പൊതുസ്ഥലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ എഴുത്തുകളും പ്രചരണ ബോര്‍ഡുകളും നീക്കം ചെയ്യണം

post

മലപ്പുറം: പൊതുസ്ഥലങ്ങളില്‍ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയപാര്‍ട്ടികളും സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകള്‍ നീക്കം ചെയ്യുകയും എഴുത്തുകള്‍ മായ്ക്കുകയും ചെയ്യണമെന്ന് സമിതി  ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ  അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന മാതൃകാ പെരുമാറ്റ ചട്ട ലംഘനങ്ങള്‍ പരിശോധിക്കുന്നതിനുള്ള സമിതി നിര്‍ദേശം നല്‍കി. മാതൃക പെരുമാറ്റചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. റോഡുകള്‍ കെട്ടിടങ്ങള്‍ എന്നിവ അടക്കമുളള പൊതു ഇടങ്ങളില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍, ബാനറുകള്‍, കൊടിതോരണങ്ങള്‍, നോട്ടീസുകള്‍, എഴുത്തുകള്‍ എന്നിവ  അതത് സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും നീക്കം ചെയ്യണം. നീക്കം ചെയ്യാത്തവ ആന്റി ഡിഫേസ്മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നീക്കം ചെയ്യും. ഇതിന്റെ ചെലവ് അതത് സ്ഥാനാര്‍ത്ഥിയുടെ തെരെഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തും. ഇങ്ങനെ ചെയ്യുമ്പോള്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ചെലവഴിക്കാവുന്ന പരമാവധി തുകയില്‍ കൂടുതലായാല്‍ അയോഗ്യതക്ക് കാരണമാവും. ആന്റി ഡിഫേസ്മെന്റ് നടപടികള്‍ക്ക് നേതൃത്വം വഹിക്കുന്നതിന് എല്ലാ റിട്ടേണിങ് ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജില്ലാ നോഡല്‍ ഓഫീസറായി പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെ.എസ് അഞ്ജുവിനെ ചുമതലപ്പെടുത്തി.