സംസ്ഥാന സ്‌കൂള്‍ കലോത്സവം: ലളിതവും ഹരിതച്ചട്ടമുറപ്പിച്ചുള്ള ഉത്സവമായി മാറണം

post

കാസര്‍കോട്:  ലളിതവും ഗംഭീരവുമായ ഹരിതച്ചട്ടമുറപ്പിച്ചുള്ള ഉത്സവമായി സംസ്ഥാന സ്‌കൂള്‍ കലോത്സവം മാറണമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. സംസ്ഥാന സ്‌കൂള്‍ കലോത്സവം അവലോകന യോഗം കാഞ്ഞങ്ങാട് സൂര്യ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

വേദികള്‍ തമ്മില്‍ ഹൈടെക് സംവിധാനമുണ്ടാകും. പ്രശ്‌നം എന്തുണ്ടെങ്കിലും നിമിഷ മാത്രയില്‍ പൊതുവിദ്യഭ്യാസ ഡയറക്ടറെ അറിയിക്കാനുള്ള സംവിധാനം ഒരുക്കും. പണക്കൊഴുപ്പിന്റെ മേളയല്ല സ്‌കൂള്‍ കലോത്സവമെന്നും മന്ത്രി പറഞ്ഞു. കേരളം കണ്ട ഏറ്റവും വലിയ കലോത്സവമായി കാഞ്ഞങ്ങാട് കലോത്സവം മാറണം.

റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യാതിഥിയായി.സംസ്ഥാന സ്‌കൂള്‍ കലോത്സവ ലോഗോ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ജില്ലാ കളക്ടര്‍ ഡോ.സി. സജിത് ബാബുവിന് നല്‍കി പ്രകാശനം ചെയ്തു.കണ്ണൂര്‍ സ്വദേശി പ്രജിത്താണ് ലോഗോ രൂപകല്പന ചെയ്തത്. ശുചിത്വമിഷന്‍ രൂപകല്പന ചെയ്ത കലോത്സവ തുണി സഞ്ചി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ഗൗരി വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് കൈമാറി.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, നഗരസഭ ചെയര്‍മാന്‍ വിവി രമേശന്‍, നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രൊഫ കെ പി ജയരാജന്‍, സബ് കളക്ടര്‍ അരുണ്‍ കെ വിജയന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ്, പൊതുവിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍, എസ് എസ് എ, കൈറ്റ്, ഡയറ്റ്, പോലീസ് പ്രതിനിധികള്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വകുപ്പുദ്യോഗസ്ഥര്‍, സംഘാടക സമിതി ചെയര്‍മാന്മാര്‍ കണ്‍വീനര്‍മാര്‍, മാധ്യമ പ്രവര്‍ത്തകര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ ബാബു സ്വാഗതവും ഹയര്‍സെക്കണ്ടറി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി എന്‍ ശിവന്‍ നന്ദിയും പറഞ്ഞു.