ബഹുസ്വരതയുടെ പ്രാധാന്യം ഉദ്ഘോഷിച്ച് കുട്ടികളുടെ പാര്‍ലമെന്റ് വേറിട്ട അനുഭവമായി കോവിഡ് കാലത്തെ ശിശുദിനാഘോഷം

post

കാസര്‍കോട് : കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വീടുകളില്‍ മാത്രമായി ബന്ധിക്കപ്പെട്ട കുരുന്നുകള്‍ക്ക് സാമൂഹിക ജിവിതത്തെ കുറിച്ച് പങ്കുവെക്കാനുള്ളത് വലിയ സ്വപ്നങ്ങള്‍. സമൂഹത്തില്‍ പുലരേണ്ട ബഹുസ്വരതയുടെ പ്രാധാന്യത്തെ കുറിച്ചായിരുന്നു ചാച്ചാജിയുടെ പിറന്നാളില്‍ കുട്ടികള്‍ക്ക് പറയാനുണ്ടായിരുന്നത്. ജില്ലാ ശിശുക്ഷേമ സമിതി ശിശുദിനാഘോഷത്തിന്റെ ഭാഗമായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച കുട്ടികളുടെ പാര്‍ലമെന്റാണ് വേറിട്ട അനുഭവമായത്. സമൂഹത്തിന്റെ ഭാവി കുരുന്നുകളുടെ കൈയില്‍ ഭദ്രമാണെന്ന പ്രതീക്ഷ നല്‍കുന്നതായിരുന്നു മാനവികതയിലൂന്നിയ പ്രഭാഷണങ്ങള്‍. മാനവികതയില്‍ അടിത്തറ പാകിയ ശാസ്ത്രീയ മനോഭാവമുള്ള ഇന്ത്യന്‍ സമൂഹത്തെയായിരുന്നു നെഹ്റു സ്വപ്നം കണ്ടതെന്ന് ഉദ്ഘാടനം ചെയ്ത കുട്ടികളുടെ പ്രധാനമന്ത്രി എടച്ചാക്കൈ എയുപി സ്‌കൂള്‍ നാലാം തരം വിദ്യാര്‍ത്ഥിനി ഫാത്തിമത്ത് നബീല പറഞ്ഞു. കുട്ടികളുടെ പ്രസിഡന്റ് ബേള ബിഎഎസ്ബിഎസിലെ പ്രിയ ക്രസ്റ്റ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു ശിശുദിന സന്ദേശം നല്‍കി. സമൂഹത്തിലേക്കിറങ്ങി പ്രവര്‍ത്തിക്കാനുള്ള ഊര്‍ജം പഠനത്തില്‍ നിന്നും സ്വായത്തമാക്കണമെന്നും സമാധാനപൂര്‍ണമായ പഠനം ഉറപ്പ് വരുത്താനും കുട്ടികളുടെ ക്ഷേമത്തിനും നിരവധി പദ്ധതികളാണ് ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്നതെന്നും കളക്ടര്‍ പറഞ്ഞു.

കുഞ്ഞു സഹോദരങ്ങള്‍ക്കെതിരേ നടക്കുന്ന പേടിപ്പെടുത്തുന്ന വാര്‍ത്തകള്‍ ഇല്ലാതാവുന്ന സാമൂഹിക അന്തരീക്ഷമാണ് ഉണ്ടാവേണ്ടതെന്നും രാജ്യത്ത് വിദ്യാഭ്യാസ മേഖലയില്‍ ഏറെ മുന്നിലുള്ള കേരളീയര്‍ ഒത്തൊരുമിച്ച് ഇത് സാധ്യാമാക്കാനുള്ള ശ്രമങ്ങള്‍ ഇനിയും തുടരേണ്ടതുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിയ കുട്ടികളുടെ സ്പീക്കര്‍ രാജപുരം ഹോളിഫാമിലി എഎല്‍പിഎസിലെ നാലാം തരം വിദ്യാര്‍ത്ഥിനി സാന്‍വിയ സിനോയ് പറഞ്ഞു. ഉദിനൂര്‍ സെന്‍ട്രല്‍ യുപി സ്‌കൂള്‍ ആറാം തരം വിദ്യാര്‍ത്ഥി നിരാമയ് സ്വാഗതവും വിദ്യാഗിരി എസ്എബിഎംപി യുപി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ടി അന്‍വിത നന്ദിയും പറഞ്ഞു. ശിശുദിന സ്റ്റാമ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ മൊട്ടൂസെന്ന വീഡിയോകളില്‍ പ്രശസ്തനായ മടിക്കൈ വിഎച്ച്എസ്എസിലെ രണ്ടാം തരം വിദ്യാര്‍ത്ഥി കെ വി ദേവരാജിന് കൈമാറി പ്രകാശനം ചെയ്തു. ശിശുദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ ശിശുക്ഷേമ സമിതി നടത്തിയ സാഹിത്യ രചനാപ്രസംഗ മത്സര വിജയികള്‍ക്ക് ജില്ലാ കളക്ടര്‍ സര്‍ട്ടിഫിക്കറ്റും ഉപഹാരവും വിതരണം ചെയ്തു. സിനിമാ താരം മഹിമ നമ്പ്യാര്‍, സംസ്ഥാന ശിശുക്ഷേമ സമിതി എക്സിക്യുട്ടീവ് മെംബര്‍ ഒ എം ബാലകൃഷ്ണന്‍ മാസ്റ്റര്‍, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ടി എം അബ്ദുല്‍ കരീം, ജോയിന്റ് സെക്രട്ടറി സൂരജ്, എക്സിക്യുട്ടീവ് അംഗം സതീശന്‍ കരിന്തളം, പി എം പ്രവീണ്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ അബ്ദുല്‍ ലത്തീഫ്്,  ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ എസ് സയന തുടങ്ങിയവര്‍ സംബന്ധിച്ചു.