്ങള്‍ പ്രചരിപ്പിച്ചു കൊണ്ട് രോഗവ്യാപനം തടയുക, മല കയറുമ്പോള്‍ ശ്രദ്ധിക്കേണ്ട ആരോഗ്യകരമായ ശീലങ്ങള്‍ തീര്‍ഥാടകരിലേക്ക് എത്തിച്ചുകൊണ്ട് ഹൃദയാഘാതം, ശ്വാസതടസം എന്നിവ മൂലമുള്ള അപകടങ്ങള്‍ കുറയ്ക്കുക, ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് ആരോഗ്യവകുപ്പ് നടപ്പാക്കുന്ന സംവിധാനങ്ങളെ കുറിച്ച് തീര്‍ഥാടകര്‍ക്ക് അവബോധം നല്‍കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നതെന്നും ഡിഎംഒ പറഞ്ഞു.