ശബരിമല തീര്‍ഥാടനം: കോവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം

post

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകര്‍, വിവിധ ജീവക്കാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. മലയറുന്നവര്‍ 24 മണിക്കൂറിനുള്ളിലുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം. മലകയറുന്നവര്‍ക്കായി നിലയ്ക്കലില്‍ ആരോഗ്യ വകുപ്പിന്റെയും ഡി.ഡി.ആര്‍.സിയുടെയും കോവിഡ് റാപ്പിഡ് ആന്റിജന്‍ പരിശോധനാ കേന്ദ്രങ്ങളുണ്ട്. ഇവിടെ 625 രൂപ അടച്ച് തീര്‍ഥാടകര്‍ക്ക് കോവിഡ് പരിശോധന നടത്താം.

രാത്രി 12 മുതല്‍ പുലര്‍ച്ചെ നാലു വരെയും ഉച്ചക്ക് ഒന്നു മുതല്‍ വൈകിട്ട് അഞ്ചു വരെയും ഇവിടെ പരിശോധനാ സൗകര്യം ലഭ്യമാണ്. തിരുവല്ല പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലും, തിരുവല്ല കെ.എസ്.ആര്‍.ടി.സിക്ക് എതിര്‍വശമുള്ള സ്ഥലത്തും കോവിഡ് പരിശോധനയ്ക്കുള്ള സ്റ്റെപ്പ് കിയോസ്‌ക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ജില്ലയില്‍ പന്തളം, കോഴഞ്ചേരി, മല്ലപ്പള്ളി ഉള്‍പ്പെടെ 15 സ്റ്റെപ്പ് കിയോസ്‌ക്കുകള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇവിടെ പണം അടച്ച് കോവിഡ് പരിശോധന നടത്താം.

ശബരിമലയിലേക്ക് എത്തുന്നവര്‍ ശാരിക അകലം, മാസ്‌ക്ക്, സാനിറ്റൈസര്‍ ഉപയോഗം എന്നിവ ഉറപ്പുവരുത്തണം.  ശാരീരിക അകലം പാലിക്കുകയും ഇടയ്ക്കിടെ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ ശുചീകരിക്കുകയും വേണം. മലകയറുമ്പോള്‍ ശ്വാസതടസം നേരിടുന്നവര്‍ക്ക് ഈ സമയം മാസ്‌ക്ക് ഉപയോഗം കുറയ്ക്കാം. മുഖത്ത് ആവശ്യമില്ലാതെ സ്പര്‍ശിക്കരുത്.

ശബരിമല ദര്‍ശനത്തിന് 24 മണിക്കൂറിനകമുള്ള റാപ്പിഡ് ആന്റിജന്‍ പരിശോധനാഫലം മതിയാകും. എന്നാല്‍, റാപ്പിഡ് ആന്റിജന്‍ പരിശോധനയിലൂടെ കോവിഡ് രോഗമുള്ള മുഴുവന്‍ ആളുകളെയും കണ്ടെത്താന്‍ കഴിയില്ല. ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവായതുകൊണ്ട്  അസുഖം ഇല്ല എന്ന് അര്‍ഥമില്ല. ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവായാലും രോഗവാഹകര്‍ ആയേക്കാം. ഈ പശ്ചാത്തലത്തില്‍ ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ് ആണ് എന്ന് കരുതി കോവിഡ് പ്രോട്ടോകോളില്‍ അലംഭാവം കാട്ടാന്‍ പാടില്ല.

മലകയറാന്‍ വരുന്നവര്‍ പനി, ചുമ, ജലദോഷം, ശ്വാസം മുട്ടല്‍ തുടങ്ങിയ രോഗലക്ഷണങ്ങള്‍ കാട്ടിയാല്‍ ആള്‍കൂട്ടവുമായി ഇടപഴകാതെ ഉടന്‍ ആരോഗ്യ വകുപ്പിന്റെ സഹായം തേടണം. കോവിഡ് വന്നുപോയ ആളുകളില്‍ പോസ്റ്റ് കോവിഡ് സിന്‍ഡ്രം എന്ന സ്ഥിതി ഉണ്ടാകാനിടയുണ്ട്. കോവിഡ് രോഗത്തിന് ശേഷം ഉണ്ടാകുന്ന മറ്റ് ആരോഗ്യ പ്രശ്നങ്ങളാണിത്. ഇത് ചില ആളുകളില്‍ ഗുരുതരമാകാറുണ്ട്. ഇത്തരം ആളുകളില്‍ ഹൃദയാഘാതം, പക്ഷാഘാതം, വിവിധ തരത്തിലുള്ള ശ്വാസകോശ രോഗങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. ഇത് സാധാരണ ഗതിയില്‍ പ്രത്യക്ഷമാകില്ലെങ്കിലും മലകയറുമ്പോള്‍ ഇത്തരം ആരോഗ്യ പ്രശ്നങ്ങള്‍ കൂടുതലായിട്ട് റിപ്പോര്‍ട്ട് ചെയ്യാനുള്ള സാധ്യതയുണ്ട്.

കോവിഡ് വന്ന്പോയ ആള്‍ക്ക് ശ്വാസംമുട്ടലോ, ഹൃദയാഘാതമോ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. അക്കാര്യം മനസിലാക്കി വളരെ സാവധാനത്തില്‍ മലകയറുക എന്നുള്ളത് പ്രധാനമാണ്. മലകയറുമ്പോള്‍ എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടാല്‍ നിശ്ചിത ഇടവേളകളിലായി ആരോഗ്യ വകുപ്പ് സജ്ജീകരിച്ചിരിക്കുന്ന എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ അടിയന്തിരമായി ഉപയോഗിക്കണം. എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളില്‍ ഫസ്റ്റ് എയിഡ് ചികില്‍സയ്ക്കും തുടര്‍ ചികില്‍സയ്ക്കുമുള്ള സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. ഒരു കാരണവശാലും എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുള്ളവര്‍ മലകയറാതിരിക്കുക എന്നതാണ് ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്നത്.

സ്ഥിരമായി മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്ന ആളുകള്‍ കൃത്യമായി മരുന്നുകള്‍ കഴിച്ചുകൊണ്ടു വേണം മലകയറാന്‍. മലയ്ക്ക് പോകുന്നു എന്ന് പറഞ്ഞ് ഒരു കാരണവശാലും മരുന്നുകള്‍ ഒഴിവാക്കാനോ, ഡോസ് കുറയ്ക്കാനോ പാടില്ല. മരുന്നുകള്‍ കൃത്യമായ ഇടവേളകളില്‍ ഡോക്ടര്‍മാര്‍ പറഞ്ഞത് അനുസരിച്ചു തന്നെ കൃത്യമായി കഴിച്ചുകൊണ്ടുവേണം ഇത്തരം ആളുകള്‍ മലകയറാന്‍. ആയാസപ്പെട്ട് മലകയറേണ്ട ആവശ്യമില്ല. വളരെ സാവധാനത്തില്‍ ശരീരത്തിന് ബുദ്ധിമുട്ട് ഇല്ലാത്തരീതിയില്‍ വേണം മലകയറ്റം നടത്താന്‍. എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടങ്കില്‍ ആരോഗ്യ സംവിധാനവുമായി ബന്ധപ്പെടാന്‍ മറക്കരുത്. ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളുടെയോ, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നീ ആശുപത്രികളുടേയോ സേവനം തേടണം. ഇവിടെ 24 മണിക്കൂറും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും സേവനവും അവശ്യ സജ്ജീകരണങ്ങളും ആരോഗ്യവകുപ്പ് ഉറപ്പാക്കിയിട്ടുണ്ട്.