ശബരിമല: ആരോഗ്യവകുപ്പിന്റെ ഒരുക്കങ്ങള്‍ അവലോകനം ചെയ്തു

post

പത്തനംതിട്ട: ശബരിമല മണ്ഡലമകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് ആരോഗ്യവകുപ്പ് ഒരുക്കുന്ന സേവനങ്ങള്‍ വിശകലനം ചെയ്യുന്നതിനായി ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍. എല്‍ സരിതയുടെ നേതൃത്വത്തില്‍ പമ്പ ഗവ. ആശുപത്രിയില്‍ അവലോകന യോഗം ചേര്‍ന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ. എല്‍. ഷീജ അധ്യക്ഷത വഹിച്ചു. ശബരിമല സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ. എം. ജെ. അജന്‍, സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി ജോയിന്റ് ഡയറക്ടര്‍ ഡോ. ബിജോയ്, സ്റ്റേറ്റ് അര്‍ബന്‍ ഹെല്‍ത്ത് മിഷന്‍  നോഡല്‍ ഓഫീസര്‍ ഡോ. ലതീഷ്, സ്റ്റേറ്റ് മാസ് മീഡിയ ഓഫീസര്‍ കെ.എന്‍. അജയ്, ശബരിമല  ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. ആര്‍. സന്തോഷ്‌കുമാര്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. സി. എസ്. നന്ദിനി, ഡെപ്യൂട്ടി ഡിഎംഒ ഡോ. രശ്മി, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ എ. സുനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തീര്‍ഥാടന കാലത്തെ പ്രവര്‍ത്തനങ്ങള്‍

നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നീ ആശുപത്രികളില്‍ 24 മണിക്കൂര്‍ കാഷ്വാലിറ്റി, ലാബ്, ഫാര്‍മസി സൗകര്യങ്ങള്‍, പമ്പയിലും സന്നിധാനത്തും വെന്റിലേറ്റര്‍ ഉള്‍പ്പെടെയുളള  ഐസിയു സൗകര്യങ്ങള്‍, പമ്പ, നിലയ്ക്കല്‍, സന്നിധാനം ആശുപത്രികളില്‍ ഡ്യൂട്ടി ഡോക്ടര്‍മാര്‍, പാരാ മെഡിക്കല്‍ സ്റ്റാഫ് എന്നിവരുടെ സേവനം, പമ്പ, നിലയ്ക്കല്‍, സന്നിധാനം ആശുപത്രികളില്‍ കാര്‍ഡിയോളജിസ്റ്റ്, ഓര്‍ത്തോ എന്നിവരുടെ സേവനം തുടങ്ങിയവ ലഭ്യമാക്കിയിട്ടുണ്ട്.

പമ്പ മുതല്‍ സന്നിധാനം വരെയുളള സ്വാമി അയ്യപ്പന്‍ റോഡില്‍ അഞ്ച് എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ സെന്ററുകള്‍, ഓക്‌സിജന്‍ സിലിണ്ടര്‍, നെബുലൈസര്‍ തുടങ്ങിയ ഉപകരണങ്ങളും, നഴ്‌സുമാരുടെ സേവനവും ആരോഗ്യവകുപ്പ് ലഭ്യമാക്കിയിട്ടുണ്ട്.

ചരല്‍മേട് ആശുപത്രിയില്‍ 24 മണിക്കൂര്‍ വൈദ്യസഹായം ലഭിക്കും. നിലക്കല്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പുലര്‍ച്ചെ മൂന്നു മുതല്‍ ഏഴ് വരെയും ഉച്ചയ്ക്ക് ഒന്നു മുതല്‍ അഞ്ച് വരെയും കോവിഡ് ടെസ്റ്റിനുളള വാക്കിംഗ് സ്‌ക്രീനിംഗ് കിയോസ്‌ക് (വിസ്‌ക്) സൗകര്യം, കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി മൂന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ശബരിമല, നിലയ്ക്കല്‍ എന്നിവിടങ്ങളിലായി ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ സേവനം എന്നിവ സജ്ജകരിച്ചിട്ടുണ്ട്.

നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ ആറ് ആംബുലന്‍സ്, ഇലവുങ്കല്‍, റാന്നി പെരുനാട് എന്നിവിടങ്ങളില്‍ ഒന്നു വീതവും, പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ നാല് ആംബുലന്‍സും, എരുമേലിയില്‍ രണ്ട് ആംബുലന്‍സും സജ്ജീകരിച്ചിട്ടുണ്ട്.

ശബരിമല സീസണില്‍ വിവിധ ആശുപത്രികളില്‍ ഡ്യൂട്ടിക്കായി ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരുടെയും, ഇതരസംസ്ഥാനത്തെ അയ്യപ്പഭക്തരായ ഡോക്ടര്‍മാരുടെയും സേവനം അഭ്യര്‍ഥിച്ചിട്ടുണ്ട്. പുഷ്പഗിരി മെഡിക്കല്‍ കോളേജ്, ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ നിന്നുളള ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാകും. തീര്‍ഥാടകരും, ജീവനക്കാരും, തൊഴിലാളികളും 24 മണിക്കൂറിനുളളില്‍ ടെസ്റ്റ് ചെയ്ത കോവിഡ്19 നെഗറ്റീവ് റിപ്പോര്‍ട്ട് കൊണ്ടുവരണം.

കോവിഡ് വ്യാപനം തടയുന്നതിനായി  തീര്‍ഥാടകര്‍ക്ക് അവബോധം നല്‍കുന്നതിനുളള കരുതലോടെ ശരണയാത്ര ക്യാമ്പയിന്റെ ഭാഗമായി വിവിധ ഭാഷകളിലുളള സന്ദേശങ്ങള്‍ അടങ്ങിയ ബോര്‍ഡുകള്‍, ബാനറുകള്‍ തുടങ്ങിയവ നിലയ്ക്കല്‍, പമ്പ, തീര്‍ഥാടന പാത എന്നിവിടങ്ങളില്‍ സ്ഥാപിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.