തദ്ദേശ പൊതു തെരഞ്ഞെടുപ്പ് പ്രചാരണം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തണം- ജില്ലാ കളക്ടര്‍

post



പത്തനംതിട്ട : തദ്ദേശ പൊതു തെരഞ്ഞെടുപ്പ് പ്രചാരണം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിച്ച് നടത്തണമെന്ന് ജില്ലാ കളക്ടറും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുമായ പി.ബി. നൂഹ് നിര്‍ദേശിച്ചു. കളക്ടറേറ്റില്‍ ചേര്‍ന്ന രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍.

 കുടുംബയോഗങ്ങള്‍, കണ്‍വന്‍ഷന്‍ തുടങ്ങിയ പ്രചാരണ പരിപാടികളില്‍ കോവിഡ് മാനദണ്ഡം പാലിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉറപ്പു വരുത്തണം. കുടുംബയോഗങ്ങള്‍ക്ക് പരമാവധി 20 പേര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ. ജാഥകള്‍, ആള്‍ക്കൂട്ടം, കലാശക്കൊട്ട് എന്നിവ ഒഴിവാക്കണം. വീടുകളില്‍ വോട്ട് അഭ്യര്‍ഥിച്ച് എത്തുന്ന സ്ഥാനാര്‍ഥികളും അണികളും കര്‍ശനമായും മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ജില്ലാ തലത്തില്‍ നല്‍കണം. കോവിഡ് മാനദണ്ഡങ്ങളുടെ വ്യാപകമായ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടികള്‍ ഉണ്ടാകുമെന്നും കളക്ടര്‍ പറഞ്ഞു.

മാതൃക തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍, സ്ഥാനാര്‍ഥികള്‍, പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നടത്തുന്നത് ഒഴിവാക്കണം. ഇത് നിരീക്ഷിക്കാന്‍ ജില്ല-താലൂക്ക്തല ആന്റി-ഡിഫേയ്സ്മെന്റ് സ്‌ക്വാഡ് പ്രവര്‍ത്തനം ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. അതേപോലെ തദ്ദേശ പൊതുതെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികളുടെ ചിത്രങ്ങളും സ്വകാര്യ ചിത്രങ്ങളും മറ്റും എഡിറ്റ് ചെയ്തും അശ്ലീലപദങ്ങള്‍ ഉപയോഗിച്ചുമുള്ള പരാമര്‍ശത്തോടെയും സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത് ഒഴിവാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം നടപടികള്‍ നിരീക്ഷിക്കാന്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചതായും അദ്ദേഹം അറിയിച്ചു. ഇക്കാര്യം വിശദമാക്കി സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക പ്രചാരണത്തിന് ജില്ലാ സൈബര്‍ പോലീസ് സ്റ്റേഷനെ  ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇത്തരം കുറ്റ കൃത്യങ്ങള്‍ക്ക് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തിലെ വകുപ്പുകള്‍ 66, 66(സി), 67, 67(എ), കൂടാതെ 120(ഒ) കേരള പോലീസ് ആക്ട് പ്രകാരവും, ഇന്ത്യന്‍ പോലീസ് ആക്ടിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരവും കേസെടുത്ത് നിയമനടപടികള്‍ കൈക്കൊള്ളും. ഇത്തരം കുറ്റകൃത്യങ്ങളില്‍ പെട്ടുപോകാതിരിക്കാന്‍ ജനങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ സൂക്ഷ്മതയോടെ ഉപയോഗിക്കണം. കൂടാതെ പോസ്റ്റല്‍ വോട്ടുകളുടെ നടപടിക്രമങ്ങള്‍ സംബന്ധിച്ച വിവരങ്ങളും കളക്ടര്‍ രാഷ്ട്രീയ കക്ഷികള്‍ക്ക് നല്‍കി.