നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന്

post

തിരുവനന്തപുരം:  തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുവേണ്ടി സമര്‍പ്പിച്ചിട്ടുള്ള നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന് (നവംബര്‍ 20ന്) നടക്കും. സൂക്ഷ്മ പരിശോധനയുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കി.

ബന്ധപ്പെട്ട വരണാധികാരികളാണ് നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന നടത്തുക. നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനാ വേളയില്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം തിരഞ്ഞെടുപ്പ് ഏജന്റ്, നിര്‍ദ്ദേശകന്‍ എന്നിവര്‍ക്കു പുറമേ സ്ഥാനാര്‍ത്ഥി എഴുതി നല്‍കുന്ന ഒരാള്‍ക്കുകൂടി വരണാധികാരിയുടെ മുറിയിലേക്ക് പ്രവേശനം അനുവദിക്കും. സൂക്ഷ്മപരിശോധനാ സമയം എല്ലാ സ്ഥാനാര്‍ത്ഥികളുടേയും നാമനിര്‍ദ്ദേശപത്രികകള്‍ പരിശോധിക്കുന്നതിനുള്ള സൗകര്യം മേല്‍പ്പറഞ്ഞവര്‍ക്ക് ലഭിക്കും.

ഒരു സ്ഥാനാര്‍ത്ഥിയുടെ യോഗ്യതയോ അയോഗ്യതയോ നാമനിര്‍ദ്ദേശപത്രിക പരിശോധനയ്ക്കായി നിശ്ചയിച്ച ദിവസുമായി ബന്ധപ്പെടുത്തിയാണ് പരിശോധിക്കേണ്ടത്. എന്നാല്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്ന ദിവസം 21 വയസ്സ് പൂര്‍ത്തിയായിരിക്കണം. സൂക്ഷ്മപരിശോധനയ്ക്കുശേഷം സ്ഥാനാര്‍ത്ഥികളുടെ പട്ടിക അക്ഷരമാലാക്രമത്തില്‍ ഫാറം നമ്പര്‍ 4-ല്‍ തയ്യാറാക്കണം. വരണാധികാരിക്ക് ലഭിച്ചിട്ടുള്ള എല്ലാ നാമനിര്‍ദ്ദേശപത്രികകളും ഓരോന്നായി സൂക്ഷ്മപരിശോധന നടത്തേണ്ടതാണ്. ഒരു സ്ഥാനാര്‍ത്ഥിയോ അഥവാ സ്ഥാനാര്‍ത്ഥിക്കുവേണ്ടിയോ ഒന്നിലധികം നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചിട്ടുെണ്ടങ്കില്‍ അവയെല്ലാം ഒരുമിച്ചെടുത്തശേഷം സൂക്ഷ്മപരിശോധന നടത്തണം.

ഏതെങ്കിലും ഒരു നാമനിര്‍ദ്ദേശ പത്രികയില്‍ കാണുന്ന നിസ്സാര തെറ്റ്, അതായത് പട്ടികയിലെ പാര്‍ട്ട് നമ്പര്‍, ക്രമ നമ്പര്‍, സ്ഥാനാര്‍ത്ഥിയുടെ പേര്, വയസ്സ് എന്നിവ അവഗണിക്കേണ്ടതാണ്. ഒരു സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദ്ദേശപത്രിക സാധുവാണെന്ന് കണ്ടതിനാല്‍ അയാളെത്തന്നെ സംബന്ധിക്കുന്ന മറ്റു നാമനിര്‍ദ്ദേശപത്രികകള്‍ സൂക്ഷ്മപരിശോധന നടത്താതെ വിടാന്‍ പാടില്ല. ഒരു സ്ഥാനാര്‍ത്ഥി സമര്‍പ്പിച്ച എല്ലാ നാമനിര്‍ദ്ദേശപത്രികകളും തള്ളുകയാണെങ്കില്‍ അതിനുള്ള കാരണങ്ങള്‍ ഉടന്‍ തന്നെ രേഖപ്പെടുത്തി ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് നല്‍കും.

 ഏതെങ്കിലും ഒരു നാമനിര്‍ദ്ദേശപത്രിക സ്വീകരിച്ചിട്ടുണ്ടെങ്കില്‍ തള്ളിയ പത്രികകളെ സംബന്ധിച്ച് ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സ്ഥാനാര്‍ത്ഥി ആവശ്യപ്പെട്ടാല്‍ നല്‍കണം. സ്വീകരിക്കപ്പെട്ട നാമനിര്‍ദ്ദേശപത്രികളുടെ കാര്യത്തില്‍ അവ സ്വീകരിയ്ക്കാനിടയായ കാരണങ്ങള്‍     വരണാധികാരി വ്യക്തമാക്കണമെന്നില്ല. എന്നാല്‍ ഒരു നാമനിര്‍ദ്ദേശ പത്രിക സ്വീകരിപ്പെടുന്നതില്‍ ആക്ഷേപം ഉന്നയിച്ചിട്ടുള്ള സംഗതികളില്‍ പ്രസ്തുത ആക്ഷേപം നിരസിച്ചുകൊണ്ട് എന്തുകൊണ്ട് പത്രിക സ്വീകരിക്കപ്പെട്ടു എന്ന കാര്യം വരണാധികാരി വ്യക്തമാക്കണം.

നാമനിര്‍ദ്ദേശപത്രിക സൂക്ഷ്മപരിശോധന നടത്തുമ്പോള്‍ പ്രധാനപ്പെട്ട ഒരു അര്‍ദ്ധനീതി   ന്യായസ്വഭാവമുള്ള ചുമതലയാണ് വരണാധികാരി നിര്‍വ്വഹിക്കുന്നത്. അതിനാല്‍ വരണാധികാരി ഒരു നീതിപാലകന്റെ ഉയര്‍ന്ന മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ്  തീരുമാനമെടുക്കേണ്ടത്.     വ്യക്തിപരമോ രാഷ്ട്രീയമോ ആയ മാനസിക നിലപാട് വരണാധികാരിയുടെ നടപടികളെയോ തീരുമാനങ്ങളെയോ സ്വാധീനിക്കാന്‍ അനുവദിക്കരുത്. നിര്‍ഭയമായും നിഷ്പക്ഷമായും തീരുമാനമെടുക്കണം എന്നാണ് ബന്ധപ്പെട്ട നിയമങ്ങള്‍ അനുശാസിക്കുന്നത്.

ഏതെങ്കിലും നാമനിര്‍ദ്ദേശപത്രികയെക്കുറിച്ച് തടസ്സവാദം ഉന്നയിക്കപ്പെട്ടാല്‍ അതേപ്പറ്റി തീര്‍പ്പാക്കുന്നതിന് വരണാധികാരി ഒരു സംക്ഷിപ്ത അന്വേഷണം നടത്തേണ്ടതും ആ നാമനിര്‍ദ്ദേശപത്രിക പരിഗണിച്ച് സാധുവാണെന്നോ അല്ലെന്നോ ഉത്തരവാകേണ്ടതുമാണ്. ഓരോന്നിലും, പ്രത്യേകിച്ച് തടസ്സവാദമുന്നയിക്കപ്പെട്ടിട്ടില്ലെങ്കിലും നാമനിര്‍ദ്ദേശപത്രിക തള്ളുകയാണെങ്കില്‍ വരണാധികാരിയുടെ തീരുമാനം കാര്യകാരണസഹിതം ബോദ്ധ്യപ്പെടുത്തേണ്ടതാണെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.