വേമ്പനാട് കായലിലെ മത്സ്യസമ്പത്ത്: മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
ആലപ്പുഴ: വേമ്പനാട് കയലിലെ മത്സ്യ- കക്ക സമ്പത്ത് വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ഫിഷറീസ് വകുപ്പും മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തും ചേര്‍ന്നു നടപ്പാക്കുന്ന പദ്ധതിയുടെ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒന്‍പതാം വാര്‍ഡിലെ തീരപ്രദേശമായ വിരിശ്ശേരി ജെട്ടിക്ക് സമീപമുള്ള കായലില്‍ മത്സ്യസങ്കേതവും കക്കപുനരുജ്ജീവന സാങ്കേതവും പദ്ധതിയുടെ ഭാഗമായി നിക്ഷേപിച്ചു. മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സന്തോഷ് കുമാര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം വിലഞ്ചിത ഷാനവാസ്, വാര്‍ഡ് അംഗം സുധീര്‍, ഫിഷറീസ് ഉദ്യോഗസ്ഥ എസ്. മിനിമോള്‍, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനൊപ്പം കായലിലെ കറുത്ത കക്കയുടെ ഉത്പ്പാദനം വര്‍ദ്ധിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. മത്സ്യസങ്കേതങ്ങളുടെ സ്ഥാപനവും കറുത്ത കക്കയുടെ റിലേയിംഗ് ഉള്‍പ്പെടെ നടപ്പിലാക്കുന്നതിന്റെ ഭാഗമായി കക്ക സൊസൈറ്റികള്‍, ഉള്‍നാടന്‍ മത്സ്യതൊഴിലാളികള്‍, സഹകരണ സംഘങ്ങള്‍, സ്വയംസഹായ സംഘങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.