സ്വപ്ന സാഫല്യം നേടി പ്രതാപ്

post

പത്തനംതിട്ട : 'എങ്ക അപ്പാവുടെ കനവ് നിറവേറിച്ച്, എല്ലാം മുടിഞ്ചത് അയ്യപ്പനാലേ' എന്നു പറഞ്ഞു ശരണം വിളിക്കുമ്പോള്‍ തമിഴ്‌നാട് തിരുവില്വാമല സ്വദേശി പ്രതാപിന്റെ കണ്ണുകളില്‍ സ്വപ്‌ന സാഫല്യത്തിന്റെ ആനന്ദാശ്രു. അച്ഛന്റെ ഇരുപത്തിമൂന്നു വര്‍ഷം മുന്‍പുള്ള ആഗ്രഹമാണ് അയ്യപ്പ ദര്‍ശനത്തിലൂടെ പ്രതാപ് നിറവേറ്റിയത്. ചൊവ്വാഴ്ച രാവിലെ ഒന്‍പതോടെയാണ് കൂട്ടുകാരനൊപ്പം പ്രതാപ് സന്നിധാനത്ത് എത്തിയത്.

 പ്രതാപ് ജനിച്ചപ്പോള്‍ അച്ഛന്‍ ആഗ്രഹിച്ചതാണ് മകനെ അയ്യപ്പദര്‍ശനം നടത്തണമെന്ന്. എന്നാല്‍, ജന്മനാലുള്ള ബുദ്ധിമുട്ടുമൂലം പ്രതാപിന് അധികം നടക്കുക പ്രയാസമായിരുന്നതിനാലും വലിയ തിരക്കിനെ ഭയമായിരുന്നതിനാലും ശബരിമല ദര്‍ശനം സാധ്യമായിരുന്നില്ല. നാട്ടിലെ പ്രധാന ഗുരുസ്വാമിയായ പ്രതാപിന്റെ അച്ഛന്‍ ആഗ്രഹം പൂര്‍ത്തീകരിക്കുന്നതിനു മുന്‍പ് മരിച്ചു പോയി. കോവിഡ് കാരണം ശബരിമലയില്‍ ആളുകള്‍ക്ക് നിയന്ത്രണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടക്കില്ലെന്നു വിചാരിച്ച പ്രതാപിന്റെ സ്വപ്നത്തിന് വീണ്ടും ചിറകുമുളച്ചത്. വെര്‍ച്ച്വല്‍ ക്യൂ ബുക്കിംഗ് തുടങ്ങുന്ന ദിവസം നോക്കി ആദ്യം തന്നെ ദര്‍ശനത്തിനുള്ള അനുമതി വാങ്ങി. അച്ഛന്റെ ആഗ്രഹവും തന്റെ ഏറെക്കാലത്തെ സ്വപ്നവും പൂര്‍ത്തീകരിച്ച് അയ്യപ്പന് നന്ദി പറഞ്ഞ് കൂട്ടുകാരനൊപ്പം പ്രതാപ് സന്നിധാനത്തുനിന്നും മനംനിറഞ്ഞ് മടങ്ങി