തിരഞ്ഞെടുപ്പ്: ബ്ലോക്ക് തല ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്കി

post

ഇടുക്കി : തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് വരണാധികാരി, ഉപ വരണാധികാരി, ക്ലര്‍ക്ക്  എന്നിവര്‍ക്കായി പരിശീലന ക്ലാസ് നടന്നു. ജില്ലാ കളക്ടര്‍ എച്ച്.ദിനേശന്റെ നേതൃത്വത്തില്‍  കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ്  തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങളുമായി ബന്ധപ്പെട്ട് ഉദ്യാഗസ്ഥര്‍ക്ക് പരിശീലന  ക്ലാസ് നല്കിയത്.  പോസ്റ്റല്‍ ബാലറ്റ് , ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉള്‍പ്പെടെ പോളിംഗ് സാധനങ്ങളുടെ  വിതരണം, തിരഞ്ഞെടുപ്പ് ചിഹ്നം അനുവദിക്കുന്നത് എന്നിവ സംബന്ധിച്ചാണ്   പരിശീലനം നല്കിയത്. ഇതോടൊപ്പം ഓരോ സ്ഥാനാര്‍ത്ഥിയ്ക്കും  ചിഹ്നം അനുവദിക്കുന്നതുമായി  ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ സംശയ നിവാരണവും നടന്നു. തിരഞ്ഞെടുപ്പ് സംബന്ധിച്ച് അതത് ദിനങ്ങളില്‍ ഓണ്‍ലൈനായും ഗൂഗിള്‍ഷീറ്റ് ഉള്‍പ്പെടെയുള്ള സാങ്കേതിക രീതിയിലും വിവരങ്ങള്‍ അപ്‌ഡേറ്റ്  ചെയ്യേണ്ടതു സംബന്ധിച്ചും ഉദ്യാഗസ്ഥര്‍ക്ക് വിശദീകരിച്ചു നല്കി. ബ്ലോക്ക്തല വരണാധികാരികള്‍ തങ്ങളുടെ പരിധിയിലുള്ള ഗ്രാമ പഞ്ചായത്ത്തല വരണാധികാരി, ഉപവരണാധികാരികളെ ചേര്‍ത്ത്  ഗ്രൂപ്പുകള്‍ രൂപീകരിച്ച് തിരഞ്ഞെടുപ്പ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്കിയും സംശയങ്ങള്‍  ദൂരീകരിച്ചും തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമമാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും ജില്ലാ കളക്ടര്‍ നല്കി. 

ബ്ലോക്ക് തല പരിശീലന ശേഷം  ജില്ലയിലെ ഗ്രാമ പഞ്ചായത്ത് വരണാധികാരികള്‍ക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴി ജില്ലാ കളക്ടര്‍ ഇലക്ഷന്‍ സംബന്ധിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. സബ് കളക്ടര്‍ പ്രേം കൃഷ്ണ, എ ഡി എം ആന്റണി സ്‌കറിയ, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ സാജന്‍ വി.കുര്യാക്കോസ്, ബ്ലോക്ക്തല വരണാധികാരികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.