2018 ലെ കേരള ശാസ്ത്ര സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

post

തിരുവനന്തപുരം : സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ 2018 ലെ കേരള ശാസ്ത്ര സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മലയാള സാഹിത്യത്തിലൂടെ ശാസ്ത്രവിഷയങ്ങളെ ജനകീയവത്ക്കരിക്കുന്നതില്‍ ഗണ്യമായ സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്. ബാലശാസ്ത്ര സാഹിത്യം, ജനപ്രിയശാസ്ത്രസാഹിത്യം, ശാസ്ത്ര പത്രപ്രവര്‍ത്തനം, എന്നീ വിഭാഗങ്ങളിലെ കൃതികളാണ് അവാര്‍ഡിന് അര്‍ഹമായത്. 50,000 രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം.
ബാലശാസ്ത്ര സാഹിത്യത്തിനുള്ള 2018-ലെ പുരസ്‌കാരത്തിന് പി. ഒ.  ചാക്കോ അര്‍ഹനായി. അദ്ദേഹത്തിന്റെ 'ചിന്നന്റെ മക്കള്‍' എന്ന പുസ്തകത്തിനാണ് അവാര്‍ഡ്. കോട്ടയം ജില്ലയിലെ നെടുമണി സെന്റ് അല്‍ഫോന്‍സാ യു.പി സ്‌കൂളിലെ പ്രധാന അധ്യാപകനായിരുന്നു അദ്ദേഹം. കോട്ടയം നെടുംകുന്നം സ്വദേശിയാണ്. ഗണിതം ബുക്‌സ്, നെടുംകുന്നം പ്രസിദ്ധീകരിച്ച പുസ്തകമാണിത്.രഞ്ജിത് ചിറ്റാടയും, മനു മുകുന്ദനും ചേര്‍ന്ന് രചിച്ച തൃശൂര്‍ സമത പ്രസിദ്ധീകരിച്ച 'ആമസോണ്‍: നരഭോജികള്‍ കാടേറുമ്പോള്‍' എന്ന പുസ്തകത്തിനാണ് ജനപ്രിയ ശാസ്ത്ര സാഹിത്യത്തിനുള്ള അവാര്‍ഡ്. തൃശൂര്‍ മറ്റം സ്വദേശിയും സൗണ്ട് എഞ്ചിനീയറിംഗ് ബിരുദദാരിയുമാണ് രഞ്ജിത് ചിറ്റാട. തൃശ്ശൂര്‍ ചൊവ്വല്ലൂര്‍ സ്വദേശിയായ മനു മുകുന്ദന്‍ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ബിരുദധാരിയാണ്.
ശാസ്ത്ര പത്രപ്രവര്‍ത്തന പുരസ്‌കാരത്തിന് നിഖില്‍ നാരായണന്‍ അര്‍ഹനായി. മാതൃഭൂമി, ഡി.സി ബുക്‌സ് എമര്‍ജിങ് കേരള മാസികകളില്‍ പ്രസിദ്ധീകരിച്ച വ്യത്യസ്ത ലേഖനങ്ങള്‍ക്കാണ് അവാര്‍ഡ്്. ബാംഗ്ലൂര്‍ കോഗ്നിസന്റ് കമ്പനിയില്‍ അസോസിയേറ്റ് ഡയറക്ടറാണ് നിഖില്‍ നാരായണന്‍.
ജനപ്രിയ ശാസ്ത്രസാഹിത്യം, ശാസ്ത്ര ഗ്രന്ഥത്തിന്റെ മലയാള വിവര്‍ത്തനം എന്നീ വിഭാഗങ്ങളില്‍ ഒരു കൃതിയും അവാര്‍ഡിന് അര്‍ഹമായില്ല.  പ്രൊഫ. സി. പി. അരവിന്ദാക്ഷന്‍  അധ്യക്ഷനായ അവാര്‍ഡ് നിര്‍ണയ സമിതിയാണ് അര്‍ഹരെ തെരഞ്ഞെടുത്തത്. ജനുവരി 25 ന് പാലക്കാട് യുവക്ഷേത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ നടക്കുന്ന മുപ്പത്തിരണ്ടാമതു കേരള ശാസ്ത്ര കോണ്‍ഗ്രസിന്റെ ഉദഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും