ശബരിമല പ്രസാദം ഇന്ത്യയില്‍ എവിടെയും തപാലില്‍ ലഭിക്കാന്‍ സംവിധാനം

post

പത്തനംതിട്ട :  ഇന്ത്യയില്‍ എവിടെയും ശബരിമല പ്രസാദം തപാലില്‍ ലഭിക്കുമെന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.എസ്. രാജേന്ദ്രപ്രസാദ് പറഞ്ഞു. മണ്ഡലമകരവിളക്ക് ഉത്സവത്തിന്റെ ഒന്നാം ദിവസം തന്നെ ആയിരം പ്രസാദം പോസ്റ്റല്‍ വകുപ്പിന് കൈമാറി.

മണ്ഡല, മകരവിളക്ക് തീര്‍ഥാടന കാലത്ത് കോവിഡ് കാരണം ശബരിമലയില്‍ ദര്‍ശനത്തിന് എത്താന്‍ കഴിയാത്ത ഭക്തര്‍ക്ക് വഴിപാട് പ്രസാദങ്ങള്‍ തപാലില്‍ എത്തിക്കാന്‍ ദേവസ്വം ബോര്‍ഡും തപാല്‍ വകുപ്പും ചേര്‍ന്ന് തയാറാക്കിയതാണ് തപാല്‍ പ്രസാദ വിതരണ പദ്ധതി.

ഇന്ത്യയില്‍ എവിടെയുള്ള ഭക്തര്‍ക്കും തൊട്ടടുത്ത തപാല്‍ ഓഫീസ് വഴി പ്രസാദം ബുക്ക് ചെയ്യാം. പണം അടച്ചാല്‍മൂന്നു ദിവസത്തിനുള്ളില്‍ പ്രസാദം തപാലില്‍ വീട്ടില്‍ എത്തിക്കുന്ന രീതിയിലാണ് ക്രമീകരണം. അരവണ, ആടിയ ശിഷ്ടം നെയ്യ്, വിഭൂതി പ്രസാദം, മഞ്ഞള്‍, കുങ്കുമ പ്രസാദം, അര്‍ച്ചന പ്രസാദം എന്നിവയാണ് പ്രസാദ കിറ്റില്‍ ഉണ്ടാവുക. 450 രൂപയാണ് വില. ബുക്ക് ചെയ്ത അത്രയും പ്രസാദം പമ്പാ ത്രിവേണി പോസ്റ്റോഫീസില്‍ ദേവസ്വം ബോര്‍ഡ് എത്തിച്ചു നല്‍കും. തപാല്‍ വകുപ്പാണ് പ്രസാദം വിതരണം ചെയ്യുക.

കോവിഡ് കാരണം കര്‍ശന നിയന്ത്രണങ്ങളോടെയാണ് തീര്‍ഥാടന കാലത്ത് സന്നിധാനത്തേക്ക് പ്രവേശനം. സാധാരണ ദിവസങ്ങളില്‍ 1000 പേര്‍, ശനി, ഞായര്‍ ദിവസങ്ങളില്‍ 2000 പേര്‍, മണ്ഡല പൂജ, മകരവിളക്ക് ദിവസങ്ങളില്‍ 5000 പേര്‍ എന്നിങ്ങനെയാണ് പ്രവേശനം. ഭക്തജനങ്ങള്‍ക്ക് ആവശ്യമായ അപ്പം അരവണ, മറ്റു പ്രസാദങ്ങള്‍ എന്നിവ എല്ലാം വിതരണത്തിന് സജ്ജമാണ്.

ഇത്തവണ ഭക്തര്‍ക്ക് നെയ്യഭിഷേകം നടത്തുന്നതിനുള്ള സൗകര്യമില്ല. എന്നാല്‍, ആചാരത്തിനു മുടക്കം വരാത്ത രീതിയില്‍ ദേവസ്വം ജീവനക്കാര്‍ ഭക്തര്‍ കൊണ്ടുവരുന്ന നെയ്‌ത്തേങ്ങ വാങ്ങി നെയ്യെടുത്ത് ശ്രീകോവിലില്‍ അഭിഷേകം ചെയ്യും. അഭിഷേകം ചെയ്തതിനു ശേഷം നെയ്യ് പ്രത്യേകം ക്രമീകരിച്ച കൗണ്ടറില്‍ ആടിയ ശിഷ്ടം നെയ്യായി വിതരണം ചെയ്യുമെന്നും എക്‌സിക്യൂട്ടീവ് ഓഫീസര്‍ പറഞ്ഞു.